ഫഹദ് അവസാന നിമിഷം പിന്മാറിയതോടെ എന്നെത്തേടി ആ സിനിമ വന്നു, കരിയറിലെ മികച്ച റോളായി മാറി: അരുണ്‍ വിജയ്
Indian Cinema
ഫഹദ് അവസാന നിമിഷം പിന്മാറിയതോടെ എന്നെത്തേടി ആ സിനിമ വന്നു, കരിയറിലെ മികച്ച റോളായി മാറി: അരുണ്‍ വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st October 2025, 8:23 am

തമിഴിലെ പഴയകാല നടനായ വിജയകുമാറിന്റെ മകനാണ് അരുണ്‍ വിജയ്. 1998ല്‍ സിനിമാലോകത്തേക്ക് കടന്നുവന്ന അരുണ്‍ വിജയ്ക്ക് കരിയറില്‍ വലിയൊരു വഴിത്തിരിവ് ലഭിച്ചത് 2014ലായിരുന്നു. അജിത് നായകനായ എന്നൈ അറിന്താലിലെ വില്ലന്‍ വേഷം അരുണിന്റെ കരിയര്‍ മാറ്റിമറിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ഇന്‍ഡസ്ട്രിയില്‍ മുന്‍നിരയിലെത്താന്‍ അരുണിന് സാധിച്ചു.

കരിയറില്‍ ചെയ്ത മികച്ച വേഷങ്ങള്‍ തന്നെത്തേടിയെത്തിയതാണെന്നും ആരോടും അവസരം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പറയുകയാണ് താരം. തന്നെ വിശ്വസിച്ച് ഏല്പ്പിച്ച റോളുകള്‍ പരമാവധി നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചെന്നാണ് തന്റെ വിശ്വാസമെന്ന് അരുണ്‍ വിജയ് പറഞ്ഞു. മറ്റ് നടന്മാര്‍ വേണ്ടെന്ന് വെച്ച വേഷങ്ങളും തന്നെത്തേടിയെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്നൈ അറിന്താലിലെ വിക്ടറിന് ശേഷം വലിയ ഇംപാക്ടുണ്ടാക്കിയ വേഷമായിരുന്നു ചെക്ക ചിവന്ത വാനത്തിലെ ത്യാഗു. ആ പടത്തിന്റെ എഡിറ്റ് റീല്‍സ് ഇപ്പോഴും പലരും എനിക്ക് അയച്ചു തരാറുണ്ട്. സത്യം പറഞ്ഞാല്‍ ആ റോള്‍ ആദ്യം ചെയ്യാനിരുന്നത് ഫഹദ് ഫാസിലായിരുന്നു. എന്നാല്‍ അവസാന നിമിഷം ഫഹദ് ആ പടത്തില്‍ നിന്ന് പിന്മാറി.

വേറെ ആര് ആ വേഷം ചെയ്യുമെന്ന് ചര്‍ച്ച നടത്തി. ആ പടത്തിന്റെ നാലഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ‘അരുണ്‍ വിജയ് ചെയ്താല്‍ നന്നായിരിക്കും’ എന്ന് പറഞ്ഞു. അതോടെയാണ് ആ റോള്‍ എനിക്ക് കിട്ടിയത്. അതായത്, ഒരു വേഷം എനിക്ക് വിധിച്ചതാണെങ്കില്‍ എന്നെത്തേടി വരുമെന്ന് ആ ഒരു സംഭവത്തോടെ തിരിച്ചറിഞ്ഞു.

ചെക്ക ചിവന്ത വാനത്തിലെ ത്യാഗു കരിയറിലെ ബെഞ്ച്മാര്‍ക്കായിരുന്നു. അത്തരം വേഷങ്ങള്‍ ഒരു നടനെ സംബന്ധിച്ച് ചാലഞ്ചിങ്ങാണ്. പിന്നീട് എന്നെത്തേടി വരുന്ന വേഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങി. നായകനായി മാത്രമേ സിനിമ ചെയ്യൂ എന്ന നിര്‍ബന്ധമൊന്നും എനിക്കില്ല. ഇഡ്‌ലി കടൈയില്‍ ധനുഷിന്റെ വില്ലനാണ് ഞാന്‍. ധനുഷിന്റെ സംവിധാനത്തില്‍ അഭിനയിക്കുക എന്ന ആഗ്രഹം ഇതോടെ സഫലമായി,’ അരുണ്‍ വിജയ് പറയുന്നു.

അരവിന്ദ് സ്വാമി, അരുണ്‍ വിജയ്, സിലമ്പരസന്‍, വിജയ് സേതുപതി എന്നിവരെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമായിരുന്നു ചെക്ക ചിവന്ത വാനം. ഗ്യാങ്സ്റ്റര്‍ ഡ്രാമയായൊരുങ്ങിയ ചിത്രം സിനിമാപ്രേമികളുടെ ഫേവറെറ്റായി മാറി. പ്രകാശ് രാജ്, ജ്യോതിക, മന്‍സൂര്‍ അലി ഖാന്‍, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.

Content Highlight: Arun Vijay saying his role in Chekka Chivantha Vaanam was supposed to play by Fahadh Faasil