'മച്ചാ ഒന്ന് ശ്രദ്ധിച്ച് ചെയ്യ്' എന്ന് കാർത്തി; അവൻ പറഞ്ഞതിന്റെ അർത്ഥം അന്നെനിക് മനസ്സിലായില്ല: ആര്യ
Entertainment news
'മച്ചാ ഒന്ന് ശ്രദ്ധിച്ച് ചെയ്യ്' എന്ന് കാർത്തി; അവൻ പറഞ്ഞതിന്റെ അർത്ഥം അന്നെനിക് മനസ്സിലായില്ല: ആര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th November 2023, 4:27 pm

മണിരത്നത്തിന്റെ അസിസ്റ്റന്റ് ആയി സിനിമാ ഇൻഡസ്ട്രയിലേക്ക് കടന്നു വന്ന നടനാണ് കാർത്തി. 2007ൽ പുറത്തിറങ്ങിയ പരുത്തിവീരനാണ് കാർത്തിയുടെ ആദ്യ സിനിമ. പിന്നീട് നാൻ മഹൻ, പയ്യ, കൈതി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ കാർത്തി സമ്മാനിച്ചു. രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ജപ്പാനാണ് കാർത്തിയുടെ പുതിയ ചിത്രം. കാർത്തിയുടെ കരിയറിലെ 25ാമത്തെ ചിത്രം കൂടിയാണ് ജപ്പാൻ. കാർത്തിയുടെ 25ാമത്തെ പടമായ ജപ്പാന്റെ ആഘോഷ വേളയിൽ ജയം രവി, വിശാൽ, ആര്യ തുടങ്ങിയവർ എത്തിയിരുന്നു.

വേദിയിൽ വെച്ച് കാർത്തിക്കൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് ആര്യ. തന്റെ അറിവിൽ 25 പടം വളരെ സാവധാനത്തിൽ എത്തിയ നടൻ കാർത്തിയാണെന്നും എന്നാൽ വിജയത്തിന്റെ കാര്യത്തിൽ മുന്നിലാണെന്നും ആര്യ കൂട്ടിച്ചേർത്തു.

‘എന്റെ അറിവിൽ കാർത്തി വളരെ പതുക്കെയാണ് 25 പടം പൂർത്തിയാക്കിയത്. വേറെ നടന്മാരെ താരതമ്യം ചെയ്യുമ്പോൾ വളരെ സാവധാനത്തിൽ ഉള്ള 25 പടം കാർത്തിയുടെതാണ്. മറ്റുള്ള നടന്മാർ ഈ നേരം കൊണ്ട് 50 പടം ചെയ്തിരിക്കും. പക്ഷേ വിജയത്തിന്റെ കാര്യത്തിൽ കാർത്തി വളരെ മുന്നിലാണ്. അത് എന്തായാലും അവന്റെ കഥ തെരഞ്ഞെടുക്കുന്നതിനുള്ള കഴിവാണ്.

അത് പറയാനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഒരു ചെറിയ സംഭവം ഉണ്ടായി. കാര്‍ത്തിയെ നായകനായി ഉദ്ദേശിച്ച ഒരു പടത്തിന്റെ സ്‌ക്രിപ്റ്റ് എന്റെ അടുത്തെത്തിയിരുന്നു. അങ്ങനെ ഒരു ദിവസം ഒരു പരിപാടിയില്‍ വെച്ച് ഞാന്‍ അവനെ കണ്ടു. അവിടെവെച്ച് കാർത്തി എന്നോട് ‘മച്ചാ നീ ഇങ്ങനെ ഒരു പടം ചെയ്യുന്നുണ്ടോ’ എന്ന് ചോദിച്ചു. ഇവൻ അത് മിസ്സ് ചെയ്യുന്നുണ്ട് അതുകൊണ്ടാണ് ചോദിക്കുന്നത് എന്ന് എനിക്ക് തോന്നി.

‘അതേ മച്ചാ ഞാൻ ചെയ്യുന്നുണ്ട്’ എന്ന് പറഞ്ഞു. നീ എന്താ അത് ചെയ്യാത്തത് എന്ന് ഞാൻ അവനോട് ചോദിച്ചു. ‘എനിക്ക് ആ കഥാപാത്രം അത്ര സെറ്റായിരുന്നില്ല’ എന്നായിരുന്നു മറുപടി. ഞാൻ ഓക്കേ എടാ എന്ന് പറഞ്ഞു. ഞാൻ പോകാൻ നേരം ‘മച്ചാ ഒന്ന് ശ്രദ്ധിച്ച് ചെയ്യ്’ എന്ന് കാർത്തി എന്നോട് പറഞ്ഞു.

ഇവൻ എന്തിനാണ് ശ്രദ്ധിച്ചു ചെയ്യാൻ പറഞ്ഞതെന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. പക്ഷേ അത് പടം റിലീസ് ആയതിനുശേഷം മനസ്സിലായി. അതിനുശേഷം കാർത്തിയുടെ അടുത്ത് വന്ന സ്ക്രിപ്റ്റുമായി ആരെങ്കിലും എന്നെ സമീപിച്ചാൽ ആ കഥ ഞാൻ അത് കേൾക്കാറില്ല. ഒരു കൂട്ടുകാരൻ എന്ന രീതിയിൽ എനിക്ക് കാർത്തിയെ ഭയങ്കര ഇഷ്ടമാണ്. ഞാൻ ഒരുപാട് അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്, ഈ പടം എങ്ങനെയുണ്ട് ഈയൊരു കഥ കൊള്ളാമോ എന്നൊക്കെ,’ ആര്യ പറഞ്ഞു.

Content Highlight: Arya about karthi’s carrier