ഇന്നും ഞാന്‍ സിനിമയില്‍ ഇങ്ങനെ കടിച്ചുകൂടി നില്‍ക്കാന്‍ കാരണമുണ്ട്: അശോകന്‍
Malayalam Cinema
ഇന്നും ഞാന്‍ സിനിമയില്‍ ഇങ്ങനെ കടിച്ചുകൂടി നില്‍ക്കാന്‍ കാരണമുണ്ട്: അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th July 2025, 7:56 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അശോകന്‍. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ പി. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് അശോകന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചിരുന്നു. ഇപ്പോള്‍ മിക്ക സെറ്റില്‍ പോകുമ്പോഴും അവിടെയുള്ളവര്‍ പണ്ടത്തെ അനുഭവങ്ങള്‍ ചോദിക്കാറുണ്ടെന്ന് പറയുകയാണ് നടന്‍.

അത് താന്‍ എന്‍ജോയ് ചെയ്യാറുണ്ടെന്നും അങ്ങനെ ആളുകള്‍ ചോദിക്കുന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. അപൂര്‍വ്വ പുത്രന്മാര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അശോകന്‍.

‘ഓരോ സെറ്റില്‍ പോകുമ്പോഴും അവിടെയുള്ള ആളുകള്‍ പണ്ടത്തെ കഥകള്‍ ചോദിച്ച് അറിയാറുണ്ട്. ഞാന് അത് തീര്‍ച്ചയായും എന്‍ജോയ് ചെയ്യാറുണ്ട്. നമുക്ക് വളരെ സന്തോഷം തരുന്ന കാര്യമല്ലേ അത്. നമുക്ക് കിട്ടുന്ന അപ്രീസിയേഷനാണ് അത്.

അതുകൊണ്ട് തന്നെ ആളുകള്‍ പണ്ടത്തെ അനുഭവങ്ങളൊക്കെ ചോദിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. നമുക്ക് പുതിയ അഭിനേതാക്കളുമായും ടെക്‌നീഷ്യന്‍സായും വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് വലിയ കാര്യമല്ലേ.

അവരൊക്കെ പഴയ സിനിമകളെ കുറിച്ച് ഓര്‍ക്കുന്നത് കൊണ്ടാണല്ലോ ചോദിക്കുന്നത്. അത് അവരൊക്കെ എന്‍ജോയ് ചെയ്യുന്നുമുണ്ട്. ഞങ്ങളൊക്കെ പണ്ട് ചെയ്തിട്ടുള്ള കഥാപാത്രങ്ങളെ കുറിച്ച് എല്ലാ സെറ്റിലും ആരെങ്കിലുമൊക്കെ സംസാരിക്കും.

അഭിനേതാവ് എന്ന നിലയില്‍ ഒരു ഇന്‍സ്പിരേഷന്‍ ആണല്ലോ അത്. അതുകൊണ്ട് ആളുകളെ ചോദ്യങ്ങള്‍ സന്തോഷം തരാറുണ്ട്. നമ്മുടെ നിലനില്‍പ്പ് അതിലാണല്ലോ. ഇപ്പോഴും ഇവിടെ കടിച്ചുകൂടി നില്‍ക്കുന്നതിന്റെ കാരണം ഇതൊക്കെ തന്നെയാണ് (ചിരി),’ അശോകന്‍ പറയുന്നു.


Content Highlight: Ashokan says now whenever he goes to most sets, the people there ask him about his experiences in cinema