ഹിന്ദുത്വവാദികള്‍ ഇംഗ്ലണ്ടിന് വേണ്ടി ആര്‍പ്പുവിളിക്കുന്നു, ഇത് പുതിയ കാര്യമല്ല; 100 വര്‍ഷത്തെ ചരിത്രമാണ്: അശോക് സ്വയ്ന്‍
national news
ഹിന്ദുത്വവാദികള്‍ ഇംഗ്ലണ്ടിന് വേണ്ടി ആര്‍പ്പുവിളിക്കുന്നു, ഇത് പുതിയ കാര്യമല്ല; 100 വര്‍ഷത്തെ ചരിത്രമാണ്: അശോക് സ്വയ്ന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th November 2022, 8:53 pm

ന്യൂദല്‍ഹി: ടി-20 ലോകകപ്പ് ഫൈനലിലെ ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മത്സരവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചരണങ്ങള്‍ക്കെതിരെ അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍.

ഹിന്ദുത്വവാദികള്‍ ഇംഗ്ലണ്ടിന് വേണ്ടി ആര്‍പ്പുവിളിക്കുന്നതിന് പിന്നില്‍ 100 വര്‍ഷത്തെ ചരിത്രമുണ്ടെന്ന് അശോക് സ്വയ്ന്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഹിന്ദു മേധാവിത്വവാദികള്‍(Hindu supremac-isst) ഇംഗ്ലണ്ടിന് വേണ്ടി ആര്‍പ്പുവിളിക്കുന്നു. ഇത് പുതിയ കാര്യമല്ല; ഇത് 100 വര്‍ഷത്തെ ചരിത്രമാണ്,’ എന്നാണ് അശോക് സ്വയ്ന്‍ ട്വീറ്റ് ചെയ്തത്.

ടി-20 ലോകകപ്പ് ഫൈനല്‍ മത്സരം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു അശോക് സ്വയ്‌നിന്റെ ട്വീറ്റ്. ഫൈനലില്‍ ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മത്സരം വന്നതിന് പിന്നാലെ ‘ശത്രു രാജ്യമായ’ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് പിന്തുണ നല്‍കുന്നു എന്ന തരത്തിലുള്ള കമന്റുകള്‍ ഹിന്ദുത്വവാദികള്‍ പങ്കുവെച്ചിരുന്നു.

ഇത് ട്വിറ്ററില്‍ വിദ്വേഷ പ്രചരണത്തിന് കാരണമാവുകയും ചെയ്തിരുന്നു. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ അപ്പുറത്തേക്കുള്ള മാനത്തിലേക്ക് ഈ പ്രചരണങ്ങള്‍ മാറിയെന്നാണ് ഇതിനെതിരെയുള്ള വിമര്‍ശനങ്ങള്‍. ഈ സാഹചര്യത്തിലാണ് അശോക് സ്വയ്‌നിന്റെ ട്വീറ്റ്.

അതേസമയം, പാകിസ്ഥാനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടാണ് ഐ.സി.സി ടി-20 ലോകകപ്പ് 2022ന്റെ കിരീടം ചൂടിയത്. പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ടിന്റെ കിരീട നേട്ടം.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം ബൗളര്‍മാര്‍ പുറത്തെടുത്തപ്പോള്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം മറികടക്കുകയായിരുന്നു.

പാകിസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ ബാബര്‍ അസം 32 റണ്‍സ് നേടിയപ്പോള്‍ ഷാന്‍ മസൂദ് 38 റണ്‍സും സ്വന്തമാക്കി. ഒടുവില്‍ 137 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയില്‍ പാകിസ്ഥാന്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

CONTENT HIGHLIGHT:  Ashok Swain against propaganda by extremist Hindutva groups regarding England-Pakistan match in T20 World Cup final