ഇന്ത്യന്‍ ചരിത്രത്തിലാദ്യം! ഇതിഹാസങ്ങളുടെ ഇതിഹാസമാകാന്‍ ഇവന് വേണ്ടത് വെറും ഒറ്റ വിക്കറ്റ്
Asia Cup
ഇന്ത്യന്‍ ചരിത്രത്തിലാദ്യം! ഇതിഹാസങ്ങളുടെ ഇതിഹാസമാകാന്‍ ഇവന് വേണ്ടത് വെറും ഒറ്റ വിക്കറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th September 2025, 10:23 pm

ഏഷ്യാ കപ്പിനുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി നാല് ദിവസങ്ങള്‍ മാത്രം. 2023ല്‍ നേടിയ കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ഇന്ത്യയ്ക്ക് തന്നെയാണ് ഇത്തവണയും കിരീടസാധ്യത കല്‍പിക്കുന്നത്.

സൂര്യകുമാര്‍ യാദവിന് കീഴില്‍ ഒമ്പതാം ഏഷ്യാ കപ്പാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന് പോന്ന താരങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ സ്‌ക്വാഡിലുള്ളത്.

 

സൂപ്പര്‍ താരം അര്‍ഷ്ദീപ് സിങ്ങും ബുംറയുമാണ് ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നത്. വലംകയ്യന്‍ പേസര്‍ ബുംറയും ഇടംകയ്യന്‍ പേസര്‍ ബുംറയും ഏതൊരു ടീമിന്റെയും ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കാന്‍ പോന്നതാണ്.

ഈ ടൂര്‍ണമെന്റില്‍ അര്‍ഷ്ദീപിനെ ഒരു ചരിത്ര നേട്ടമാണ് കാത്തിരിക്കുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും ഒറ്റ വിക്കറ്റും!

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്കായി 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് അര്‍ഷ്ദീപിന് മുമ്പിലുള്ളത്.

കരിയറിലെ 63 ഇന്നിങ്‌സില്‍ നിന്നും 99 വിക്കറ്റുകളാണ് നിലവില്‍ അര്‍ഷ്ദീപിന്റെ പേരിലുള്ളത്. 18.30 ശരാശരിയിലും 13.23 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. രണ്ട് തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം 2024 ലോകകപ്പില്‍ യു.എസ്.എയ്‌ക്കെതിരെ നേടിയ 4/9 ആണ്.

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

അര്‍ഷ്ദീപ് സിങ് – 63 – 99

യൂസ്വേന്ദ്ര ചഹല്‍ – 79 – 96

ഹര്‍ദിക് പാണ്ഡ്യ – 102 – 94

ഭുവനേശ്വര്‍ കുമാര്‍ – 86 – 90

ജസ്പ്രീത് ബുംറ – 69 – 89

ഈ ഏഷ്യാ കപ്പില്‍ തന്നെ ഹര്‍ദിക് പാണ്ഡ്യയ്ക്കും ജസ്പ്രീത് ബുംറയ്ക്കും നൂറ് വിക്കറ്റ് നേടാനുള്ള അവസരവും മുമ്പിലുണ്ട്.

ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്. പതിവ് തെറ്റിക്കാതെ പാകിസ്ഥാനും ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്ക്കൊപ്പമുണ്ട്. യു.എ.ഇയും ഒമാനുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

 

Content Highlight: Asia Cup 2025: Arshdeep Singh need one wicket to complete 100 T20I wickets