പല സെഞ്ച്വറിയുണ്ടെങ്കിലും ലോകകപ്പിന്റെ അരനൂറ്റാണ്ട് ചരിത്രത്തില്‍ ഇത് സ്‌പെഷ്യല്‍; ചരിത്രമെഴുതി ഗാര്‍ഡ്ണര്‍
ICC Women's World Cup
പല സെഞ്ച്വറിയുണ്ടെങ്കിലും ലോകകപ്പിന്റെ അരനൂറ്റാണ്ട് ചരിത്രത്തില്‍ ഇത് സ്‌പെഷ്യല്‍; ചരിത്രമെഴുതി ഗാര്‍ഡ്ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st October 2025, 9:35 pm

 

ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ പുതുചരിത്രം രചിച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ആഷ് ഗാര്‍ഡ്ണര്‍. ടൂര്‍ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ഗാര്‍ഡ്ണര്‍ ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമായത്.

ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയം വേദിയായ മത്സരത്തില്‍ 83 പന്ത് നേരിട്ട താരം 115 റണ്‍സ് നേടി.

ഇതോടെ ഐ.സി.സി വനിതാ ലോകകപ്പ് ചരിത്രത്തില്‍ ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന ഐതിഹാസിക നേട്ടമാണ് ഗാര്‍ഡ്ണര്‍ സ്വന്തമാക്കിയത്. ഈ പൊസിഷനില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരവും ഗാര്‍ഡ്ണര്‍ തന്നെ.

വനിതാ ലോകകപ്പില്‍ ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏറ്റവുമുയര്‍ന്ന സ്‌കോര്‍

(താരം – ടീം – എതിരാളി – റണ്‍സ് – വേദി – വര്‍ഷം)

ആഷ്‌ലീഗ് ഗാര്‍ഡ്ണര്‍ – ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് – ഇന്‍ഡോര്‍ – 2025*

അലക്‌സ് ബ്ലാക്‌വെല്‍ – ഓസ്‌ട്രേലിയ – ഇന്ത്യ – 90 – ഡെര്‍ബി – 2017

അലി കയ്‌ലാര്‍സ് – സൗത്ത് ആഫ്രിക്ക – പാകിസ്ഥാന്‍ – 74* – വഡോദര – 1997

മരിയ ഫാഹേ – ന്യൂസിലാന്‍ഡ് – ഇന്ത്യ – 73* – പോച്ചെഫ്‌സ്ട്രൂം – 2005

വേദ കൃഷ്ണമൂര്‍ത്തി – ഇന്ത്യ – ന്യൂസിലാന്‍ഡ് – 70 -ഡെര്‍ബി – 2017

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അലീസ ഹീലിയും ഫോബ് ലീച്ച്ഫീല്‍ഡും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

17 പന്തില്‍ 19 റണ്‍സ് നേടിയ ബ്രീയാം ഇല്ലിങ്ങാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ എല്ലിസ് പെറിയെ ഒപ്പം കൂട്ടി ലീച്ച്ഫീല്‍ഡ് സ്‌കോര്‍ ഉയര്‍ത്താന്‍ ആരംഭിച്ചു.

ഓരോ വിക്കറ്റിലും ചെറുതും വലുതുമായ കൂട്ടുകെട്ടുകളുണ്ടാക്കിയ ഓസീസ് 49.3 ഓവറില്‍ 326 റണ്‍സ് നേടി.

സെഞ്ച്വറി നേടിയ ഗാര്‍ഡ്ണറിന് പുറമെ ഫോബ് ലീച്ച്ഫീല്‍ഡ് (31 പന്തില്‍ 45), കിം ഗാര്‍ത് (37 പന്തില്‍ 38), എല്ലിസ് പെറി (41 പന്തില്‍ 33) എന്നിവരും ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

വൈറ്റ് ഫേണ്‍സിനായി ലിയ തഹൂഹു, ജെസ് കേര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും അമേലിയ കേര്‍, ബ്രീയാം ഇല്ലിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

 

Content Highlight: Ashleigh Gardner set the record of highest score in Women’s World Cup #6 or below