വിജയത്തോടെയാണ് ഇന്ത്യ തങ്ങളുടെ ഏഷ്യാ കപ്പ് ക്യാമ്പെയ്‌നിന് തുടക്കമിട്ടത്. ഗ്രൂപ്പ് എ-യില്‍ കുഞ്ഞന്‍മാരായ യു.എ.ഇയ്‌ക്കെതിരെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ബൗളിങ് യൂണിറ്റിന്റെ കരുത്തില്‍ യു.എ.ഇയെ 57ന് പുറത്താക്കുകയും 93 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയുമായിരുന്നു.
2.1 ഓവര്‍ പന്തെറിഞ്ഞ് വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, രാഹുല്‍ ചോപ്ര, ഹര്‍ഷിത് കൗശിക്, ഹൈദര്‍ അലി എന്നിവരുടെ വിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തമാക്കിയത്. ശിവം ദുബെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഭിഷേക് ശര്‍മ (16 പന്തില്‍ 30), ശുഭ്മന്‍ ഗില്‍ (ഒമ്പത് പന്തില്‍ പുറത്താകാതെ 20), സൂര്യകുമാര്‍ യാദവ് (രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്) എന്നിവരുടെ കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.
എന്നാല്‍ മത്സരത്തില്‍ വിജയം സ്വന്തമാക്കുന്നതിന് മുമ്പ് ഇന്ത്യ മറ്റൊരു വിജയം സ്വന്തമാക്കുകയും തങ്ങളുടെ നിര്‍ഭാഗ്യത്തിന് അവസാനമിടുകയും ചെയ്തിരുന്നു. മറ്റൊന്നുമല്ല തുടര്‍ച്ചയായ ടോസ് നഷ്ടത്തിന്റെ നിര്‍ഭാഗ്യമാണ് ഇന്ത്യ അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ തുടര്‍ച്ചയായ 15 മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട ശേഷമാണ് ഒടുവില്‍ ടോസ് ഭാഗ്യം ഇന്ത്യയെ തുണയ്ക്കുന്നത്.
2025 ജനുവരി 28ന് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20യിലാണ് ഇന്ത്യ ഇതിന് മുമ്പ് അവസാനമായി ടോസ് വിജയിച്ചത്. അഞ്ച് ടി-20കളുടെ പരമ്പരയിലെ മൂന്നാം മത്സരമായിരുന്നു ഇത്.
ഈ മാച്ചില്‍ ഇംഗ്ലണ്ട് 26 റണ്‍സിന് വിജയിച്ചു. പരമ്പരയിലെ അടുത്ത രണ്ട് ടി-20യിലും ശേഷം നടന്ന ഈ പര്യടനത്തിലെ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യയെ ടോസ് ഭാഗ്യം തുണച്ചില്ല.
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയായിരുന്നു അടുത്തതായി വന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും സെമിയിലും ന്യൂസിലാന്‍ഡിനെതിരായ കിരീടപ്പോരാട്ടത്തിലും ഇന്ത്യ പരാജയമറിയാതെ വിജയിക്കുകയും കപ്പുയര്‍ത്തുകയും ചെയ്‌തെങ്കിലും ഒറ്റ മത്സരത്തില്‍ പോലും ടീമിനെ ടോസ് ഭാഗ്യം കടാക്ഷിച്ചിരുന്നില്ല.
ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ലീഡ്‌സിലും എഡ്ജ്ബാസ്റ്റണിലും ലോര്‍ഡ്‌സിലും ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് മാഞ്ചസ്റ്ററിലും ഓവലിലും ആ ഭാഗ്യമുണ്ടായില്ല.
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടോസ് പരാജയം കൂടിയായിരുന്നു ഇത്. എന്നാല്‍ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ടോസ് വിജയിച്ച് ഇന്ത്യ ആ നിര്‍ഭാഗ്യത്തിനും അവസാനമിട്ടിരിക്കുകയാണ്.