അശോക് സെല്‍വനും നിമിഷ സജയനും ആദ്യമായി ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും ഇഷാരി കെ. ഗണേഷിന്റെ വെല്‍സ് ഫിലിം ഇന്റര്‍നാഷണലും സംയുക്തമായി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മണികണ്ഠന്‍ ആനന്ദനാണ്.
ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അണിയറപ്രവര്‍ത്തകരാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പിന്നാലെ ചിത്രത്തിലെ പ്രധാന താരങ്ങളായ നിമിഷയും അശോക് സെല്‍വനും ചിത്രീകരണം പൂര്‍ത്തിയായ സന്തോഷ വാര്‍ത്ത സോഷ്‌യല്‍ മീഡിയയില്‍ പങ്കുവെച്ചു.
റൊമാന്റിക് ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രം മില്ല്യണ്‍ ഡോളര്‍ സ്റ്റുഡിയോസിന്റെ ആറാമത്തെ പ്രൊഡക്ഷനായാണ് എത്തുന്നത്. അശോക് സെല്‍വന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണിതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ദിബു നൈനാന്‍ തോമസാണ് സിനിമയുടെ സംഗീത സംവിധാനം. പുഷ്പരാജ് സന്തോഷ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമനാണ്.
പോര്‍ തൊഴില്‍, ഓ മൈ കടവുളൈ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് അശോക് സെല്‍വന്‍. മണിരത്‌നവും കമല്‍ഹാസനും നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമൊന്നിച്ച തഗ് ലൈഫാണ് അശോക് സെല്‍വന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
അതേസമയം മലയാളത്തിന് പുറമെ അന്യഭാഷകളിലും ഇന്‍ഡസ്ട്രിയില്‍ സജീവമാകുകയാണ് നിമിഷ സജയന്‍. അഥര്‍വ നായകവേഷത്തിലെത്തിയ ഡി.എന്‍.എയാണ് നിമിഷയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
2017ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് നിമിഷ സജയന്‍. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2018ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാന്‍ നിമിഷക്ക് സാധിച്ചിരുന്നു.
Content Highlight: Ashok Selvan and Nimisha Sajayan are teaming up for the first time for a romantic thriller; filming has been completed