ഉര്‍വശിക്ക് നല്‍കേണ്ടത് മികച്ച നടിക്കുള്ള അവാര്‍ഡ്; എല്ലാ വര്‍ഷവും വിവാദമുണ്ടാകും: അശോകന്‍
Malayalam Cinema
ഉര്‍വശിക്ക് നല്‍കേണ്ടത് മികച്ച നടിക്കുള്ള അവാര്‍ഡ്; എല്ലാ വര്‍ഷവും വിവാദമുണ്ടാകും: അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th August 2025, 11:28 am

കഴിഞ്ഞ ദിവസം എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് റാണി മുഖര്‍ജി ആയിരുന്നു.

നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടത് വിക്രാന്ത് മാസിയും ഷാരൂഖ് ഖാനുമാണ്. മലയാളത്തിന് അഭിമാനമായി മികച്ച സഹനടിയായി ഉര്‍വശിയും സഹനടനായി വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടു.

പിന്നാലെ മികച്ച നടിയായി പ്രഖ്യാപിക്കാമായിരുന്ന ഉര്‍വശിയെ സഹനടിയാക്കിയതില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ട് പേര്‍ക്ക് പങ്കുവെക്കാമെന്നിരിക്കെ താന്‍ എങ്ങനെ സഹനടിയായി എന്ന ചോദ്യം തന്നെ സ്നേഹിക്കുന്നവര്‍ ചോദിക്കുന്നുണ്ടെന്ന് ഉര്‍വശിയും പറഞ്ഞിരുന്നു.

ഇപ്പോള്‍ ഉര്‍വശി പറഞ്ഞത് ശരിയാണെന്നും ഉര്‍വശിയെ പോലൊരു നടിക്ക് ഒരിക്കലും മികച്ച സഹനടിക്കുള്ള പുരസ്‌കാരമല്ല നല്‍കേണ്ടതെന്നും പറയുകയാണ് നടന്‍ അശോകന്‍. സില്ലിമോങ്ക്‌സ് മോളിവുഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഷണല്‍ അവാര്‍ഡുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും വിവാദങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പറയുന്ന അശോകന്‍ മികച്ച നടന്‍ – മികച്ച സഹനടന്‍, മികച്ച നടി – മികച്ച സഹനടി എന്നൊക്കെ പറയുമ്പോഴുള്ള വ്യത്യാസം എന്താണെന്നും ചോദിച്ചു.

‘എന്തുതന്നെ ആണെങ്കിലും അഭിനയം ഒന്നുതന്നെയല്ലേ. ആ കഥാപാത്രത്തിന് നല്ല ശക്തി വേണം, നല്ല സബ്‌ജെക്ടുമായിരിക്കണം. ഒരു കഥാപാത്രത്തിന് അവാര്‍ഡ് കൊടുക്കണമെങ്കില്‍ അതിന് ചില മാനദണ്ഡങ്ങളുണ്ടെന്ന് അവര്‍ പറയുന്നുണ്ട്.

സമൂഹത്തിന് വേണ്ടി എന്തെങ്കിലും നന്മ ചെയ്യുന്ന രീതിയിലുള്ള കഥാപാത്രമായിരിക്കണം എന്നൊക്കെ പറയാറുണ്ട്. ഇന്ന് അതില്‍ വ്യത്യാസമുണ്ടാകും, എനിക്ക് അറിയില്ല. മുമ്പ് ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു. ഇവിടെ ഉര്‍വശിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടേണ്ടതായിരുന്നു,’ അശോകന്‍ പറയുന്നു.

ഉര്‍വശിക്ക് മികച്ച നടിക്കുള്ള അവാര്‍ഡിന് പകരം സഹനടിക്കുള്ള അവാര്‍ഡ് കിട്ടിയതിന് പിന്നാലെ നിരവധി ആളുകള്‍ രോഷവുമായി എത്തിയിരുന്നു. എന്നാല്‍ മുമ്പ് അച്ചുവിന്റെ അമ്മ എന്ന സിനിമയുടെ കാര്യത്തിലും ഇതുതന്നെയാണ് തനിക്ക് സംഭവിച്ചതെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. അച്ചുവിന്റെ അമ്മയിലെ പ്രകടനത്തിനും മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ഉര്‍വശിക്ക് ലഭിച്ചത്.


Content Highlight: Ashokan Talks About Urvashi And National Award