അശോക യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന് ഇടക്കാല ജാമ്യം
national news
അശോക യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന് ഇടക്കാല ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st May 2025, 2:42 pm

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന് പിന്നാലെ അറസ്റ്റിലായ അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് അലി ഖാന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ഉള്‍പ്പെടുന്ന മൂനാംഗ സംഘത്തെ കേസന്വേഷണത്തിനായി നിയോഗിക്കണമെന്നും ഉത്തരവുണ്ട്. ഹരിയാനയിലെ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം അന്വേഷണമെന്നും കോടതി വ്യക്തമാക്കി.

ഇന്നലെ (ചൊവ്വ) സോനെപത് ജില്ലാ കോടതി പ്രൊഫസറെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. മെയ് 27ന് അടുത്ത വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുന്നത്.

ജാമ്യം അനുവദിച്ച കോടതി, തനിക്കെതിരായ രണ്ട് എഫ്.ഐ.ആറുകള്‍ക്കും ഒരൊറ്റ ജാമ്യബോണ്ട് സമര്‍പ്പിക്കാനും സോനെപത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ പാസ്പോര്‍ട്ട് സമര്‍പ്പിക്കാനും പ്രൊഫസർക്ക് നിർദേശം നൽകി.

ഞായറാഴ്ചയാണ് പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ബി.ജെ.പി യുവമോര്‍ച്ച നേതാവ് യോഗേഷ് ജാതേരി, ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്‍ (എച്ച്.എസ്.സി.ഡബ്ല്യു) ചെയര്‍പേഴ്സണ്‍ രേണു ഭാട്ടിയ എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ അലി ഖാന്‍ മഹ്‌മൂദാബാദിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സോനെപത് പൊലീസിന് കൈമാറുകയും ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വനിത ഓഫീസര്‍മാരായ കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരെ നിയോഗിച്ചതിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു അലി ഖാന്റെ പോസ്റ്റ്. സൈനിക കാര്യങ്ങളില്‍ നേതൃപരമായ പദവികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് മാതൃകാപരമാണെന്നും എന്നാല്‍ മറ്റ് ചില കാര്യങ്ങളില്‍ കൂടി ഈ മാറ്റം വേണമെന്നുമായിരുന്നു പ്രൊഫസര്‍ ഈ പോസ്റ്റിലൂടെ പറഞ്ഞത്.

ആള്‍ക്കൂട്ട കൊലപാതകം, ബുള്‍ഡോസര്‍ രാജ് എന്നിവയ്ക്ക് ഇരയാവുന്ന രാജ്യത്തെ ജനങ്ങളെക്കൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരത്തില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നത് വലതുപക്ഷത്തിന്റെ ശുദ്ധകാപട്യമാണെന്നുമാണ് അലി ഖാന്‍ ചൂണ്ടിക്കാട്ടിയത്.

ഇതില്‍ പ്രകോപിതരായാണ് ബി.ജെ.പിയും നേതാക്കളും അലി ഖാന്‍ മഹ്‌മൂദ്ബാദിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ അലി ഖാന്റെ അറസ്റ്റിനെ വിമര്‍ശിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ പ്രതികരിച്ചിരുന്നു.

ഇതിനിടെ തന്റെ പരാമര്‍ശങ്ങള്‍ പൂര്‍ണമായും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കമ്മീഷന് ഈ വിഷയത്തില്‍ നടപടിയെടുക്കാനുള്ള അധികാരപരിധിയില്ലെന്നും അലി ഖാനും വ്യക്തമാക്കിയിരുന്നു.

Content Highlight: Ashoka University Professor Ali Khan Mahmudabad granted interim bail