ജാമ്യത്തിലിറങ്ങിയാല്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കരുത്; സുപ്രീം കോടതി
national news
ജാമ്യത്തിലിറങ്ങിയാല്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കരുത്; സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2024, 3:08 pm

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ ഉറപ്പ് നല്‍കണമെന്ന് സുപ്രീം കോടതി. നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാണെന്ന് കെജ്‌രിവാള്‍ കോടതിക്ക് ഉറപ്പ് നല്‍കി.

അതിനിടെ, ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സുപ്രീം കോടി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ഫയലുകളില്‍ ഒപ്പിട്ടില്ലെന്ന കാരണത്താല്‍ ദല്‍ഹി ലെഫ്റ്റണന്റ് ഗവര്‍ണര്‍ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തില്ലെന്ന് കോടതി ഉറപ്പ് നല്‍കണമെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പറഞ്ഞു.

മദ്യനയക്കേസില്‍ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് കൊണ്ട് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് നിരീക്ഷണം. ജസ്റ്റിസുമാര സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം.

കെജ്‌രിവാള്‍ ഒരു സ്ഥിരം കുറ്റവാളി അല്ലെന്നും സമൂഹത്തിന് ഭീഷണിയായ ആളല്ലെന്നും സിങ്‌വി കൂട്ടിച്ചേര്‍ത്തു. വാദം കോടതി ശരിവെക്കുകയും ചെയ്തു. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.

അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച റിട്ട് ഹരജി ദല്‍ഹി ഹൈക്കോടതി ഏപ്രില്‍ ഒമ്പതിന് തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

ഏപ്രില്‍ 29ന് കേസ് പരിഗണിച്ച സുപ്രീം കോടതി കെജ്‌രിവാളിനെ തെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്ത സാഹചര്യം വിശദീകരിക്കണമെന്ന് കാട്ടി ഇ.ഡിക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. മെയ് മൂന്നിന് വിശദീകരണം നല്‍കണമെന്നാണ് കോടതി പറഞ്ഞത്.

അതിനിടെ, കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി ദല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിറക്കി. മെയ് 20 വരെയാണ് നീട്ടിയത്.

Content Highlight: Arvind Kejriwal won’t do official duties if released, says SC