എഡിറ്റര്‍
എഡിറ്റര്‍
താജ്മഹലിന് ബാബരി മസ്ജിദിന്റെ ഗതിവരും: അസംഖാന്‍
എഡിറ്റര്‍
Thursday 19th October 2017 10:33am

 

ലക്‌നൗ: താജ്മഹലിന് ബാബരിമസ്ജിദിന്റെ ഗതി വരുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. താജ്മഹല്‍ ഹിന്ദുക്ഷേത്രമായിരുന്നെന്ന ബി.ജെ.പി എം.പി വിനയ്കത്യാറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്ന അസംഖാന്‍.

‘ബാബരി മസ്ജിദ് തകര്‍ത്തെങ്കില്‍ ഇന്ത്യയില്‍ ഏത് കെട്ടിടവും തകര്‍ക്കപ്പെടാം. ഒരു ദിവസം താജ്മഹല്‍ പൊളിച്ചെന്ന് കേട്ടാല്‍ അദ്ഭുതപ്പെടാന്‍ ഉണ്ടാവില്ല. രാമക്ഷേത്രത്തിന്റെ പേരില്‍ ബാബരിമസ്ജിദ് പൊളിച്ചെങ്കില്‍ ഇക്കൂട്ടര്‍ക്ക് പിന്നെ എന്തും ചെയ്യാം’ അസംഖാന്‍ പറഞ്ഞു.

രാമജന്മഭൂമി വിവാദസമയത്ത് സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകള്‍ മറികടന്നാണ് പള്ളി പൊളിച്ചത്. താജ്മഹലിനും ഇതേ സ്ഥിതി വരുമെന്ന് ഉറപ്പുണ്ട്. അന്താരാഷ്ട്ര പ്രശസ്തി ഉള്ളത് കൊണ്ടാണ് താജ്മഹല്‍ നിന്നു പോകുന്നതെന്നും അസംഖാന്‍ പറയുന്നു.

തേജോമഹലെന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹല്‍ എന്നാണ് രാജ്യസഭാംഗമായ വിനയ് കത്യാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. താജ്മഹല്‍ നിര്‍മിക്കാനായി ഷാജഹാന്‍ ക്ഷേത്രം തകര്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞ വിനയ് കത്യാര്‍ താന്‍ താജ്മഹല്‍ തകര്‍ക്കണമെന്ന് ആവശ്യപ്പെടുകയല്ലെന്നും പറഞ്ഞിരുന്നു.

 

 

രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണ നേടിയെടുക്കുന്നതിന് വി.എച്ച്.പി രൂപീകരിച്ച ബജ്‌റംഗദളിന്റെ സ്ഥാപക പ്രസിഡന്റാണ് വിനയ് കത്യാര്‍. ബാബരിമസ്ജിദ് ധ്വംസനക്കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് വിചാരണ നേരിടുന്ന പ്രമുഖ ബി.ജെ.പി നേതാക്കളില്‍ ഒരാളാണ് കത്യാര്‍.

താജ്മഹലിനെതിരെ ബി.ജെ.പി എം.എല്‍.എ സംഗീത് സോമും രംഗത്തെത്തിയിരുന്നു. എന്നാല്‍ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ വിവാദമായ സാഹചര്യത്തില്‍ ഇന്ത്യക്കാരായ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ടാണ് താജ്മഹല്‍ നിര്‍മിച്ചതെന്ന് യോഗിആദിത്യനാഥ് പറഞ്ഞിരുന്നു.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് തന്നെ മുന്‍പ് പറഞ്ഞത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Advertisement