2021 ഏപ്രില്‍ 24ന് നടത്തിയ ആദ്യ പ്രസംഗം മുതല്‍ അവസാനം നടത്തിയ ബജറ്റ് ചര്‍ച്ചയിലെ പ്രസംഗം വരെ ഓരോന്നും കേരളം മാത്രമല്ല, രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടതാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തൂണുകളെക്കുറിച്ചും, പ്രതിപക്ഷത്തിന്റെ പങ്കിനെക്കുറിച്ചും, ഫെഡറല്‍ ഘടനയില്‍ സംസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ.ബി.ആര്‍ അംബേദ്കറെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.
‘നിങ്ങള്‍ രാജ്യത്തെ നയിക്കുന്നത് രാജഭരണകാലത്തേക്കാണ്, ഇങ്ങനെ പോയാല്‍ സിംഹാസനം വരും പാര്‍ലമെന്റ് കൊട്ടാരമാകും’ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒറ്റയാന്റെ ആധിപത്യം വര്‍ധിക്കുന്നത് ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്, രാജ്യത്ത് ജനാധിപത്യം തിരിച്ച് പിടിച്ചേ തീരൂ….
ഇന്ത്യയുടെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജോണ്‍ ബ്രിട്ടാസ് എം.പി. പറഞ്ഞ വാക്കുകളാണിത്. രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു ഭാരതീയനും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍. സമീപകാലത്ത് ഒരു മലയാളിയുടെ വാക്കുകള്‍ രാജ്യം അതീവ ശ്രദ്ധയോടെ കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയുമാണ് ജോണ്‍ ബ്രിട്ടാസിന്റെ പാര്‍ലമെന്റ് പ്രസംഗങ്ങളിലൂടെ.
2021 ഏപ്രില്‍ 24ന് നടത്തിയ ആദ്യ പ്രസംഗം മുതല്‍ അവസാനം നടത്തിയ ബജറ്റ് ചര്‍ച്ചയിലെ പ്രസംഗം വരെ ഓരോന്നും കേരളം മാത്രമല്ല, രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടതാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തൂണുകളെക്കുറിച്ചും, പ്രതിപക്ഷത്തിന്റെ പങ്കിനെക്കുറിച്ചും, ഫെഡറല്‍ ഘടനയില്‍ സംസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ.ബി.ആര്‍ അംബേദ്കറെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.
കന്നി പ്രസംഗം മുതല്‍ രാജ്യം ഭരിക്കുന്നവരുടെ ചങ്കില്‍ കൊള്ളുന്ന വാക്കുകളാണ് പാര്‍ലമെന്റില്‍ ബ്രിട്ടാസ് തൊടുത്തു വിട്ടത്. ഇന്ത്യയുടെ സമ്പത്ത് മുഴുവന്‍ അമേരിക്കക്ക് നല്‍കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിന്റെ തെളിവാണ് ബജറ്റെന്നുമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ ബജറ്റ് ചര്‍ച്ചയിലെ പ്രസംഗത്തിലെ വിമര്‍ശനം.
ഭരണഘടന, ജനാധിപത്യം, മതേതരത്വം, വിദ്യാഭ്യാസം, ആരോഗ്യം, അമേരിക്കന്‍ ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഭരണപക്ഷത്തെ ഞെരിപിരി കൊള്ളിക്കുകയും പാര്‍ലമെന്റിനെ ചൂട് പിടിപ്പിക്കുകയും ചെയ്തത് ബ്രിട്ടാസിന്റെ പ്രസംഗങ്ങളാണ്.
കേവലം പ്രസംഗം എന്നതിനപ്പുറം നിരത്തി വെച്ച വസ്തുതകളും മര്‍മമറിഞ്ഞുള്ള പ്രഹരവും
കുറിക്കുകൊള്ളുന്ന പരിഹാസവുമെല്ലാമാണ് ആ പ്രസംഗങ്ങളുടെ ഉള്ളടക്കം. കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള താത്പര്യങ്ങളേയും മോഹങ്ങളെയും ദല്‍ഹിയിലെ തമ്പുരാക്കന്‍മാര്‍ക്ക് മുന്നില്‍ തന്നെ കുഴിച്ച് മൂടാനും പലപ്പോഴായി ബ്രിട്ടാസിന് കഴിയുന്നുണ്ട്.
