മലയാള സിനിമയിലേക്ക് സ്വാഗതമെന്ന് ഫാസിൽ സാർ, ആദ്യ സീൻ തന്നെ ലാലേട്ടനൊപ്പം: അരുൺ ചെറുകാവിൽ
Malayalam Cinema
മലയാള സിനിമയിലേക്ക് സ്വാഗതമെന്ന് ഫാസിൽ സാർ, ആദ്യ സീൻ തന്നെ ലാലേട്ടനൊപ്പം: അരുൺ ചെറുകാവിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 1:34 pm

ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അരുണ്‍ ചെറുകാവില്‍.

ഫോര്‍ ദി പീപ്പിളിലെ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അരുൺ പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായും തന്റെ സാന്നിധ്യമറിയിച്ചു. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ റോന്തിലും നടൻ ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു.

ഇപ്പോൾ തൻ്റെ ആദ്യ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തെക്കുറിച്ചും സംവിധായകൻ ഫാസിലിനെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

‘അന്നൊരു 28 പേരെയാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ സ്റ്റുഡന്‍സായി തെരഞ്ഞെടുത്തത്. അതിലൊരു ചെയ്യാനുള്ള അവസരം ലഭിച്ചു. അതില്‍ മിഥുനൊക്കെ സജീവമായി ഉണ്ട്. അതുപോലെ ഗീതു മോഹന്‍ദാസും. അവര്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മുമ്പ് അഭിനയിച്ചിരുന്നു. പക്ഷെ പ്രധാനകഥാപാത്രമെന്ന നിലയില്‍ ആദ്യത്തെ സിനിമയാണ്. സെറ്റ് ഓഫ് യങ്‌സ്റ്റേഴ്‌സ് ഉണ്ടായിരുന്നു ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍,’ അരുൺ പറയുന്നു.

ക്ലാസ് റൂം ഷൂട്ട് നടക്കുമ്പോഴാണ് സംവിധായകന്‍ ഫാസില്‍ തന്നെ സെലക്ട് ചെയ്തതെന്നും തന്നെക്കൊണ്ട് രണ്ട് മൂന്ന് ഡയലോഗുകള്‍ പറയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഒരു അസോസിയേറ്റ് വന്ന് വിളിച്ചെന്നും ‘നീയാണ് ഈ കഥാപാത്രം ചെയ്യുന്നത് നിനക്ക് ചെയ്യാന്‍ പറ്റില്ലേ ‘ എന്ന് സംവിധായകന്‍ ഫാസില്‍ ചോദിച്ചുവെന്നും അരുണ്‍ ചെറുകാവില്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് അപ്പോള്‍ വിശ്വസിക്കാനായില്ലെന്നും അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ലൈബ്രറിയിലേക്ക് ഷിഫ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

‘ലാലേട്ടനുമൊന്നിച്ചുള്ള സീക്വന്‍സാണ്. ലാലേട്ടന്‍ ഞങ്ങളുടെ അധ്യാപകനാണ്. അദ്ദേഹത്തിന് ഞാനൊരു ഇംഗ്ലീഷ് അസൈന്‍മെന്റ് എഴുതി കൊടുക്കുന്നതാണ് സീന്‍. അത് വളരെ ഇന്‍ട്രസ്റ്റിങ് ആയ സീനാണ്,’ അരുൺ ചെറുകാവിൽ പറയുന്നു.

തനിക്ക് അപ്പോള്‍ അഭിനയിക്കാന്‍ പേടിയായെന്നും അപ്പോള്‍ ഫാസില്‍ തന്നോട് ‘വെല്‍ക്കം ടു മലയാളം സിനിമ. നന്നായിട്ട് ചെയ്യുക. എല്ലാ ബ്ലെസിങ്‌സും’ എന്ന് പറഞ്ഞതെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Arun Cherukavil talking about Director Fasil