ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അരുണ്‍ ചെറുകാവില്‍. എന്നാല്‍ ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലെ അരവിന്ദ് സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ഫോര്‍ ദി പീപ്പിള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘ആ സിനിമയുടെ റീ റിലീസ് ഭങ്കരമായി ജനങ്ങള്‍ അവശ്യപ്പെടുന്നുണ്ട്. പല പ്രേക്ഷകരും ആവശ്യപ്പെടുന്നുണ്ട്. അതിന് എനിക്ക് ഒരു ഉത്തരം പറയാന്‍ കഴിയില്ല. സിനിമയുടെ സംവിധായകനും നിര്‍മാതാക്കളുമൊക്കെയാണ് ഉത്തരം പറയേണ്ടത്. എനിക്ക് കൃത്യമായിട്ട് അറിയില്ല. അവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രതികരണം വരുമെന്ന് വിചാരിക്കാം,’ അരുണ്‍ പറഞ്ഞു.
സിനിമയിലെ ഫേവറിറ്റ് സീനിനുപരി അത് ഷൂട്ട് ചെയ്ത സ്ഥലങ്ങളെ പറ്റി താന്‍ ഓര്‍ക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ആ സ്ഥലങ്ങളിലൂടെയൊക്കെ യാത്ര ചെയ്യാറുണ്ടെന്നും അങ്ങനെ യാത്ര ചെയ്യുമ്പോളാണ് തനിക്ക് ഷൂട്ട് ചെയ്ത ഓര്‍മകളൊക്കെ മനസില്‍ വരാറുള്ളതെന്നും അരുണ്‍ പറയുന്നു.
‘ഏതെങ്കിലും പര്‍ട്ടികുലര്‍ ബില്‍ഡിങ്ങ് കാണുമ്പോള്‍ ഇവിടെ നമ്മള്‍ അതിന്റെ മൊണ്ടാഷ് ഷൂട്ട് ചെയ്തതാണ് എന്നൊക്കെ ഓര്‍ക്കും. സിനിമയില്‍ ഒരുപാട് മൊണ്ടാഷസ് ഉണ്ടായിരുന്നു. ഇത് പലയിടത്താണ് നമ്മള്‍ ഷൂട്ട് ചെയ്തത്. ഈ സ്ഥലങ്ങളിലൂടെയൊക്കെ പോകുമ്പോള്‍ ചിലപ്പോള്‍ അതിങ്ങനെ ഓര്‍ക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഞാനും എന്റെ സുഹൃത്തും കൂടി ഷൂട്ട് ചെയ്ത ഒരു സ്ഥലത്തേക്ക് പോയിരുന്നു. ആ സ്ഥലത്തിന് ഇപ്പോള്‍ ഒരുപാട് മാറ്റം വന്നു. ഞാന്‍ അവന്റെയടുത്ത് പറഞ്ഞു ‘ഫോര്‍ദി പീപ്പിളില്‍ ഉള്ള ഒരാളെ വെട്ടികൊന്നത് ഇവിടെ വെച്ചാണ്’ എന്ന്. അങ്ങനെയാണ് അത് ഓര്‍മിക്കാറുള്ളത്,’അരുണ്‍ ചെറുകാവില്‍ പറയുന്നു.
അരുണ്‍ ചെറുകാവില്‍, ഗോപിക, ഭരത്, പദ്മകുമാര്‍, അര്‍ജുന്‍ ബോസ്, നരേന്‍, പ്രണതി എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തി 2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 4 ദി പീപ്പിള്‍. ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത് ഇക്ബാല്‍ കുറ്റിപ്പുറം ആണ്.
Content Highlight: talks about 4 the people movie re release