മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ആര്യ സലിം. ഈ.മ.യൗ, തമാശ, ആര്‍ക്കറിയം, മിന്നല്‍ മുരളി, ഭീമന്റെ വഴി, ഇരട്ട, ആര്‍.ഡി.എക്സ്, അബ്രഹാം ഓസ്ലര്‍ എന്നീ സിനിമകളിലെല്ലാം ആര്യ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ ഈയിടെ ഇറങ്ങി വന്‍ വിജയമായ നരിവേട്ട എന്ന ചിത്രത്തിലും ആര്യ സലിം അഭിനയിച്ചിരുന്നു.
2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമായിരുന്നു നരിവേട്ടയുടെ പ്രമേയം. ആദിവാസി നേതാവായ സി.കെ. ശാന്തി എന്ന ശക്തമായ കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. ചിത്രത്തിലെ വേഷം നടിക്ക് മലയാള സിനിമയില്‍ കൂടുതല്‍ ശ്രദ്ധ നേടികൊടുത്തു.
മിക്ക സിനിമകളിലും ആര്യ പൊലീസ് വേഷമാണ് കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് നടി. ഇ.മ.യൗ.വിലെ വേഷം കണ്ടിട്ടാണ് ഗൗരവമുള്ള മറ്റ് കഥാപാത്രങ്ങളും തന്നെത്തേടിയെത്തിയതെന്ന് അവര്‍ പറയുന്നു. കൂടുതലും പോലീസ് വേഷങ്ങളായിരുന്നുവെന്നും ആദ്യസിനിമയായ തൃശ്ശിവപേരൂര്‍ ക്ലിപ്തം, പിന്നീട് വന്ന ഇരട്ട, അബ്രഹാം ഓസ്ലര്‍ എന്നീ സിനിമകളിലൊക്കെ പൊലീസ് വേഷങ്ങളാണ് താന്‍ ചെയ്തതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
ഇരട്ടയിലെ വേഷം താന്‍ ചോദിച്ചുവാങ്ങിച്ചതാണെന്നും പ്രായം കൂടുതല്‍ ഉണ്ടെന്ന് കരുതി അവര്‍ ആദ്യം ഒഴിവാക്കിയിരുന്നുവെന്നും അവര്‍ പറയുന്നു. പിന്നീട് തന്റെ ഒരു ഫോട്ടോ അയച്ചുകൊടുത്തപ്പോള്‍ അവര്‍ക്ക് ബോധ്യമായെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ആര്യ സലിം
‘ഇ.മ.യൗ.വിലെ വേഷം കണ്ടിട്ടാണ് ഗൗരവമുള്ള മറ്റു കഥാപാത്രങ്ങളും എന്നെത്തേടിയെത്തുന്നത്. കൂടുതലും പോലീസ് വേഷങ്ങളായിരുന്നു. ആദ്യസിനിമയായ തൃശ്ശിവപേരൂര്‍ ക്ലിപ്തം, പിന്നീട് ഇരട്ട, അബ്രഹാം ഓസ്ലര്‍ എന്നീ സിനിമകളിലൊക്കെ പോലീസ് വേഷങ്ങളാണ് ചെയ്തത്. ഇരട്ടയിലെ വേഷം ഞാന്‍ ചോദിച്ചുവാങ്ങിച്ചതാണ്. എനിക്ക് പ്രായം കൂടുതല്‍ ഉണ്ടെന്ന് കരുതി അവര്‍ ആദ്യം ഒഴിവാക്കിയതായിരുന്നു.
പിന്നീട് ഒരു ഫോട്ടോ അയച്ചുകൊടുത്തു. അതുകണ്ടപ്പോള്‍ അവര്‍ക്ക് ബോധ്യമായി. ഇനി ശാന്തിയെ മറികടക്കുന്ന കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. പ്രണയസിനിമകളില്‍ അഭിനയിക്കണം. നെഗറ്റീവ് കഥാപാത്രങ്ങളും ചെയ്യണം. ഇതൊക്കെയാണ് ഇപ്പോഴത്തെ ആഗ്രഹങ്ങള്‍,’ആര്യ സലിം പറയുന്നു.
Content highlight: Arya Salim says that she was initially excluded from the film Iratta because she was too old.