കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ അതിദരിദ്രരല്ല: ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു)
Kerala News
കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ അതിദരിദ്രരല്ല: ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു)
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th October 2025, 8:47 am

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരെ അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു). കേരളത്തിലെ ആശാ വര്‍ക്കാര്‍മാര്‍ 10,000 രൂപ മുതല്‍ 15,000 രൂപ വരെ വേതനം കൈപ്പറ്റുന്നവരാണെന്ന് ആശാ വര്‍ക്കര്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ഇന്‍സന്റീവ് മാത്രം കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളിലെ ആശമാരെ അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും, എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഫിക്‌സ്ഡ് ഇന്‍സെന്റീവിനും പ്രവര്‍ത്തി ഇന്‍സെന്റീവിനും പുറമെ 7,000 രൂപ ഓണറേറിയവും നല്‍കുന്നുണ്ട്.

ഈ വിധത്തില്‍ വേതനം കൈപ്പറ്റുന്ന ആശമാര്‍ അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുടെ വാദം തള്ളുന്നതായും ഫെഡറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതിദരിദ്രരില്ലാത്ത കേരള പ്രഖ്യാപന ദിവസം നടക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ തള്ളിക്കളയണമെന്നും ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്‌ക്കെതിരെ തിരിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അതിദാരിദ്യമുക്തമാകുന്നത്. അതുകൊണ്ട് തന്നെ പ്രസ്തുത പരിപാടികളില്‍ ആശാ വര്‍ക്കര്‍മാര്‍ പങ്കാളികളാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ക്ഷേമപദ്ധതികളില്‍ ആശാ വര്‍ക്കര്‍മാരെയും സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചിരുന്നു. ആശമാരുടെ ഓണറേറിയും 1,000 രൂപ വര്‍ധിപ്പിച്ചു.

എന്നാല്‍ ഓണറേറിയം വര്‍ധിപ്പിച്ച സര്‍ക്കാര്‍ പ്രഖ്യാപനത്തെ തള്ളുന്നതായിരുന്നു സമരം ചെയ്യുന്ന ആശമാരുടെ പ്രതികരണം. ആയിരം രൂപ വളരെ കുറവാണെന്നും സമരം തുടരുമെന്നുമാണ് ഇവരുടെ പ്രഖ്യാപനം.

പ്രതിദിനം 33 രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും സമരം ചെയ്യുന്ന ആശമാര്‍ പറയുന്നു. 264ാം ദിവസമാണ് സെക്രട്ടറിയേറ്റ് പടിക്കലില്‍ ആശമാരുടെ സമരം.

 

Content Highlight: ASHA workers are not extremely poor: ASHA Workers Federation (CITU)