മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അശോകന്‍. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ പി. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് അശോകന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചിരുന്നു. ഇപ്പോള്‍ പണ്ടത്തെ സിനിമാ വിമര്‍ശകരെ കുറിച്ച് പറയുകയാണ് അദ്ദേഹം.
തന്റെ ഏറ്റവും പുതിയ ധീരന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘പണ്ടൊക്കെ അഭിനേതാക്കളും ടെക്‌നീഷ്യന്‍സും പ്രൊഡ്യൂസര്‍മാരുമെല്ലാം വളരെ ക്യൂരിയോസിറ്റിയോടെ കണ്ടിരുന്ന കുറേ വിമര്‍ശകര്‍ ഉണ്ടായിരുന്നു. നിരൂപകരാണ് ഇവര്‍. എന്റെ ഓര്‍മയില്‍ ഉള്ള പേരുകള്‍ മംഗലശ്ശേരി, സിനിക് വാസുദേവന്‍, കോഴിക്കോടന്‍ എന്നിവരാണ്.
അന്ന് പിന്നെ ഇന്നത്തെ പോലെയുള്ള ഓണ്‍ലൈന്‍ ചാനലുകളൊന്നും ഉണ്ടായിരുന്നില്ലല്ലോ. പത്രങ്ങളും സിനിമാ മാസികകളും മാത്രമായിരുന്നു പണ്ട് ഉണ്ടായിരുന്നത്. അതിലൂടെയാണ് അവര്‍ സിനിമയെ കുറിച്ച് എഴുതുക.
ചിലപ്പോഴൊക്കെ അവര്‍ പച്ചയായി തന്നെ എഴുതാറുണ്ട്. ‘നിങ്ങള്‍ക്ക് വേറെ ജോലിയില്ലേ. വേറെ പണി വല്ലതും നോക്ക്’ എന്നൊക്കെ എഴുതും. ‘പ്രൊഡ്യൂസറിനെ വേണം ആദ്യം പറയാന്‍’ എന്നൊക്കെ എഴുതുന്നവരുണ്ട്.
അത് മിക്കവര്‍ക്കും ഭയമായിരുന്നു. അവരില്‍ നിന്നൊക്കെ ഒരു നല്ല അഭിപ്രായം കിട്ടിയാല്‍ പിന്നെ നമുക്ക് ലോട്ടറി അടിച്ചത് പോലെയാണ്,’ അശോകന്‍ പറയുന്നു.
Content Highlight: Ashokan Talks About Film Critics