'മണിപ്പൂരില്‍ അഗ്‌നിക്കിരയായത് 253 ക്രിസ്ത്യന്‍ പള്ളികള്‍, ഇത് ചൈനയിലോ പാകിസ്ഥാനിലോ ആയിരുന്നെങ്കിലെന്ന് ആലോചിച്ചുനോക്കൂ': അശോക് സ്വയ്ന്‍
national news
'മണിപ്പൂരില്‍ അഗ്‌നിക്കിരയായത് 253 ക്രിസ്ത്യന്‍ പള്ളികള്‍, ഇത് ചൈനയിലോ പാകിസ്ഥാനിലോ ആയിരുന്നെങ്കിലെന്ന് ആലോചിച്ചുനോക്കൂ': അശോക് സ്വയ്ന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th June 2023, 7:24 pm

ന്യൂദല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും മാധ്യമങ്ങളടക്കം വിഷയത്തെ കാര്യമായി പരിഗണിക്കുന്നില്ലെന്ന വിമര്‍ശനവുമായി അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍.

253 ക്രിസ്ത്യന്‍ പള്ളികള്‍ മണിപ്പൂരില്‍ അഗ്‌നിക്കിരയാക്കിയെന്നും ഇത് ചൈനയിലോ പാകിസ്ഥാനിലോ ആയിരുന്നെങ്കില്‍ പാശ്ചാത്യമാധ്യമങ്ങളടക്കം വിഷയത്തെ എങ്ങനെയാണ് സമീപിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മണിപ്പൂരില്‍ കഴിഞ്ഞ ആറാഴ്ചക്കിടെ 253 പള്ളികള്‍ അഗ്‌നിക്കിരയായി. ഇത് ചൈനയിലോ പാക്കിസ്ഥാനിലോ സംഭവിക്കുകയായിന്നുവെന്ന് സങ്കല്‍പ്പിക്കുക.
പാശ്ചാത്യ മാധ്യമങ്ങളുടെ പ്രതികരണം എന്താകുമായിരുന്നു,’ അശോക് സ്വയിന്‍ ട്വീറ്റ് ചെയ്തു.

ഒന്നര മാസമായി കലാപം തുടരുന്ന മണിപ്പൂരില്‍ 253 പള്ളികള്‍ അഗ്നിക്കിരയായി എന്ന് ഗോത്രവര്‍ഗ കൂട്ടായ്മയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ കലാപത്തില്‍ 100ലധികം ആളുകള്‍ മരിക്കുകയും 50,698 പേര്‍ പലായനം ചെയ്യുകയും ചെയ്തുവെന്ന് ഐ.ടി.എല്‍.എഫ് ആരോപിച്ചിരുന്നു.

മെയ്തി വിഭാഗത്തിന്റെ പട്ടികവര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗോത്ര വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്.

ജനസംഖ്യയുടെ 64 ശതമാനത്തോളംവരുന്നഗോത്ര ഇതര വിഭാഗമാണ് മെയ്തികള്‍. ഇവര്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തിപ്പെട്ടവരാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാര്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.

കേന്ദ്ര സര്‍ക്കാരിന് അക്രമത്തിന് പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനമുണ്ട്. പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് ശേഷവും മണിപ്പൂരില്‍ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്.