ആഷിഖ് അബുവിന്റെ അടുത്ത ചിത്രം അയ്യങ്കാളിയല്ല; അത് സൗബിന്‍ ഷാഹിര്‍ ചിത്രമാണ്
Aashiq Abu
ആഷിഖ് അബുവിന്റെ അടുത്ത ചിത്രം അയ്യങ്കാളിയല്ല; അത് സൗബിന്‍ ഷാഹിര്‍ ചിത്രമാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th June 2019, 12:03 pm

കേരളം ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോല്‍പ്പിച്ച നിപ്പ വൈറസ് രോഗബാധയുടെ കഥ പറയുന്ന ആഷിഖ് അബു ചിത്രം വൈറസ് തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അടുത്ത ആഷിഖ് അബു ചിത്രം ഏതായിരിക്കും എന്ന ചോദ്യം ഇപ്പോള്‍ സമൂഹത്തിലുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല. കേരളീയ നവോത്ഥാന നായകന്‍ അയ്യങ്കാളിയെ കുറിച്ചുള്ള ചിത്രം താന്‍ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് ആഷിഖ് അബു പറഞ്ഞിരുന്നു. അതായിരിക്കുമോ അടുത്ത ചിത്രമെന്ന ആകാംക്ഷ പലര്‍ക്കും ഉണ്ട്. എന്നാല്‍ ആഷിഖ് അബു അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം അതല്ല.

സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രമാണ് ആഷിഖ് അബു അടുത്തതായി സംവിധാനം ചെയ്യുന്നത്. ലളിതമായതും തമാശ നിറഞ്ഞതുമായ ഒരു ചിത്രമായിരിക്കും അതെന്ന് ആഷിഖ് അബു ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നേരത്തെ തന്നെ സൗബിന്‍ ഷാഹിര്‍ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും. സൗബിന്‍ ഷിഖ് അബുവിന്റെ റാണി പദ്മിനി, ടാ തടിയാ എന്നീ ചിത്രങ്ങളില്‍ നേരത്തെ അഭിനയിച്ചിരുന്നു.

സൗബിന്‍ ഷാഹിര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമായ പറവയില്‍ ആഷിഖ് അബുവും അഭിനയിച്ചിരുന്നു. ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷത്തിലാണ് ആഷിഖ് ചിത്രത്തില്‍ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

വൈറസില്‍ പ്രധാനപ്പെട്ട വേഷമാണ് സൗബ്ബിന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയതിന് ശേഷം സൗബിന്റെ വേഷം ചര്‍ച്ചയായിരുന്നു.