ഡബിള്‍ ഡക്ക്! 'ഏഷ്യയിലെ ഏറ്റവും മികച്ച ടീമിന്' ലങ്കന്‍ ഷോക്ക്; പോരാട്ടം തുടങ്ങിയത് രക്തം ചിന്തി
Asia Cup
ഡബിള്‍ ഡക്ക്! 'ഏഷ്യയിലെ ഏറ്റവും മികച്ച ടീമിന്' ലങ്കന്‍ ഷോക്ക്; പോരാട്ടം തുടങ്ങിയത് രക്തം ചിന്തി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th September 2025, 8:51 pm

2025 ഏഷ്യാ കപ്പിലെ ബംഗ്ലാദേശ് – ശ്രീലങ്ക മത്സരത്തില്‍ ബംഗ്ലാ കടുവകള്‍ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണര്‍മാര്‍ രണ്ട് പേരെയും പൂജ്യത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്.

ആദ്യ ഓവറിലെ അവസാന പന്തിലാണ് തന്‍സിദ് ഹസന്‍ പുറത്തായത്. നുവാന്‍ തുഷാരയുടെ പന്തില്‍ ബൗള്‍ഡായിട്ടാണ് ഹസന്‍ പുറത്തായത്.

രണ്ടാം ഓവറിലെ നാലാം പന്തില്‍ പര്‍വേസ് ഹൊസൈന്‍ എമോണും മടങ്ങി. ദുഷ്മന്ത ചരീമയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

രണ്ടാം വിക്കറ്റ് വീഴുമ്പോള്‍ ബംഗ്ലാദേശ് സ്‌കോര്‍ ബോര്‍ഡില്‍ ഒറ്റ റണ്‍സ് പോലും പിറന്നിരുന്നില്ല.

ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസും സൂപ്പര്‍ താരം തൗഹിദ് ഹൃദോയ് യും ക്രീസിലെത്തിയപ്പോള്‍ ‘ഏഷ്യയിലെ ഏറ്റവും മികച്ച ടീമിന്റെ’ ആരാധകര്‍ ആവേശത്തിലായി. എന്നാല്‍ ഇവര്‍ ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുമെന്ന പ്രതീക്ഷ ഇല്ലാതാക്കി ഹൃദോയ്‌യെയും ബംഗ്ലാദേശിന് നഷ്ടപ്പെട്ടു.

അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ റണ്‍ ഔട്ടായാണ് തൗഹിദ് ഹൃദോയ് പുറത്തായത്. ഒമ്പത് പന്തില്‍ വെറും എട്ട് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. കാമില്‍ മിശ്രയാണ് ഈ റണ്‍ ഔട്ടിന് വഴിയൊരുക്കിയത്.

നിലവില്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30 എന്ന നിലയിലാണ് ബംഗ്ലാദേശ്. 15 പന്തില്‍ 18 റണ്‍സുമായി ലിട്ടണ്‍ ദാസും രണ്ട് പന്തില്‍ നാല് റണ്‍സുമായി മഹെദി ഹസനുമാണ് ക്രീസില്‍.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

തന്‍സിദ് ഹസന്‍, പര്‍വേസ് ഹൊസൈന്‍ എമോണ്‍, ലിട്ടണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, മഹെദി ഹസന്‍, ജാക്കിര്‍ അലി, ഷമീം ഹൊസൈന്‍, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാഖിബ്, ഷോരിഫുള്‍ ഇസ്‌ലാം, മുസ്തഫിസുര്‍ റഹ്‌മാന്‍.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കാമില്‍ മിശ്ര, കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദാസുന്‍ ഷണക, കാമിന്ദു മെന്‍ഡിസ്, വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, മതീശ പതിരാന, നുവാന്‍ തുഷാര.

 

Content Highlight: Asia Cup 2025: BAN vs SL: Bangladesh lost 2 wickets in 0