'ഇതാണ് ഇന്ദുചൂഡന്റെ ഫ്യൂച്ചര്‍ പ്ലാന്‍'; വിരമിക്കലിന് ശേഷം നെഹ്‌റ എന്തു ചെയ്യുമെന്ന ചോദ്യത്തിന് മറുപടിയുമായി അച്ഛന്‍
Daily News
'ഇതാണ് ഇന്ദുചൂഡന്റെ ഫ്യൂച്ചര്‍ പ്ലാന്‍'; വിരമിക്കലിന് ശേഷം നെഹ്‌റ എന്തു ചെയ്യുമെന്ന ചോദ്യത്തിന് മറുപടിയുമായി അച്ഛന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd November 2017, 11:07 pm

മുംബൈ: സംഭവബഹുലമായ 20 വര്‍ഷം നീണ്ട കരിയറിന് കഴിഞ്ഞ ദിവസം നെഹ്‌റ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വിരാമമിട്ടു. തൊട്ടു പിന്നാലെ തങ്ങളുടെ നെഹ്‌റാജീയ്ക്ക് ആശംസകള്‍ നേര്‍ന്നും താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചും താരങ്ങളും ആരാധകരുമെല്ലാം രംഗത്തെത്തുകയും ചെയ്തു. ഇനിയെന്ത്? അതാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്.

പതിവ് പോലെ കമന്ററിയിലും പരിശീലനത്തിലും ഒരു കൈനോക്കാനാണോ നെഹ്‌റാജീയുടേയും പ്ലാന്‍ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഒരുമിച്ച് കളിച്ചിരുന്നവരില്‍ പലരുമിന്ന് കമന്ററിയില്‍ ശോഭിക്കുകയാണ്. സെവാഗും സഹീര്‍ ഖാനും മുരളീ കാര്‍ത്തിക്കുമെല്ലാം ആ രംഗത്ത് ശോഭിക്കുന്നവരാണ്.

അതോ ഇനി ബൗളിംഗ് പരിശീലകനായി മുന്നോട്ട് പോകാനാണോ പ്ലാന്‍? ആരാധകരുടേയും ക്രിക്കറ്റ് ലോകത്തിന്റേയും ചോദ്യത്തിന് ഉത്തരവുമായി നെഹ്‌റയുടെ പിതാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മറ്റുള്ളവരെ പോലെ കമന്ററിയിലോ കോച്ചിംഗിലോ അല്ല നെഹ്‌റയുടെ ഭാവി പ്ലാനിംഗ് എന്നാണ് അച്ഛന്‍ പറയുന്നത്.


Also Read: സെവാഗ് എത്തി; നെഹ്‌റയുടെ ഫേര്‍വെല്‍ പാര്‍ട്ടി ‘അലമ്പാക്കി’; വീഡിയോ


എന്താണ് നെഹ്‌റാജീയുടെ ഫ്യൂച്ചര്‍ പ്ലാനെന്ന് കേട്ടാല്‍ അദ്ദേഹത്തോടുള്ള ആരാധന കൂടുമെന്നതാണ് വാസ്തവം. യു.പിയില്‍ നെഹ്‌റയുടെ കീഴിയില്‍ കുറച്ച് കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അവരായിരിക്കും നെഹ്‌റയുടെ ഇനിയുള്ള ശ്രദ്ധാകേന്ദ്രം എന്നാണ് അച്ഛന്‍ പറയുന്നത്.

ഇത്രയും നാള്‍ നീണ്ട കരിയറിനും പോരാടാന്‍ തയ്യാറായ മനസുമുള്ള നെഹ്‌റയുടെ കീഴില്‍ പരിശീലിക്കാന്‍ കഴിയുന്നത് ആ കുട്ടികള്‍ക്ക് അവരുടെ കരിയറിന് മുതല്‍ക്കൂട്ടായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.