റൂട്ടിന്റെ സെഞ്ച്വറിക്ക് മറുപടി ട്രിപ്പിൾ ഫിഫ്റ്റി; ഗാബയില്‍ ലീഡെടുത്ത് കങ്കാരുക്കള്‍
Cricket
റൂട്ടിന്റെ സെഞ്ച്വറിക്ക് മറുപടി ട്രിപ്പിൾ ഫിഫ്റ്റി; ഗാബയില്‍ ലീഡെടുത്ത് കങ്കാരുക്കള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th December 2025, 7:34 pm

ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ലീഡ് നേടി ആതിഥേയരായ ഓസ്‌ട്രേലിയ. നിലവില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഓസീസ് ആറ് വിക്കറ്റിന് 378 റണ്‍സെടുത്തിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ 44 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ടീമിനുള്ളത്.

അലക്‌സ് കാരിയും മൈക്കല്‍ നെസറുമാണ് ക്രീസിലുള്ളത്. കാരിക്ക് 45 പന്തില്‍ 46 റണ്‍സുണ്ട്. മറുവശത്ത് 30 പന്തില്‍ 15 റണ്‍സുമായാണ് നെസര്‍ ബാറ്റിങ് തുടരുന്നത്.

മത്സരത്തിനിടെ ജെയ്ക്ക് വെതറാൾഡ് Photo; crickettimes.com/x.com

നേരത്തെ, കങ്കാരുക്കള്‍ക്കായി ഓപ്പണര്‍ ജെയ്ക്ക് വെതറാള്‍ഡ്, മാര്‍നസ് ലബുഷാന്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയിരുന്നു. വെതറാള്‍ഡ് 78 പന്തില്‍ 72 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി.

ലബുഷാന്‍ 78 പന്തില്‍ 65 റണ്‍സും സ്മിത് 85 പന്തില്‍ 61 റണ്‍സും സ്‌കോര്‍ ചെയ്തു. ഒപ്പം കാമറൂണ്‍ ഗ്രീന്‍ (57 പന്തില്‍ 45), ട്രാവിസ് ഹെഡ് (43 പന്തില്‍ 33), ജോഷ് ഇംഗ്ലിഷ് (25 പന്തില്‍ 23) എന്നിവരും സംഭാവന ചെയ്തു.

ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്‌സ് മൂന്ന് വിക്കറ്റുകള്‍ നേടി. ഒപ്പം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് രണ്ടും ജോഫ്രാ ആര്‍ച്ചര്‍ ഒരു വിക്കറ്റുമെടുത്തു.

ജോ റൂട്ട് Photo: Englandcricket/x.com

നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 334 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി സൂപ്പര്‍ താരം ജോ റൂട്ട് സെഞ്ച്വറി നേടി. താരം 206 പന്തില്‍ ഒരു സിക്സും 15 ഫോറുമടക്കം 138 റണ്‍സെടുത്തു പുറത്താവാതെ നിന്നു. 93 പന്തില്‍ 76 റണ്‍സെടുത്ത സാക്ക് ക്രോളിയും സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു.

ഇവര്‍ക്ക് പുറമെ, മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാനായില്ല. ആര്‍ച്ചര്‍ (36 പന്തില്‍ 38), ഹാരി ബ്രൂക്ക് (33 പന്തില്‍ 31), വില്‍ ജാക്സ് (31 പന്തില്‍ 19), ബെന്‍ സ്റ്റോക്‌സ് (49 പന്തില്‍ 19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നവര്‍.

മത്സരത്തില്‍ ആറ് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞത്. 75 റണ്‍സ് വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ പ്രകടനം. നെസര്‍, സ്‌കോട്ട് ബോളണ്ട്, ബ്രെണ്ടന്‍ ഡോഗേറ്റ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

 

Content Highlight: Ashes: Australia take first innings lead in Gabba against England