ഒരു ക്വാസി ഫെഡറല്‍ രാജ്യത്ത്, തങ്ങളുടെ വികലമായ നയങ്ങള്‍ക്ക് വഴങ്ങുന്നില്ല എന്ന കാരണത്താല്‍ ഒരു സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം നല്‍കാതെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുക, അങ്ങനെ തങ്ങള്‍ക്ക് വഴങ്ങാന്‍ സമ്മര്‍ദം സൃഷ്ടിക്കുക എന്ന, ഫെഡറല്‍ തത്വങ്ങള്‍ കാറ്റില്‍ പറത്തി ഭരിക്കുന്ന ഒരു വര്‍ഗീയ പാര്‍ട്ടി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് കേരളം നേരിടുന്നത് | അരുണ്‍ ഏയ്ഞ്ചല ഡൂള്‍ന്യൂസില്‍ എഴുതുന്നു
എന്താണ് പി.എം ശ്രീ പദ്ധതി?
2022ല്‍ ആരംഭിച്ച് 2027ല്‍ അവസാനിക്കുന്ന PM SHRI നിലവിലുള്ള 14,500 സ്‌കൂളുകളെ എന്‍.ഈ.പിയുടെ ഷോ കെയ്‌സിങ് സെന്ററുകളായി, മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തിക്കാട്ടുക ലക്ഷ്യം വച്ചുള്ളതാണെന്ന്pmshri.education.gov.in പറയുന്നു. ഇത് പി.എം ശ്രീ പദ്ധതിയുടെ ഹോം പേജില്‍ എഴുതി വച്ചിട്ടുള്ള കാര്യമാണ്.
എന്താണ് എന്‍.ഇ.പി?
രാജ്യത്തെ വിദ്യാഭ്യാസമേഖലയെ പരിഷ്‌ക്കരിക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ആരംഭിച്ച നയമാണ് എന്‍.ഇ.പി അഥവാ നാഷണല്‍ എജ്യൂക്കേഷന്‍ പോളിസി.
പി.എം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിടുന്നതിലൂടെ എന്‍.ഇ.പി നടപ്പിലാകുമോ?
ഇല്ല. പി.എം ശ്രീയില്‍ ഒപ്പിടുന്നത് കൊണ്ട് എന്‍.ഇ.പി നടപ്പാക്കണം എന്നത് മാന്‍ഡേറ്ററി അല്ലെന്നും കണ്‍കറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കരിക്കുലം തീരുമാനിക്കുക എന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ പറയുന്നു.
എന്താണ് യഥാര്‍ത്ഥ പ്രശ്‌നം?
ഫെഡറല്‍ സംവിധാനത്തിലെ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നതാണ് പ്രശ്‌നം. ഇതിനായി അര്‍ഹതപ്പെട്ട സംസ്ഥാന വിഹിതം നല്‍കാതിരിക്കുകയും കേന്ദ്ര പദ്ധതികളില്‍ ഒപ്പിട്ടാലേ പണം നല്‍കൂ എന്ന മാഫിയ രീതിയിലുള്ള,സമ്മര്‍ദ നിലപാട് കേന്ദ്രം സ്വീകരിക്കുകയും ചെയ്യുന്നു.
എന്‍.ഇ.പിയില്‍ വലിയ ചതിക്കുഴികളുണ്ട്, അതവിടെ നില്‍ക്കട്ടെ, ആദ്യം ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ച് പറയാം.
ഒരു ക്വാസി ഫെഡറല്‍ രാജ്യത്ത്, തങ്ങളുടെ വികലമായ നയങ്ങള്‍ക്ക് വഴങ്ങുന്നില്ല എന്ന കാരണത്താല്‍ ഒരു സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം നല്‍കാതെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുക, അങ്ങനെ തങ്ങള്‍ക്ക് വഴങ്ങാന്‍ സമ്മര്‍ദം സൃഷ്ടിക്കുക എന്ന, ഫെഡറല്‍ തത്വങ്ങള്‍ കാറ്റില്‍ പറത്തി ഭരിക്കുന്ന ഒരു വര്‍ഗീയ പാര്‍ട്ടി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് കേരളം നേരിടുന്നത്.
