ബി.ജെ.പിയുടെ പരാതിയില്‍ അറസ്റ്റിലായ അശോക യൂണിവേഴ്‌സിറ്റി പ്രൊഫസറെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി
national news
ബി.ജെ.പിയുടെ പരാതിയില്‍ അറസ്റ്റിലായ അശോക യൂണിവേഴ്‌സിറ്റി പ്രൊഫസറെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th May 2025, 5:25 pm

ചണ്ഡീഗഡ്: ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ അറസ്റ്റിലായ അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

14 ദിവസത്തേക്കാണ് പ്രൊഫസറെ കസ്റ്റഡിയില്‍ വിട്ടത്. സോനെപത് ജില്ലാ കോടതിയുടേതാണ് നടപടി. കേസില്‍ മെയ് 27ന് അടുത്ത വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. നിലവില്‍ പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിനെതിരെ രണ്ട് എഫ്.ഐ.ആറുകളാണുള്ളത്. ഞായറാഴ്ചയാണ് പ്രൊഫസര്‍ അറസ്റ്റിലായത്.

സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ബി.ജെ.പി യുവമോര്‍ച്ച നേതാവ് യോഗേഷ് ജാതേരി, ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്‍ (എച്ച്.എസ്.സി.ഡബ്ല്യു) ചെയര്‍പേഴ്‌സണ്‍ രേണു ഭാട്ടിയ എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ അലി ഖാന്‍ മഹ്‌മൂദാബാദിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സോനെപത് പൊലീസിന് കൈമാറുകയും ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വനിത ഓഫീസര്‍മാരായ കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരെ നിയോഗിച്ചതിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു അലി ഖാന്റെ പോസ്റ്റ്.

സൈനിക കാര്യങ്ങളില്‍ നേതൃപരമായ പദവികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് മാതൃകാപരമാണെന്നും എന്നാല്‍ മറ്റ് ചില കാര്യങ്ങളില്‍ കൂടി ഈ മാറ്റം വേണമെന്നുമായിരുന്നു പ്രൊഫസര്‍ ഈ പോസ്റ്റിലൂടെ പറഞ്ഞത്.

ആള്‍ക്കൂട്ട കൊലപാതകം, ബുള്‍ഡോസര്‍ രാജ് എന്നിവയ്ക്ക് ഇരയാവുന്ന രാജ്യത്തെ ജനങ്ങളെക്കൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരത്തില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നത് വലതുപക്ഷത്തിന്റെ ശുദ്ധകാപട്യമാണെന്നുമാണ് അലി ഖാന്‍ ചൂണ്ടിക്കാട്ടിയത്.

ഇതില്‍ പ്രകോപിതരായാണ് ബി.ജെ.പിയും നേതാക്കളും അലി ഖാന്‍ മഹ്‌മൂദ്ബാദിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ അലി ഖാന്റെ അറസ്റ്റിനെ വിമര്‍ശിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ പ്രതികരിച്ചിരുന്നു.

പ്രമുഖ ചരിത്രകാരന്മാരായ റോമില ഥാപ്പര്‍, രാമചന്ദ്ര ഗുഹ എന്നിവരുള്‍പ്പെടെ ആയിരത്തിലധികം അക്കാദമിക് വിദഗ്ധര്‍ മഹ്‌മൂദാബാദിനെ പിന്തുണച്ചുകൊണ്ടുള്ള കത്തില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. അശോക യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി അസോസിയേഷനും അദ്ദേഹത്തെ പിന്തുണച്ച് പ്രസ്താവനയിറക്കി.

അലി ഖാനെതിരായ കുറ്റങ്ങള്‍ അടിസ്ഥാനരഹിതവും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഫാക്കല്‍റ്റി അസോസിയേഷന്‍ പ്രതികരിച്ചത്. കൂടാതെ തന്റെ പരാമര്‍ശങ്ങള്‍ പൂര്‍ണമായും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കമ്മീഷന് ഈ വിഷയത്തില്‍ നടപടിയെടുക്കാനുള്ള അധികാരപരിധിയില്ലെന്നും അലി ഖാനും വ്യക്തമാക്കിയിരുന്നു.

Content Highlight: Ashoka University professor Ali Khan Mahmudabad sent to 14-day judicial custody