രാജ്യം അരാജകത്വത്തിലേക്കോ? വേലിതന്നെ വിളവ് തിന്നാന്‍ തുടങ്ങിയാല്‍ പിന്നെ വിളവുതന്നെ വിളവ് തിന്നും; ഇ.ഡിക്കെതിരെ അശോകന്‍ ചെരുവില്‍
Kerala News
രാജ്യം അരാജകത്വത്തിലേക്കോ? വേലിതന്നെ വിളവ് തിന്നാന്‍ തുടങ്ങിയാല്‍ പിന്നെ വിളവുതന്നെ വിളവ് തിന്നും; ഇ.ഡിക്കെതിരെ അശോകന്‍ ചെരുവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th May 2025, 10:41 pm

തൃശൂര്‍: കേസ് ഒത്തുതീര്‍പ്പാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ അശോകന്‍ ചെരുവില്‍.

അഴിമതിയില്‍ മെഴുകുന്ന ഇ.ഡി എന്ന് പറഞ്ഞുകൊണ്ടാണ് അശോകന്‍ ചെരുവിലിന്റെ പ്രതികരണം. രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്താല്‍ എന്ത് സംഭവിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് കേന്ദ്രസാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയുടെ ഇന്നത്തെ ദുരവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇ.ഡിക്കെതിരെ അശോകന്‍ ചെരുവില്‍ വിമര്‍ശനം ഉയര്‍ത്തിയത്. അഭ്യന്തര കാവല്‍സേനകള്‍ ഒന്നൊന്നായി അഴുകാന്‍ തുടങ്ങിയാല്‍ രാജ്യത്തെ മനുഷ്യജീവിതം വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രതിപക്ഷനേതാക്കളെയും സംസ്ഥാനങ്ങളിലെ ബി.ജെ.പിയിതര സംസ്ഥാന ഭരണാധികാരികളെയും തകര്‍ക്കുന്നതിനുള്ള ഉപകരണമായിട്ടാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇ.ഡിയും സി.ബി.ഐയും ആദായനികുതി വകുപ്പും മറ്റും ഉപയോഗിക്കപ്പെട്ടിരുന്നതെന്നും അശോകന്‍ ചെരുവില്‍ ചൂണ്ടിക്കാട്ടി.

‘സത്യം വിളിച്ചുപറയുന്ന സിനിമാ/മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും ഈ സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെട്ടു. ഗുജറാത്ത് കലാപം പരാമര്‍ശിച്ചതിന് ‘എമ്പുരാന്‍’ സിനിമയുടെ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ അന്വേഷണം വന്നത് ഓര്‍ക്കുക. തികച്ചും നിയമരഹിതമായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയാധികാരത്താല്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിയമരാഹിത്യത്തിന്റെ ചെളിക്കുളത്തില്‍ ആണ്ടുപോകും. നിയമരഹിതമായി ഒരു കാര്യം ചെയ്യാന്‍ ബ്യൂറോക്രസിയോട് ആവശ്യപ്പെട്ടാല്‍ അതിന്റെ മറവില്‍ അവര്‍ ആയിരം കാര്യങ്ങള്‍ നിയമരഹിതമായി ചെയ്യും,’ അശോകന്‍ ചെരുവില്‍ കുറിച്ചു.

സ്ഥലംമാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ശുപാര്‍ശ നമ്മുടെ നാട്ടിലെ സാധാരണ രാഷ്ട്രീയപ്രവര്‍ത്തനമായിട്ടാണ് കരുതപ്പെടുന്നത്. അതുചെയ്യുന്ന രാഷ്ട്രീയനേതാവും ജനപ്രതിനിധിയും തന്റെ ഒരു ശുപാര്‍ശക്കത്തിന്റെ മറവില്‍ നടക്കുന്ന അഴിമതിയുടെ ആറാട്ടിനെ കുറിച്ച് അറിയുന്നുണ്ടാകില്ലെന്നും അശോകന്‍ ചെരുവില്‍ ചൂണ്ടിക്കാട്ടി. വേലിതന്നെ വിളവ് തിന്നാന്‍ തുടങ്ങിയാല്‍ പിന്നെ വിളവുതന്നെ വിളവ് തിന്നാല്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡി എന്നത് സാധാരണമട്ടിലുള്ള സര്‍ക്കാര്‍ സംവിധാനമല്ല. അത് കൈകാര്യം ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുമായി ബന്ധപ്പെട്ട വിഷയമാണ്. അതുകൊണ്ട് തന്നെ ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ ജീവിത പ്രശ്‌നം കൂടിയാണിതെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു. അരാജകത്വത്തിലേക്കാണോ രാജ്യം പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

കൂടാതെ ’32 വര്‍ഷം സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഒരാളാണ് ഇതെഴുതുന്നത്. നിയമരഹിതമായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയനേതൃത്വം ബ്യൂറോക്രസിയെ നിര്‍ബന്ധിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതുപോലെ രാഷ്ട്രീയപകപോക്കലിന് വേണ്ടിയൊന്നുമല്ല. കാര്യസാധ്യത്തിന് തന്നെ വന്നു കാണുന്ന ആള്‍ക്കുവേണ്ടിയാണ്. ചിലപ്പോള്‍ സഹതാപം കൊണ്ടാവാം. ക്രമം തെറ്റിച്ച് കാര്യം ചെയ്ത് കൊടുക്കാന്‍ ആവശ്യപ്പെടുന്നു. ‘ഈ വരുന്നത് നമ്മുടെ ആളാണ്, വേണ്ടതു ചെയ്യുമല്ലോ’ എന്നിങ്ങനെ മൃദുവായാണ് നിര്‍ദേശം. (നമ്മുടെ ആളുകളും നമ്മുടേതല്ലാത്ത ആളുകളും ഉണ്ടല്ലോ) ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നിര്‍ദേശം അപ്പടി നടപ്പാക്കും. അതിനൊപ്പം കൈക്കൂലി വാങ്ങി മറ്റ് പത്താള്‍ക്ക് വേണ്ടിയും ക്രമം തെറ്റിക്കും,’ അശോകന്‍ ചെരുവില്‍ കുറിച്ചു.

അതേസമയം വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ഭാരതീയ ഓര്‍ത്തഡോക്സ് സഭ ബിഷപ്പും മോഡേണ്‍ വിദ്യാഭ്യാസ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഉടമയുമായ ജെയിംസ് ജോര്‍ജിന്റെ 1.60 കോടി രൂപയുടെ സ്വത്ത് 2021ലും 1.78 കോടി രൂപയുടെ സ്വത്ത് ഈ വര്‍ഷവും ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഈ കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ കൈക്കൂലി നല്‍കണമെന്നായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.

പിന്നാലെ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ഒരു വര്‍ഷം മുമ്പ് കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ജെയിംസ് ജോര്‍ജ് പരാതി നല്‍കിയിരുന്നു.

ഇ.ഡി ഉദ്യോഗസ്ഥരുടെ ഏജന്റ് ചമഞ്ഞ് പണം ആവശ്യപ്പെട്ട മുന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കൊല്ലം സ്വദേശി, പാറശാല സ്വദേശിയായ വനിതാ ഉദ്യോഗസ്ഥ, ഗുജറാത്ത് സ്വദേശി എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ഇ.ഡി ഉദ്യോഗസ്ഥരുടെ ഏജന്റുമാരായി എത്തിയവര്‍ പിടിയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

Content Highlight: Ashokan Charuvil criticized ED