ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഹോങ് കോങ്. യാസിം മുര്‍ത്താസയെ ക്യാപ്റ്റനായി ചുമതലപ്പെടുത്തി 20 അംഗ സ്‌ക്വാഡാണ് ഹോങ് കോങ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍ താരം ബാബര്‍ ഹയാത്താണ് ടൂര്‍ണമെന്റില്‍ മുര്‍ത്താസയുടെ ഡെപ്യൂട്ടി.
ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ബി-യിലാണ് ഹോങ് കോങ് സ്ഥാനം പിടിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബി-യിലെ മറ്റ് ടീമുകള്‍.
ഏഷ്യാ കപ്പിന്റെ കഴിഞ്ഞ എഡിഷനില്‍ ടീം കളിച്ചിരുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മെന്‍സ് പ്രീമിയര്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയതോടെയാണ് ഹോങ് കോങ്ങിന് ഏകദിന ഫോര്‍മാറ്റില്‍ നടന്ന 2023 ഏഷ്യാ കപ്പില്‍ കളത്തിലിറങ്ങാന്‍ സാധിക്കാതെ പോയത്. 2022ലും ഹോങ് കോങ് ഏഷ്യാ കപ്പ് കളിച്ചിരുന്നില്ല.
2018ല്‍ ഏഷ്യാ കപ്പ് കളിച്ചെങ്കിലും ഒന്നും നേടാന്‍ ടീമിന് സാധിച്ചിരുന്നില്ല. ഇന്ത്യയും പാകിസ്ഥാനും അടങ്ങിയ ഗ്രൂപ്പ് എ-യിലായിരുന്നു ടീം ഇടം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരവും തോറ്റ് ഹോങ് കോങ് സൂപ്പര്‍ ഫോര്‍ കാണാതെ മടങ്ങി.
നിലവില്‍ ഐ.സി.സി റാങ്കിങ്ങില്‍ 24ാമതുള്ള ഹോങ് കോങ് ഇത്തവണ കരുത്തറിയിക്കാന്‍ തന്നെയാണ് ഏഷ്യാ കപ്പിനെത്തുന്നത്.
ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് ഹോങ് കോങ്ങിന് നേരിടാനുള്ളത്. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന മത്സരത്തിന് അബുദാബിയിലെ ഷെയ്ഖ് സയ്യദ് സ്റ്റേഡിയമാണ് വേദി.
സെപ്റ്റംബര്‍ 11ന് ബംഗ്ലാദേശിനെയും 15ന് ശ്രീലങ്കയെയും ഗ്രൂപ്പ് ഘട്ടത്തില്‍ ഹോങ് കോങ് നേരിടും.
ഏഷ്യാ കപ്പിനുള്ള ഹോങ് കോങ് സ്‌ക്വാഡ്
യാസിം മുര്‍ത്താസ (ക്യാപ്റ്റന്‍), ബാബര്‍ ഹയാത്ത് (വൈസ് ക്യാപ്റ്റന്‍) സീഷന്‍ അലി (വിക്കറ്റ് കീപ്പര്‍), ഷാഹിദ് വസീഫ് (വിക്കറ്റ് കീപ്പര്‍), നിയാസ്‌കത് ഖാന്‍ മുഹമ്മദ്, നസറുള്ള റാണ, മാര്‍ട്ടിന്‍ കോട്‌സിയ, അന്‍ഷുമാന്‍ രഥ്, കല്‍ഹന്‍ മാര്‍ക് ചല്ലു, ആയുഷ് ആശിഷ് ശുക്ല, മുഹമ്മദ് ഐസാസ് ഖാന്‍, ആതിഖ് ഉള്‍ റഹ്‌മാന്‍ ഇഖ്ബാല്‍, കിഞ്ചിത് ഷാ, ആദില്‍ മഹ്‌മൂദ്, ഹാറൂണ്‍ മുഹമ്മദ് അര്‍ഷാദ്, അലി ഹസന്‍, ഘന്‍സഫര്‍ മുഹമ്മദ്, മുഹമ്മദ് വാഹിദ്, അനസ് ഖാന്‍, ഇഷാന്‍ ഖാന്‍.
Content highlight: Asia Cup 2025: Hong Kong announced squad