ഈ.മ.യൗ, ഇരട്ട, മിന്നല്‍ മുരളി, ഓസ്‌ലര്‍ എന്നീ ചിത്രങ്ങളിലൂടെ പരിചിതയായ നടിയാണ് ആര്യ സലിം. അടുത്തിടെ ഇറങ്ങി മികച്ച വിജയം സ്വന്തമാക്കിയ നരിവേട്ടയിലും ആര്യ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആദിവാസി നേതാവായ സി.കെ. ശാന്തി എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. 2003ലെ മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമായിരുന്നു നരിവേട്ടയുടെ പ്രമേയം.
ഇപ്പോള്‍ സിനമയില്‍ തനിക്കുള്ള മറ്റ് ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആര്യ സലിം. കിക്ക് ബോക്‌സിങ് പഠിക്കുന്നുണ്ടെന്നും ഓസ്‌ലര്‍ സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ചെയ്യാന്‍ അത് സഹായിച്ചിട്ടുണ്ടെന്നും ആര്യ പറയുന്നു. ആക്ഷന്‍ ചെയ്യാന്‍ തനിക്കിഷ്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറെ സ്വപ്‌നങ്ങളുള്ള ആളാണ് താനെന്നും ആഷിക് അബു, സൗബിന്‍ക്ക, ഫഹദ് ഫാസില്‍ അങ്ങനെ കുറേപ്പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും ആര്യ പറഞ്ഞു.
ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പം അഭിനയിക്കണമെന്നത് തന്റെ വലിയൊരു സ്വപ്‌നമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. കൈതിയില്‍ കാര്‍ത്തിയുടെ കഥാപാത്രം വിജി എന്നൊരാളെപ്പറ്റി പറയുന്നുണ്ടെന്നും ആ കഥാപാത്രം ചെയ്യാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നും ആര്യ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു ആര്യ സലിം.
‘കിക്ക് ബോക്സിങ് പഠിക്കുന്നുണ്ട്. ഓസ്‌ലര്‍ സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ചെയ്യാന്‍ അത് സഹായിച്ചിട്ടുണ്ട്. ആക്ഷന്‍ ചെയ്യാന്‍ ഇഷ്ടമാണ്. നൃത്തംചെയ്യാറുണ്ട്. കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്. എനിക്ക് കുറെ സ്വപ്നങ്ങളുണ്ട്. ആഷിക് അബു, സൗബിന്‍ക്ക, ഫഹദ് ഫാസില്‍ അങ്ങനെ കുറേപ്പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കണം. ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പം അഭിനയിക്കണമെന്നത് സ്വപ്നമാണ്.
കൈതിയില്‍ കാര്‍ത്തിയുടെ കഥാപാത്രം വിജി എന്നൊരാളെപ്പറ്റി പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ആ കഥാപാത്രം ചെയ്യാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ, അതിന്റെ കാസ്റ്റിങ് കഴിഞ്ഞെന്നാണ് അറിഞ്ഞത്. എന്റെ ലിസ്റ്റ് ഇവിടെയൊന്നും തീരില്ല. അവഞ്ചേഴ്‌സ് പോലത്തെ സീരീസില്‍ വരണമെന്നൊക്കെ ഞാന്‍ സ്വപ്നം കാണാറുണ്ട്. സ്വപ്നങ്ങളെപ്പറ്റി കൂടുതല്‍ പറഞ്ഞാല്‍ നടക്കില്ലെന്ന് കേട്ടിട്ടുണ്ട്,’ ആര്യ സലിം പറയുന്നു.
Content Highlight: Arya Salim talks about those she would like to work with in films.