ഫലസ്തീനിയന്‍ സ്ത്രീകളുടെ പ്രതിരോധം പ്രബദ്ധമാക്കി; ടി.ഐ.ഐ.കെ.എം സമ്മേളനത്തില്‍ ബെസ്റ്റ് പെര്‍ഫോമറായി അരുന്ധതി
Kerala
ഫലസ്തീനിയന്‍ സ്ത്രീകളുടെ പ്രതിരോധം പ്രബദ്ധമാക്കി; ടി.ഐ.ഐ.കെ.എം സമ്മേളനത്തില്‍ ബെസ്റ്റ് പെര്‍ഫോമറായി അരുന്ധതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th October 2025, 5:12 pm

ബാങ്കോക്ക്: തായ്‌ലൻഡിൽ നടന്ന എട്ടാമത് ടി.ഐ.ഐ.കെ.എം (TIIKM) സമ്മേളനത്തില്‍ ഓവറോള്‍ ബെസ്റ്റ് പെര്‍ഫോമറായി അരുന്ധതി ബി. ഫലസ്തീന്‍ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചാണ് അരുന്ധതി ഈ നേട്ടം കൈവരിച്ചത്.

ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അക്കാദമിസ്റ്റുകളും ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിലായിരുന്നു അരുന്ധതിയുടെ പ്രബന്ധാവതരണം.

‘feminist solidarities and the politics of security; women’s interventions in the Palestinian Struggle’ എന്ന തലക്കെട്ടോട് കൂടിയ പ്രബന്ധമാണ് അരുന്ധതി അവതരിപ്പിച്ചത്. ബെസ്റ്റ് പെര്‍ഫോമറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്റെ ഈ വിജയം ഫലസ്തീനിലെ പോരാടുന്ന ജനതയ്ക്കാണ് അരുന്ധതി സമര്‍പ്പിച്ചത്.

‘International conference on gender and sexuality’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു തായ്‌ലൻഡിന്റെ തലസ്ഥാന നഗരിയായ ബാങ്കോക്കില്‍ നടന്ന ടി.ഐ.ഐ.കെ.എം സമ്മേളനം. ഒക്ടോബര്‍ 23ന് തന്റെ പ്രബന്ധത്തെ കുറിച്ച് അരുന്ധതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ‘ഇരുണ്ട കാലത്ത് പ്രബന്ധങ്ങള്‍ ഉണ്ടാകുമോ? ഉണ്ടാകണം. ഇരുണ്ട കാലത്തേക്കുറിച്ചുള്ള പ്രബന്ധങ്ങള്‍,’ എന്നായിരുന്നു കുറിപ്പിലെ വാചകം.

ഇതിനുമുമ്പും ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് അരുന്ധതി ബി രംഗത്തെത്തിയിട്ടുണ്ട്. പതിനായിരങ്ങള്‍ക്ക് ജീവന്‍ ബലി നല്‍കേണ്ടി വന്നെങ്കിലും ഇസ്രഈലെന്ന കൊളോണിയല്‍ ഭീകരവാദി രാജ്യം ലോകത്തിന് മുന്നില്‍ വെളിപ്പെട്ട് നില്‍ക്കുന്ന കാലമാണിതെന്ന് ചൂണ്ടിക്കാട്ടുന്ന അരുന്ധതിയുടെ ഫേസ്ബുക്ക് കുറിപ്പ് അടുത്തിടെ ചര്‍ച്ചയായിരുന്നു.

റേച്ചല്‍ കോറിയെ കൊലപ്പെടുത്തിയ അതേ ലാഘവത്തില്‍ ഗ്രെറ്റ തെന്‍ബെര്‍ഗിനെ കൊല്ലാന്‍ കഴിയുന്ന സാഹചര്യമല്ല ഇന്ന് ഇസ്രഈലിനുള്ളതെന്നും അരുന്ധതി പരാമര്‍ശിച്ചിരുന്നു.

ഗസയിലേക്ക് മാനുഷിക സഹായവുമായി തിരിച്ച ഫ്രീഡം ഫ്‌ലോട്ടില്ലയുടെ കപ്പല്‍ പിടിച്ചെടുത്ത് അതിലുണ്ടായിരുന്ന ഗ്രെറ്റ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ഇസ്രഈല്‍ നാടുകടത്തിയതിന് പിന്നാലെയായിരുന്നു അരുന്ധതിയുടെ പ്രതികരണം.

ഗ്രെറ്റയുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ ചെറിയൊരു പങ്ക് ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന നമ്മുടെയെല്ലാം മനസാക്ഷിക്കുണ്ടെന്നും അരുന്ധതി അന്ന് പറഞ്ഞിരുന്നു.

Content Highlight: Arundhathi is the best performer at TIIKM conference, in thesis of Palestinian women