ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യ വിജയം പിടച്ചടക്കിയിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ യു.എ.ഇക്കെതിരെ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ എതിരാളികളെ വെറും 57 റണ്‍സിന് പുറത്താക്കുകയും 97 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയുമായിരുന്നു.
2.1 ഓവര്‍ പന്തെറിഞ്ഞ് വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, രാഹുല്‍ ചോപ്ര, ഹര്‍ഷിത് കൗശിക്, ഹൈദര്‍ അലി എന്നിവരുടെ വിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തമാക്കിയത്. ശിവം ദുബെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഭിഷേക് ശര്‍മ (16 പന്തില്‍ 30), ശുഭ്മന്‍ ഗില്‍ (ഒമ്പത് പന്തില്‍ പുറത്താകാതെ 20), സൂര്യകുമാര്‍ യാദവ് (രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്) എന്നിവരുടെ കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ സോഹൈബ് ഖാന്റെ വിക്കറ്റാണ് വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കിയത്. അഞ്ചാം ഓവറിലെ നാലാം പന്തില്‍ സോഹൈബ് ഖാനെ കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചായിരുന്നു സൂപ്പര്‍ സ്പിന്നറുടെ വിക്കറ്റ് നേട്ടം. അഞ്ച് പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചിരുന്നത്.
ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ ചക്രവര്‍ത്തി തന്റെ സ്ഥിരത ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ പത്താം മത്സരത്തിലാണ് ചക്രവര്‍ത്തി ഇന്ത്യയ്ക്കായി വിക്കറ്റ് വീഴ്ത്തുന്നത്.
3/25, 5/17, 2/54, 2/42, 3/23, 2/38, 5/24, 2/28, 5/24, 1/4 എന്നിങ്ങനെയാണ് ഒടുവിലെ പത്ത് മത്സരത്തില്‍ താരത്തിന്റെ പ്രകടനം.
അടുത്ത മൂന്ന് മത്സരത്തിലും ചുരുങ്ങിയത് ഒരു വിക്കറ്റെങ്കിലും നേടിയാല്‍ തുടര്‍ച്ചയായി ഏറ്റവുമധികം ടി-20 മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതെത്താനും വരുണ്‍ ചക്രവര്‍ത്തിക്ക് സാധിക്കും.
നിലവില്‍ തുടര്‍ച്ചയായ 13 അന്താരാഷ്ട്ര ടി-20കളില്‍ വിക്കറ്റ് വീഴ്ത്തിയ ഇടംകയ്യന്‍ സൂപ്പര്‍ പേസര്‍ ആശിഷ് നെഹ്‌റയുടെ പേരിലാണ് ഈ നേട്ടമുള്ളത്.
അതേസമയം, ഈ വിജയത്തോടെ ഗ്രൂപ്പ് എ-യില്‍ ഒന്നാമതെത്താനും ഇന്ത്യയ്ക്ക് സാധിച്ചു. +10.483 എന്ന ഗംഭീര നെറ്റ് റണ്‍ റേറ്റാണ് ഇന്ത്യയ്ക്കുള്ളത്.
ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനാണ് ഇനി സൂര്യയും സംഘവും കളത്തിലിറങ്ങുക. സെപ്റ്റംബര്‍ 14ന് നടക്കുന്ന മത്സരത്തിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്.
Content Highlight: Asia Cup 2025: IND vs UAE: Varun Chakravarthy picks wicket in 10 consecutive matches