കൊച്ചി: ഗസയോട് ഐക്യദാര്‍ഢ്യപ്പെടാതെ ഒരു വേദിയിലും സംസാരിക്കാനാവില്ലെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട, പ്രൊഫ. ജി എന്‍ സായിബാബയെ കാലങ്ങളോളം ജയിലിലടച്ച രാജ്യത്താണ് നാം ജീവിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു. തന്റെ അമ്മ മേരി റോയിയെ കുറിച്ച് എഴുതിയ ‘മദര്‍ മേരി കംസ് ടു മീ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അവര്‍.
‘ഗസയില്‍ പട്ടിണിയാല്‍ വലയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവിടെ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ക്രൂരമായ വംശഹത്യ നടക്കുകയാണ്. അത് തടയാന്‍ കഴിയാത്തവിധം നിസഹായരാണ് നമ്മെളെന്നതില്‍ ലജ്ജിക്കാം.
ഞാനിന്ന് ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ ഉമര്‍ ഖാലിദിന് വീണ്ടും ഹൈക്കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നു. എന്റെ പല സുഹൃത്തുക്കളും അഞ്ച് വര്‍ഷമായി ജയിലിലാണ്.
എന്റെ സുഹൃത്ത് സായി ബാബ പത്ത് വർഷമാണ് ജയിലിൽ കിടന്നത്. അതിന് ശേഷമാണ് നിരപരാധിയെന്ന് തെളിഞ്ഞത്. മോചിതനായി പുറത്ത് വന്ന അദ്ദേഹം മരിച്ചു,’ അരുന്ധതി റോയ് പറഞ്ഞു.
എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ താന്‍ ഇഷ്ടപ്പെടുന്ന എല്ലാവരും പ്രകാശനത്തിന് എത്തിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് അത് സുരക്ഷാ ഭീഷണിയായേക്കാമെന്നും അവര്‍ പറഞ്ഞു. തന്റെ അമ്മയെ കുറിച്ചുള്ള ഓര്‍മകളും അവര്‍ പങ്കുവെച്ചു.
കോട്ടയത്തെ പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപകയും ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിയ്ക്ക് വഴിയുമൊരുക്കിയത് എഴുത്തുകാരിയുടെ അമ്മ മേരി റോയ് ആയിരുന്നു.
പുസ്തകത്തിലെ ആദ്യ അധ്യായമായ ഗ്യാങ്സ്റ്റര്‍ വായിച്ചാണ് അരുന്ധതി റോയ് ചടങ്ങിന് തുടക്കം കുറിച്ചത്. അമ്മ എന്താണെന്ന് ലോകത്തോട് പങ്കുവയ്ക്കാന്‍ തന്നെയാണ് പുസ്തകം എഴുതിയതെന്ന് അവര്‍ പറഞ്ഞു. അമ്മയുമായുള്ള അടുപ്പവും അകല്‍ച്ചയും പുസ്തകത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അമ്മ പലപ്പോഴും തന്റെ തീരുമാനങ്ങളെ എതിര്‍ത്തിരുന്നുവെന്നും സ്‌നേഹം അത്രമാത്രം പ്രകടിപ്പിക്കാന്‍ അറിയാത്ത ഒരാളുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്കും അരുന്ധതി റോയ് ഉത്തരം നല്‍കി. ഇസ്രഈലിന് വംശഹത്യയ്ക്ക് അമേരിക്ക ആയുധവും പണവും നല്‍കുമ്പോള്‍ തൊഴില്‍ തേടി പോകുന്ന പൗരന്മാരിലൂടെ ദാരിദ്ര്യമാണ് ഇന്ത്യ വില്‍ക്കുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.
Content Highlight: Arundhati Roy says that we cannot speak without solidarity with Gaza