സൂറത്ത്: 1947ലെ ഇന്ത്യന്‍ വിഭജനത്തിന് മുസ്‌ലിങ്ങള്‍ ഉത്തരവാദികളല്ലെന്നും അതിന് കാരണക്കാര്‍ കോണ്‍ഗ്രസ് ആണെന്നും ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) അധ്യക്ഷന്‍ അസദുദീന്‍ ഒവൈസി. ഗുജറാത്തിലെ ലിംബായത്തില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഒവൈസിയുടെ വിവാദ പരാമര്‍ശങ്ങള്‍.
മൗലാന അബുല്‍ കലാം ആസാദിന്റെ ‘ഇന്ത്യ വിന്‍സ് ഫ്രീഡം’ (India Wins Freedom) എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഒവൈസിയുടെ വിമര്‍ശനം.
‘വിഭജനത്തിന് മുസ്‌ലിങ്ങള്‍ ഉത്തരവാദികളല്ല. വിഭജനത്തിന് ഉത്തരവാദികളായവരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ലേ? ഇന്ത്യയെ വിഭജിക്കാന്‍ അനുവദിക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മൗലാന ആസാദ് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അടുക്കല്‍ പോയതായി തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്,’ ഒവൈസി പറഞ്ഞു.
വിഭജനത്തിന്റെ ഭാരം മുസ്‌ലിങ്ങളുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന ചരിത്ര വിവരണങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം ബി.ജെ.പിയെ സഹായിക്കാനാണ് മത്സരിക്കുന്നതെന്ന കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് കക്ഷികളുടെ ആരോപണങ്ങളെയും ഒവൈസി വിമര്‍ശിച്ചു. പശ്ചിമ ബംഗാളിലെ സീറ്റ് നില ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് 294 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 294 സീറ്റിലും ഇടത് മുന്നണി 250 സീറ്റിലും ബി.ജെ.പി 294 സീറ്റിലും മത്സരിക്കുന്നു. എന്നാല്‍ ഒവൈസിയുടെ പാര്‍ട്ടി വെറും 11 സീറ്റിലാണ് മത്സരിക്കുന്നത്. ഞാന്‍ മത്സരിക്കുന്നതിലാണ് അവര്‍ക്ക് പ്രശ്‌നം. ആ 11 സീറ്റിനെക്കുറിച്ച് മറക്കൂ, 270 സീറ്റുകളില്‍ വിജയിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തൂ,’ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് തന്റെ ഭരണഘടനാപരമായ അവകാശമാണെന്നും തന്നെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
‘സ്വന്തമായി ഒരു നേതൃത്വം കെട്ടിപ്പടുക്കുന്നതില്‍ നിന്ന് എത്ര കാലം നിങ്ങള്‍ ഈ സമൂഹത്തെ തടഞ്ഞുനിര്‍ത്തും?’ അദ്ദേഹം ചോദിച്ചു.
ബംഗാളില്‍ ബി.ജെ.പി ശക്തി പ്രാപിക്കാന്‍ കാരണം മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസാണെന്നും ഒവൈസി ആരോപിച്ചു. ഇന്ത്യയുടെ ഭരണഘടനയ്ക്കും മുസ്‌ലിങ്ങള്‍ക്കും ദരിദ്രര്‍ക്കും, ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വരുത്തുന്ന അത്രതന്നെ നാശനഷ്ടങ്ങള്‍ ടി.എം.സിയും വരുത്തുന്നുണ്ടെന്നും കുറ്റപ്പെടുത്തി.