കേരളത്തെ ഒറ്റു കൊടുക്കുന്ന മുന്നയെ പാര്‍ലമെന്റില്‍ ഇരുത്തി പൊരിച്ചത് മലയാളി കണ്ടതാണ്. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചപ്പോഴും സുരേഷ്‌ഗോപിയെ ബ്രിട്ടാസ് വെറുതെ വിട്ടില്ല. കേരളത്തില്‍ ഓരോ ജില്ലയിലും എയിംസ് പ്രഖ്യാപിച്ച സുരേഷ് ഗോപിയെ ഒന്നും നല്‍കാതെ അപമാനിച്ചു എന്നായിരുന്നു പരിഹാസം. കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ മാത്രം എന്നായിരുന്നു നിരീക്ഷണം.
ട്രംപ് ആണ് ഇന്ത്യയുടെ പെട്രോളിയം മന്ത്രി, ഹര്‍ദീപ് സിങ് പുരിയല്ല എന്ന ബ്രിട്ടാസിന്റെ വാക്കുകള്‍ ഭരണപക്ഷ ബെഞ്ചിനെ ഇളക്കി മറിച്ചിരുന്നു. രാഷ്ട്രീയനാടകത്തിന് വൈകാരികത പകരാന്‍ രാജ്യസഭയുടെ മേശപ്പുറത്ത് വെച്ച ആര്‍.എസ്.എസ് നേതാവ് സദാനന്ദന്‍ മാസ്റ്ററുടെ കൃത്രിമ കാലുകള്‍ ക്രമപ്രശ്‌നം ഉന്നയിച്ചാണ് ബ്രിട്ടാസ് താഴെയിറക്കിയത്. കൃത്രിമ കാലുകള്‍ പ്രദര്‍ശിപ്പിച്ച് നാടകം കളിച്ചോളൂ, നിങ്ങള്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍ സഭയില്‍ വെക്കാമെന്നായിരുന്നു ബ്രിട്ടാസിന്റെ വെല്ലുവിളി.
ഇലക്ടറല്‍ ബോണ്ടുകള്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ ബ്രിട്ടാസ് ഉയര്‍ത്തിയ ശബ്ദം രാജ്യം മുഴുവന്‍ ഏറ്റെടുത്തിരുന്നു. പ്രസിഡന്റിന്റെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ 2024 ഫെബ്രുവരിയില്‍ നടത്തിയ ‘ഞങ്ങളുടെ രാമന്‍ ഗാന്ധിയുടെ രാമനാണ്, നിങ്ങളുടെ രാമന്‍ ഗോഡ്‌സെയുടേതാണ്’ എന്ന പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു.
ഇന്ത്യ യു.എസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് സുപ്രധാനമായ നയതീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ അറിയിക്കുന്നതിന് പകരം എലോണ്‍ മസ്‌കിന്റെ എക്‌സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിടുന്നതിനെ ബ്രിട്ടാസ് ചോദ്യം ചെയ്തതിന് ശേഷമാണ് മറ്റു പലരും ഇത് ഏറ്റെടുത്തത്. വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി ചില മൃഗങ്ങളെ ‘ക്ഷുദ്രജീവി’യായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കേരളത്തിന്റെ ശബ്ദമാണ്.
