ആഷസ് ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമായിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ത്രീ ലയണ്‍സ് അഭിമാന വിജയത്തിന് ഏതറ്റവരെയും പോകുമെന്ന മട്ടിലാണ്.
ക്യാപ്റ്റന്റെ ഡിസിഷന്‍ ശരിവെച്ചിറങ്ങിയ ഇംഗ്ലണ്ടിന് മിന്നു തുടക്കമാണ് ലഭിച്ചത്. നിലവില്‍ 32 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ട്ത്തില്‍ 91 റണ്‍സാണ് ഓസീസിന് നേടാന്‍ സാധിച്ചത്. ഏഴാം ഓവറില്‍ ഓസീസ് 27 റണ്‍സ് നേടി നില്‍ക്കവെ ഗസ് ആറ്റ്കിന്‍സനാണ് ഇംഗ്ലണ്ടിന് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്.
ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനെ 12 റണ്‍സിന് ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു ഗസ് തിളങ്ങിയത്. പിന്നീട് ജേക്ക് വെതറാള്‍ഡിനെ 10 റണ്‍സിനും മാര്‍നസ് ലബുഷാനെ ആറ് റണ്‍സിനും കടാരം കയറ്റി ജോഷ് ടംങ്ങും ഗംഭീരമാക്കി.
അധികം വൈകാതെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഒമ്പത് റണ്‍സിനും ജോഷ് മടക്കിയയച്ചു. മധ്യ നിരയില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഗസ് തിരിച്ചെത്തി ഉസ്മാന്‍ ഖവാജയേയും കൊണ്ടുപോയി. 29 റണ്‍സായിരുന്നു ഖവാജ നേടിയത്. അവസാനമായി ഓസീസിന് നഷ്ടമായത് അലക്‌സ് കാരിയേയാണ്.