ആക്ഷന്‍ സിനിമകള്‍ മാത്രമേ വിജയിക്കുള്ളൂ എന്ന ധാരണ പൊളിച്ചെഴുതാന്‍ ആ തമിഴ് സിനിമക്ക് സാധിച്ചു: ആശ ശരത്
Indian Cinema
ആക്ഷന്‍ സിനിമകള്‍ മാത്രമേ വിജയിക്കുള്ളൂ എന്ന ധാരണ പൊളിച്ചെഴുതാന്‍ ആ തമിഴ് സിനിമക്ക് സാധിച്ചു: ആശ ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd July 2025, 7:08 am

സീരിയലില്‍ നിന്ന് സിനിമാലോകത്തേക്കെത്തിയ താരമാണ് ആശാ ശരത്. 2012ല്‍ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് ആശ ശരത് സിനിമാജീവിതം ആരംഭിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി. പിന്നീട് മലയാളത്തിലും തമിഴിലും കന്നഡയിലുമായി നിരവധി സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

മലയാളസിനിമകളും തമിഴ് സിനിമകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് ആശ ശരത്. മറ്റ് ഇന്‍ഡസ്ട്രികളെ വെച്ച് നോക്കുമ്പോള്‍ താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയാണ് മലയാളമെന്നും ഇവിടെ നിന്ന് വരുന്ന സിനിമകള്‍ ബജറ്റിനെക്കാള്‍ കണ്ടന്റിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ആശ ശരത് പറഞ്ഞു.

എന്നാല്‍ തമിഴ് സിനിമ വലിയൊരു ഇന്‍ഡസ്ട്രിയാണെന്നും അവരുടെ പ്രേക്ഷകര്‍ വലുതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ സിനിമകളാണ് കൂടുതലും തമിഴില്‍ നിന്ന് വരുന്നതെന്നും അവിടുത്തെ പ്രേക്ഷകര്‍ കൂടുതലായും അത്തരം സിനിമകളോടാണ് താത്പര്യം കാണിക്കുന്നതെന്നും അവര്‍ പറയുന്നു. ലിറ്റില്‍ ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ആശ ശരത്.

‘ഞാന്‍ മലയാളത്തിലും തമിഴിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. രണ്ട് ഇന്‍ഡസ്ട്രിയും വ്യത്യസ്തമാണ്. മലയാളം വളരെ ചെറിയ ഇന്‍ഡസ്ട്രിയാണ്. ഇവിടെയുള്ള പ്രേക്ഷകരും വളരെ കുറവാണ്. അപ്പോള്‍ അതിനനുസരിച്ചുള്ള ബജറ്റിലൊക്കെയേ സിനിമകള്‍ ഒരുക്കാറുള്ളൂ. എന്നാല്‍ കണ്ടന്റിന് വലിയ പ്രാധാന്യം കൊടുക്കാന്‍ പലപ്പോഴും ശ്രദ്ധിക്കും.

തമിഴ് സിനിമയുടെ കാര്യം നോക്കിയാല്‍ വലിയ ഇന്‍ഡസ്ട്രിയും അതിനനുസരിച്ച് വലിയൊരു സെറ്റ് പ്രേക്ഷകരും അവര്‍ക്കുണ്ട്. അത്രയും ആളുകള്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ ഗ്രാന്‍ഡായിട്ടുള്ള സിനിമകളാണ് പലപ്പോഴും തമിഴില്‍ ഒരുങ്ങുക. എന്നാല്‍ ഇപ്പോള്‍ ചെറിയ സിനിമകളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയുടെ വിജയം. മാസ് സീനോ, ആക്ഷന്‍ സീനോ ഇല്ലാതെ ആ സിനിമ വലിയ ഹിറ്റായി. കേരളത്തിലും ആ സിനിമ വലിയ ഹിറ്റായി മാറി. ഈയടുത്ത് വന്നതില്‍ ഏറ്റവും നല്ല സിനിമയെന്ന് ടൂറിസ്റ്റ് ഫാമിലിയെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല,’ ആശ ശരത് പറഞ്ഞു.

Content Highlight: Asha Sharath saying she likes Tourist Family movie