വഖഫ് നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ നടത്തിയ പ്രസംഗവും ശ്രദ്ധേയമാണ്. ഇത് മുസ്‌ലിം വിഷയം മാത്രമല്ല, ഭരണഘടനയുടെ തുല്യതയും ആളുകളുടെ അവകാശങ്ങളും മതനിരപേക്ഷതയും സംബന്ധിച്ച വിഷയമാണെന്നാണ് ബ്രിട്ടാസിന്റെ വാദം. നിങ്ങള്‍ മോദിക്കൊപ്പമാണെങ്കില്‍ ദേശീയവാദിയും, മോദിക്കെതിരെയാണെങ്കില്‍ രാജ്യദ്രോഹിയുമാണ്’ എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് മറ്റൊരു പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 18,727 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയ വിഷയം കഴിഞ്ഞ ദിവസമാണ് എം.പി സഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. ദല്‍ഹിയുടെ അധികാരപദവികളില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രതിരോധമന്ത്രി ഉള്‍പ്പെടെ മലയാളി മേല്‍വിലാസം ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും കാമ്പുള്ള പ്രസംഗം കൊണ്ട് ഒരു മലയാളിയെ രാജ്യം കേള്‍ക്കുന്നത് സമീപ കാലത്ത് ബ്രിട്ടാസിലൂടെയാണ്.
കാല്‍ നൂറ്റാണ്ടിലതികമായി ദല്‍ഹി കേന്ദ്രമാക്കിയ എം.പി മാര്‍ കേരളത്തിലുണ്ട്. അവരാരും ബ്രിട്ടാസിനോളം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇടതുപക്ഷത്തിന്റെ മികച്ച തീരുമാനങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ രാജ്യസഭാപദവി.
രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ബ്രിട്ടാസിനെ തീരുമാനിക്കുമ്പോള്‍ നെറ്റി ചുളിച്ചവരുണ്ട്. എന്നാല്‍ ഇന്ന് ബ്രിട്ടാസാണ് ശരി എന്നതാണ് മലയാളികളുടെ പൊതുബോധം.
ഏറ്റവും കൃത്യമായി, സ്പഷ്ടമായി, ആശയപരമായി ബി.ജെ.പി, ആര്‍.എസ്.എസ്, സംഘപരിവാര്‍ എന്നെല്ലാം ഉച്ചരിക്കാന്‍ യാതൊരു മടിയും പരിമിതിയുമില്ലാതെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നു, തുറന്നുകാട്ടിക്കൊണ്ടേയിരിക്കുന്നു എന്നതാണ് ബ്രിട്ടാസിന്റെ വലിയ രാഷ്ട്രീയഗുണം. ഏറ്റവും പുതിയ വര്‍ത്തമാനകാല രാഷ്ട്രീയപ്രശ്‌നങ്ങള്‍ തക്ക സമയത്ത് ഉന്നയിക്കുന്നതിനാല്‍ കേരളം മാത്രമല്ല ഇന്ത്യയിലെ പ്രതിപക്ഷ ബോധമുള്ള ഒട്ടുമിക്കവരും അദ്ദേഹത്തെ ശ്രദ്ധിക്കുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്.
ജോണ്‍ ബ്രിട്ടാസ്, Photo: John Brittas/facebook
ട്രംപിന്റെ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി പ്രതികരിക്കുന്ന ഇല്‍ഹാന്‍ ഒമര്‍, അലക്‌സാണ്ട്രിയ ഒക്കാസിയോ-കോര്‍ട്ടസ്, ബെര്‍ണി സാന്‍ഡേഴ്‌സ് എന്നിവരെ പോലെ മോദിക്കും മോദി ഭരണ കൂടത്തിന്റെ നെറികേടുകള്‍ക്കുമെതിരെ പരിധികളികളില്ലാതെ പ്രതികരിക്കുകയാണ് ഈ മലയാളി എം പി. ബഹളമല്ല, എതിരാളി കളെ പോലും ആകര്‍ഷിക്കുന്നതാണ് ബ്രിട്ടാസ് ശൈലി. ചിരി മായാതെ തന്നെ കടുത്ത വിമര്‍ശനമുന്നയിക്കാന്‍ ബ്രിട്ടാസിന് കഴിയും.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നടത്തിയ പ്രസംഗം സഭയുടെ അന്നത്തെ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡുവിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ലെജിസ്ലേറ്റീവ് റിസര്‍ച്ച് ഡാറ്റ പ്രകാരം, 889 ചര്‍ച്ചകളില്‍ പങ്കെടുത്ത് ദേശീയ ശരാശരിയേക്കാള്‍ (90.3) പത്തിരട്ടി മുന്നിലാണ് അദ്ദേഹം. ഇതുവരെ 16 സ്വകാര്യ ബില്ലുകളാണ് ബ്രിട്ടാസ് അവതരിപ്പിച്ചത്, ഇത് ദേശീയ ശരാശരിയായ 1.2 നേക്കാള്‍ വളരെ കൂടുതലാണ്.
