| Thursday, 11th September 2025, 1:38 pm

ഗംഭീരമായി തോറ്റ ശേഷം വസീമിന് മനസിലായി, ഇന്ത്യ തന്നെ ഒന്നാം നമ്പര്‍ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ആദ്യ മത്സരത്തില്‍ ഗംഭീര വിജയവുമായി ഇന്ത്യ തങ്ങളുടെ 2025 ഏഷ്യാ കപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, 93 പന്ത് ശേഷിക്കെ നീലക്കുപ്പായക്കാര്‍ മറികടക്കുകയായിരുന്നു.

2.1 ഓവര്‍ പന്തെറിഞ്ഞ് വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, രാഹുല്‍ ചോപ്ര, ഹര്‍ഷിത് കൗശിക്, ഹൈദര്‍ അലി എന്നിവരുടെ വിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തമാക്കിയത്.

ശിവം ദുബെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഭിഷേക് ശര്‍മ (16 പന്തില്‍ 30), ശുഭ്മന്‍ ഗില്‍ (ഒമ്പത് പന്തില്‍ പുറത്താകാതെ 20), സൂര്യകുമാര്‍ യാദവ് (രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്) എന്നിവരുടെ കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ യു.എ.ഇ നായകന്‍ മുഹമ്മദ് വസീമിന്റെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മത്സരത്തിന് മുമ്പും ശേഷവുമുള്ള താരത്തിന്റെ പ്രസ്താവനകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

ഗ്രൂപ്പിലെ സൂപ്പര്‍ ടീമുകളെ അട്ടിമറിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നായിരുന്നു മുഹമ്മദ് വസീം മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നത്.

‘ഞങ്ങള്‍ക്ക് ഇന്ത്യയെയോ പാകിസ്ഥാനെയോ ഉറപ്പായും അട്ടിമറിക്കാന്‍ സാധിക്കും. ഞങ്ങള്‍ ഒമാനെ പരാജയപ്പെടുത്തും, ഒപ്പം ഇവരിലൊരാളെ (ഇന്ത്യ, പാകിസ്ഥാന്‍) തീര്‍ച്ചയായും പരാജയപ്പെടുത്തി സൂപ്പര്‍ ഫോറില്‍ പ്രവേശിക്കുകയും ചെയ്യും,’ എന്നായിരുന്നു വസീം പറഞ്ഞിരുന്നത്.

എന്നാല്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ വസീം ഇന്ത്യയെ പ്രശംസിക്കുകയായിരുന്നു. ഇന്ത്യ തങ്ങളുടെ പ്ലാന്‍ കൃത്യമായി നടപ്പിലാക്കിയെന്നും ഇക്കാരണത്താലാണ് ലോകത്തിലെ ഒന്നാം നമ്പര്‍ ടീം ആയത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഞങ്ങള്‍ ഒരു ബാറ്റിങ് ടീം എന്ന നിലയില്‍ മികച്ച രീതിയിലാണ് ആരംഭിച്ചത്. എന്നാല്‍ തുടര്‍ച്ചയായ വിക്കറ്റുകള്‍ വീണത് ഞങ്ങള്‍ക്ക് മത്സരം നഷ്ടപ്പെടുത്തി. അവര്‍ വളരെ മികച്ച ടീമാണ്, അവര്‍ മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു.

അവര്‍ ഓരോ ബാറ്റര്‍ക്കുമെതിരെ തങ്ങളുടെ പ്ലാന്‍ കൃത്യമായി തന്നെ നടപ്പിലാക്കി. ഇതുകൊണ്ടാണ് അവര്‍ ഒന്നാം നമ്പര്‍ ടീം ആയി മാറിയത്. ഒരു ടീം എന്ന നിലയില്‍ ഞങ്ങളുടെ തെറ്റില്‍ നിന്നും പഠിക്കുകയും തിരിച്ചുവരാന്‍ ശ്രമിക്കുകയും ചെയ്യും,’ യു.എ.ഇ നായകന്‍ പറഞ്ഞു.

ഇന്ത്യയോട് തോറ്റതോടെ യു.എ.ഇക്ക് പാകിസ്ഥാനെ അട്ടിമറിക്കാന്‍ സാധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഏഷ്യാ കപ്പിന് മുമ്പ് നടന്ന ട്രൈ നേഷന്‍ സീരീസില്‍ യു.എ.ഇ രണ്ട് തവണ പാകിസ്ഥാനെ നേരിടുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പില്‍ ഇതിന് മറുപടി നല്‍കാന്‍ വസീമിനും സംഘത്തിനും സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സെപ്റ്റംബര്‍ 15നാണ് യു.എ.ഇയുടെ അടുത്ത മത്സരം. സെപ്റ്റംബര്‍ 17ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പാകിസ്ഥാനെയും യു.എ.ഇ നേരിടും.

Content Highlight: Asia Cup 2025: IND vs UAE: Muhammad Waseem’s words are being discussed

We use cookies to give you the best possible experience. Learn more