പാകിസ്ഥാനെ വീണ്ടും പൊളിച്ചടക്കി; ഡോമിനേഷന്‍ തുടര്‍ന്ന് ഇന്ത്യ
Sports News
പാകിസ്ഥാനെ വീണ്ടും പൊളിച്ചടക്കി; ഡോമിനേഷന്‍ തുടര്‍ന്ന് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd September 2025, 12:10 am

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നില്‍ക്കെ 174 റണ്‍സ് നേടിക്കൊണ്ട് മറികടക്കുകയായിരുന്നു ഇന്ത്യ. തിലക് വര്‍മയും (19 പന്തില്‍ 30), ഹര്‍ദിക് പാണ്ഡ്യയുമാണ് (7 പന്തില്‍ 7) മെന്‍ ഇന്‍ ബ്ലൂവിനെ വിജയത്തിലെത്തിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും തുടക്കമാണ് അഭിഷേക് ഷര്‍മ നല്‍കിയത്. ആദ്യ ഓവറിനെത്തിയ ഷഹീന്‍ അഫ്രീദിയെ സിക്‌സര്‍ പറത്തിയാണ് അഭിഷേക് വരവറിയിച്ചത്. ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 28 പന്തില്‍ എട്ട് ഫോര്‍ അടക്കം 47 റണ്‍സിനാണ് ശുഭ്മന്‍ ഗില്‍ മടങ്ങിയത്. മാത്രമല്ല 100 റണ്‍സിന്റെ മിന്നും കൂട്ട്‌കെട്ട് നേടാന് അഭിഷേകിനും ഗില്ലിനും സാധിച്ചു.

ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ സൂര്യയെ ഹാരിസ് റൗഫ് പൂജ്യത്തിനാണ് പറഞ്ഞയച്ചത്. വെടിക്കെട്ട് ബാറ്റിങ്ങിനൊടുവില്‍ അഭിഷേകാണ് പിന്നീട് പുറത്തായത്. 39 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് താരം നേടിയത്. 189.74 എന്ന സ്‌ട്രൈക്ക് റേറ്റിലായികുന്നു അഭിയുടെ ബാറ്റിങ് അറ്റാക്ക്.

ഏറെ പ്രതീക്ഷയോടെ ഇറങ്ങിയങ്കിലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് മത്സരം ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. ഹാരിഫ് ഫൗഫിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം കൂടാരം കയറിയത്. 17 പന്തില്‍ 13 റണ്‍സായിരുന്നു താരം നേടിയത്.

പാകിസ്ഥാന് വേണ്ടി ബൗളിങ്ങില്‍ ഹാരിസ് റൗഫിന് പുറമെ അബ്രാര്‍ അഹമ്മദും ഫഹീം അഷ്‌റഫും ഓരോ വിക്കറ്റുകള്‍ നേടി മികവ് പുലര്‍ത്തി.

അതേസമയം പാകിസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനാണ്. 45 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറും അടക്കം 58 റണ്‍സ് നേടിയാണ് ഫര്‍ഹാന്‍ മടങ്ങിയത്. ശിവം ദുബെയുടെ പന്തിലാണ് ഫര്‍ഹാനെ ഇന്ത്യയ്ക്ക് തളക്കാന്‍ സാധിച്ചത്.

അവസാന ഘട്ടത്തില്‍ മഹമ്മദ് നവാസ് 21 റണ്‍സ് നേടിയെങ്കിലും റണ്‍ ഔട്ടില്‍ പുറത്തായി. പിന്നീട് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ 13 പന്തില്‍ 17 റണ്‍സും ഫഹീം അഷ്‌റഫ് 8 പന്തില്‍ 20 റണ്‍സും നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ ശിവം ദുബെ രണ്ട് വിക്കറ്റും ഹര്‍ദിക്ക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Asia Cup 2025: India VS Pakistan: India Won Against Pakistan by 6 Wicket