അവതരണത്തില്‍ മാത്രമല്ല, പ്രകടനത്തിലും അദ്ദേഹം മുന്നിലാണ്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എം.പിമാരില്‍ ജോണ്‍ ബ്രിട്ടാസാണ് കൂടുതല്‍ സംഖ്യ ചെലവഴിച്ചത്. 16.60 കോടിയില്‍ 26.32 ശതമാനം. 2023 ല്‍ മികച്ച നവാഗത പാര്‍ലമെന്റേറിയന്‍ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. എ.കെ.ജിയുടെ ശ്രദ്ധേയമായ പാര്‍ലമെന്റ് പ്രസംഗങ്ങളില്‍ ഒന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴായിരുന്നു.
‘ഇന്ദിര ഗാന്ധി പെണ്‍ഹിറ്റ്‌ലര്‍ ആകരുത്. എന്നെയും ഇ.എം.എസിനെയും വിട്ടശേഷം എന്റെ 3000 സഖാക്കളെ എന്തുകൊണ്ട് ജയിലില്‍നിന്നു വിടുന്നില്ല, മാര്‍ക്‌സിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് ലോകത്തെ ധരിപ്പിക്കാനല്ലേ എന്നെയും ഇ.എം.എസിനെ മാത്രം മോചിപ്പിച്ചത് ‘ എ.കെ.ജിയുടെ ശബ്ദം അന്ന് രാജ്യം ശ്രദ്ധിച്ചിരുന്നു.
എ.കെ.ജിക്ക് ശേഷം ഒരു മലയാളിയുടെ ശബ്ദം പാര്‍ലമെന്റിലൂടെ രാജ്യം കേള്‍ക്കുകയാണ് തുടര്‍ച്ചയായി. ചെറുപ്പത്തില്‍ തന്നെ ഇന്ത്യന്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകനാകാന്‍ ഡോ. ജോണ്‍ ബ്രിട്ടാസിന് അവസരം ലഭിച്ചിട്ടുണ്ട്.
ആഗോളവല്‍ക്കരണം ഇന്ത്യന്‍ മാധ്യമങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിന് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെ.എന്‍.യു) നിന്ന് ഡോക്ടറേറ്റ് നേടിയ ബ്രിട്ടാസിന് ഇന്ത്യന്‍ സമൂഹത്തെയും രാഷ്ട്രീയത്തെയും രൂപപ്പെടുത്തിയ പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
ബാബറി മസ്ജിദ് തകര്‍ക്കല്‍, ഗുജറാത്ത് കലാപം, പാകിസ്ഥാനിലെ സംഭവങ്ങള്‍, നേപ്പാള്‍ തെരഞ്ഞെടുപ്പ് എന്നിവ ബ്രിട്ടാസ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക ഇറാഖ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ ബാഗ്ദാദിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.
ഇറാഖില്‍ നിന്നെഴുതിയ ‘ബാഗ്ദാദ് ഡയറി’ ശ്രദ്ധേയമായിരുന്നു. ബ്രിട്ടാസ് സി.പി.എമ്മിന്റെ പരീക്ഷണമായിരുന്നില്ല, മറിച്ച് അതൊരു ശരിയായ തീരുമാനമായിരുന്നു. രാജ്യതലസ്ഥാനത്ത് നിന്നും അയാള്‍ തന്റെ രാഷ്ട്രീയമാണ് പറയുന്നത്. പറയുന്ന വാക്കുകള്‍ ഇന്ത്യ മുഴുവന്‍ കേള്‍ക്കുകയാണ്.
Content Highlight: As the nation listens to John Brittas’s parliamentary speeches