കോഴിക്കോട്: നോവലിന് പ്രസിദ്ധീകരണാനുമതി ലഭിക്കാത്തിനെത്തുടര്‍ന്ന് നിരാഹരമനുഷ്ഠിക്കുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന് പിന്തുണയറിയിച്ച് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍. രൂപേഷിന്റെ അപേക്ഷയിന്മേല്‍ അനുകൂലമായ തീരുമാനമെടുക്കണമെന്ന് ജയില്‍ വകുപ്പിനോടും സര്‍ക്കാരിനോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
രൂപേഷിന്റെ പുസ്തകപ്രകാശനത്തിന് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എന്തെങ്കിലും നിയമങ്ങള്‍ തടസം നില്‍ക്കുന്നുണ്ടെങ്കില്‍ അക്കാര്യം അപേക്ഷകനെ അറിയിക്കണമെന്നും നീതിലഭിക്കാന്‍ രൂപേഷിന് നിയമസംവിധാനത്തെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രൂപേഷിന്റെ പുസ്തകമായ ‘വസന്തത്തിന്റെ പൂമരങ്ങള്‍’ എന്ന പുസ്തകത്തിന്റെ കവര്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ ജയിലില്‍വെച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ ചെല്ലുമ്പോള്‍ രൂപേഷിനെ കാണാറുണ്ടെന്നും അത്തരം പരിപാടികളിലെല്ലാം അദ്ദേഹം ജയില്‍ അധികൃതരുമായി ഏറെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് മനസിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രൂപേഷ് എഴുത്തുകാരന്‍ കൂടിയാണെന്നും ഒളിവു ജീവിതകാലത്ത് അദ്ദേഹം എഴുതിയ ‘വസന്തത്തിന്റെ പൂമരങ്ങള്‍’ എന്ന ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച നോവല്‍ താന്‍ വായിച്ചിട്ടുണ്ടെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സാംസ്‌കാരികചരിത്രത്തിന്റെ ഭാഗമായി മാറിയ പല കൃതികളും ജയിലില്‍ വെച്ച് രചിക്കപ്പെട്ടതാണെന്ന അശോകന്‍ ചരുവില്‍ തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റവാളിയെ നല്ല മനുഷ്യനാക്കി മാറ്റുന്ന ഇടങ്ങളായിട്ടാണ് ആധുനിക ജനാധിപത്യ വ്യവസ്ഥയില്‍ ജയിലുകളെ പരിഗണിക്കുന്നത്. ഒരാള്‍ നോവലെഴുതാന്‍ തയ്യാറാവുന്നുണ്ടെങ്കില്‍ അയാള്‍ മാനവികതയേയും ജനാധിപത്യത്തെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു എന്നു കരുതണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോവലിന് പ്രസിദ്ധീകരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ജയിലില്‍ നിരാഹാരം കിടന്ന് രൂപേഷിനെ ആരോഗ്യനില വഷളായതിന് പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് ദിവസമായി നിരാഹാര സമരത്തിലായിരുന്നു രൂപേഷ്. ഇന്ന് രാവിലെയാണ് രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ജയില്‍ ജീവിതത്തിനിടെ എഴുതിയ ബന്ധിതരുടെ ഓര്‍മകുറിപ്പുകളെന്ന നോവലിന് പ്രസിദ്ധീകരണ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് രൂപേഷ് നിരാഹരം ആരംഭിച്ചത്. കവി സച്ചിദാനന്ദനെ പ്രമേയമാക്കി കൊണ്ടായിരുന്നു നോവല്‍.
നോവല്‍ പ്രസിദ്ധീകരണത്തിന് ജയില്‍ വകുപ്പും ആഭ്യന്തര വകുപ്പും അനുമതി നല്‍കിയിരുന്നില്ല. ജയിലിനകത്ത് വെച്ച് എഴുതപ്പെട്ട ഈ നോവലില്‍ ജയില്‍, യു.എ.പി.എ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിച്ചതിന് കാരണമായി പറഞ്ഞതെന്ന് രൂപേഷിന്റെ പങ്കാളി ഷൈന പറഞ്ഞിരുന്നു.
Content Highlight: Ashokan Charuvil in support with Maoist Rupesh on book publishing issue