യു.പിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ആശാ പ്രവര്‍ത്തക മരിച്ചു; വയര്‍ തുന്നിക്കെട്ടാതെ ഡോക്ടറും സംഘവും മുങ്ങി
national news
യു.പിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ആശാ പ്രവര്‍ത്തക മരിച്ചു; വയര്‍ തുന്നിക്കെട്ടാതെ ഡോക്ടറും സംഘവും മുങ്ങി
ആദര്‍ശ് എം.കെ.
Monday, 1st June 2026, 6:40 pm

 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ആശ പ്രവര്‍ത്തക മരണപ്പെട്ടു. 34കാരിയായ സീമാ ദേവിയാണ് മരിച്ചത്.

സിസേറിയന് ശേഷം വയര്‍ തുന്നിക്കെട്ടാതെ ഡോക്ടറും സംഘവും ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് കടന്നുകളഞ്ഞതായി സീമാ ദേവിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ നവജാതശിശു രക്ഷപ്പെട്ടു

മെയ് 29ന് രാത്രി പ്രസവവേദന അനുഭവപ്പെട്ട സീമയെ ഭര്‍ത്താവ് ദേവ് നാരായണ്‍ ആദ്യം സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് എത്തിച്ചത്. എന്നാല്‍ അവിടെ ഡോക്ടര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല.

ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് സീമയെ പരിശോധിച്ച് നില ഗുരുതരമാണെന്നും സിസേറിയന്‍ വേണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് നഴ്‌സിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ആംബുലന്‍സില്‍ കോണ്‍ ഏരിയയിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് സര്‍ജിക്കല്‍ സെന്റര്‍ എന്ന സ്വകാര്യ ആശുപത്രിയിലേക്ക് സീമയെ മാറ്റി.

ആശുപത്രിയിലെത്തിയപ്പോള്‍ 50,000 രൂപ ഡെപ്പോസിറ്റ് ആവശ്യപ്പെടുകയും കുടുംബത്തില്‍ നിന്ന് ഒപ്പുകള്‍ വാങ്ങുകയും ചെയ്തതായി പരാതിയുണ്ട്. ശസ്ത്രക്രിയയിലൂടെ നവജാതശിശുവിനെ പുറത്തെടുത്തെങ്കിലും സീമയുടെ നില വഷളായി.

ഈ സമയത്ത് വയറിലെ മുറിവ് തുന്നിക്കെട്ടുക പോലും ചെയ്യാതെ ഡോക്ടര്‍ നസീം അഹമ്മദും സംഘവും ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞ് ഭര്‍ത്താവ് അകത്തു കയറി നോക്കിയപ്പോഴാണ് സീമയെ ഓപ്പറേഷന്‍ ടേബിളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിസേറിയന്‍ നടത്തിയ ഡോ. നസീം അഹമ്മദ് ആയുര്‍വേദ ബിരുദധാരിയാണെന്നും ഇത്തരമൊരു ശസ്ത്രക്രിയ നടത്താന്‍ ഇയാള്‍ക്ക് യോഗ്യതയില്ലെന്നും കുടുംബം ആരോപിക്കുന്നു. അധികൃതര്‍ നേരത്തെ മൂന്ന് തവണ സീല്‍ ചെയ്ത ആശുപത്രിയാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സംഭവത്തില്‍ ഡോ. നസീം അഹമ്മദ്, നഴ്‌സ് സല്‍മ എന്നിവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ (ബി.എന്‍.എസ് സെക്ഷന്‍ 105), വഞ്ചന (സെക്ഷന്‍ 318) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ആംബുലന്‍സ് ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

 

Content Highlight: ASHA worker dies during obstetric surgery in UP; doctor and team drown without stitching the umbilical cord

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.