ശബ്ദങ്ങൾ സൂക്ഷ്മമായി പിടിച്ചെടുക്കുന്ന റസൂല്‍ പൂക്കുട്ടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരച്ചില്‍ കേള്‍ക്കുന്നില്ല: അശോകന്‍ ചെരുവില്‍
Kerala
ശബ്ദങ്ങൾ സൂക്ഷ്മമായി പിടിച്ചെടുക്കുന്ന റസൂല്‍ പൂക്കുട്ടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരച്ചില്‍ കേള്‍ക്കുന്നില്ല: അശോകന്‍ ചെരുവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th December 2025, 9:33 am

തൃശൂര്‍: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. ലോകപ്രശസ്തനായ ചലച്ചിത്ര പ്രതിഭയായതുകൊണ്ട് മാത്രം റസൂല്‍ പൂക്കുട്ടിയ്ക്ക് വിവേകത്തോടെ സംസാരിക്കാന്‍ കഴിയണമെന്നില്ലെന്നാണ് വിമര്‍ശനം.

ശബ്ദങ്ങള്‍ സൂക്ഷ്മമായി പിടിച്ചെടുത്ത് സര്‍ഗാത്മകമായി ഉപയോഗിക്കുന്ന റസൂല്‍ പൂക്കുട്ടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരച്ചില്‍ കേള്‍ക്കുന്നില്ലെന്നും അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ലോകപ്രശസ്തനായ ചലച്ചിത്രപ്രതിഭയാണെന്ന് സമ്മതിച്ചു. പക്ഷേ അതുകൊണ്ട് വിവേകത്തോടെ സംസാരിക്കാന്‍ കഴിയണമെന്നില്ല. കക്ഷിരാഷ്ട്രീയം വേണ്ട, പക്ഷേ ലോകത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും ഒരു സാമാന്യധാരണ എല്ലാ കലാപ്രവര്‍ത്തകര്‍ക്കും ആവശ്യമുണ്ട്. ഇവിടെ അതു കണ്ടില്ല,’ അശോകന്‍ ചെരുവില്‍ പറഞ്ഞു.

ഡിസംബര്‍ 12ന് ആരംഭിച്ച ഐ.എഫ്.എഫ്.കെ ഇന്നലെ (വെള്ളി) ആണ് സമാപിച്ചത്. എന്നാല്‍ വ്യാഴാഴ്ചയാണ് ചെയര്‍മാനായ റസൂല്‍ പൂക്കുട്ടി ഐ.എഫ്.എഫ്.കെ വേദിയിലെത്തിയത്. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം വലിയ വിമര്‍ശനമാണ് നേരിടുന്നത്.

‘ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദേശനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊണ്ട് സിനിമകള്‍ക്ക് അനുമതി തരുന്നില്ലെന്ന് പറയുമ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് എതിര്‍ക്കേണ്ടത്. ആ എതിര്‍ക്കുന്ന നിങ്ങള്‍ ഇന്ത്യക്കാരനാണോ,’ എന്നാണ് റസൂല്‍ പൂക്കുട്ടി പറഞ്ഞത്.

മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റേത് രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും ഭരണവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു.

ഐ.എഫ്.കെ.കെയില്‍ ആറ് ചിത്രങ്ങളുടെ പ്രദര്‍ശനം ചലച്ചിത്ര അക്കാദമി തന്നെ ഉപേക്ഷിച്ചത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങളില്‍ വിള്ളലുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചതിനാലാണെന്നും റസൂല്‍ പൂക്കുട്ടി പ്രതികരിച്ചിരുന്നു. ചിത്രങ്ങള്‍ അനുമതിക്കായി അയക്കുന്നതില്‍ അക്കാദമിയുടെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഐ.എഫ്.കെ.കെ വേദിയിലെ റസൂല്‍ പൂക്കുട്ടിയുടെ അസാന്നിധ്യത്തിലും പ്രതികരണങ്ങളിലും രൂക്ഷവിമര്‍ശനമാണ് നിലവില്‍ ഉയരുന്നത്.

Content Highlight: Ashokan Charuvil criticizes Resul Pookutty