പി.എം ശ്രീയില്‍ ഒപ്പിട്ടില്ല എന്ന് പറഞ്ഞു കേരളത്തിന് അവകാശപ്പെട്ട എസ്.എസ്.എ ഫണ്ട് കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്നു എന്നതാണ് പ്രശ്‌നം. പി.എം ശ്രീയില്‍ ഒപ്പിട്ടാലേ ഈ ഫണ്ട് അനുവദിക്കൂ എന്ന് പറയുന്നത് തോന്നിയവസമല്ല, ശുദ്ധ ഗുണ്ടായിസം കൂടിയാണ്.
1976ല്‍ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തെ, 42ാം ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റില്‍ നിന്നു കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയത്. ഇപ്പോള്‍ അര്‍ഹതപ്പെട്ട പണം തരാതെ ഇരിക്കുക, തങ്ങളെ എതിര്‍ക്കുന്ന, പലപ്പോളും പൂജ്യം സീറ്റ് നല്‍കുന്ന ഒരു, സംസ്ഥാനത്തിന് വായ്പ എടുക്കാവുന്നതിന് നിയന്ത്രണം കൊണ്ടു വരിക, ഇതൊക്കെയാണ് കേന്ദ്രം കേരളത്തിനോട് ചെയ്യുന്നത്.
ചെറിയ ശതമാനം വരുന്ന മിത്രങ്ങള്‍ കേന്ദ്രവിഹിതം ശാഖയില്‍ നിന്നു കൊണ്ടു തരുന്നതാണെന്നു വിചാരിക്കുന്നു. സംസ്ഥാന വിഹിതത്തെ കാവിപ്പണം എന്ന് വിളിക്കുന്ന ജോര്‍ജ് കുര്യനെപ്പോലെയുള്ള ഒറ്റുകാര്‍ ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്നു.
പക്ഷേ അഭിമാനമുള്ള മലയാളിക്ക് ഇത് ഇവിടുന്നു ജി.എസ്.ടിയിലൂടെയും മറ്റും പിരിച്ചെടുക്കുന്നത് ആണെന്ന് അറിയാം. കുത്തിത്തിരിപ്പിന് കോലും കൊണ്ടിറങ്ങിയ മാപ്രയോട് കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട പണം നല്‍കാതെ ഞെരിക്കുന്നു എന്ന് ഒരു സാധാരക്കാരനിലൂടെ പറഞ്ഞ രാഷ്ട്രീയ സാക്ഷരതയുടെ പേര് കൂടിയാണ് കേരളം എന്നത്.
ഇനി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറയുന്നത് ശ്രദ്ധിക്കുക,
‘പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍, സമഗ്ര ശിക്ഷാ കേരളയ്ക്ക് അര്‍ഹതപ്പെട്ട ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 2023-24 വര്‍ഷം കേരളത്തിന് നഷ്ടമായത്നൂറ്റി എണ്‍പത്തിയെട്ട് കോടി അമ്പത്തിയെട്ട് ലക്ഷം രൂപയാണ്. 2024-25 വര്‍ഷത്തെ കുടിശ്ശിക അഞ്ഞൂറ്റി പതിമൂന്ന് കോടി അമ്പത്തി നാല് ലക്ഷം രൂപയാണ്. 2025-26 വര്‍ഷം നമുക്ക് ലഭിക്കേണ്ടിയിരുന്ന നാന്നൂറ്റി അമ്പത്തിയാറ് കോടി ഒരു ലക്ഷം രൂപയും തടഞ്ഞുവെച്ചു.
ആകെ ആയിരത്തി ഒരുന്നൂറ്റി അമ്പത്തിയെട്ട് കോടി പതിമൂന്ന് ലക്ഷം രൂപയുടെ ഫണ്ടാണ് നമുക്ക് ഇതിനോടകം നഷ്ടമായത്. പി.എം ശ്രീ പദ്ധതി 2027 മാര്‍ച്ചില്‍ അവസാനിക്കും. ഇപ്പോള്‍ ഒപ്പിടുന്നതിലൂടെ, സമഗ്ര ശിക്ഷയുടെ കുടിശ്ശികയും രണ്ടു വര്‍ഷത്തെ പി.എം. ശ്രീ. ഫണ്ടും ഉള്‍പ്പെടെ ആയിരത്തി നാന്നൂറ്റിഎഴുപത്തിയാറ് കോടി പതിമൂന്ന് ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാന്‍ പോകുന്നത്. നിലവില്‍ കേന്ദ്രം സമഗ്ര ശിക്ഷയ്ക്ക് നല്‍കാമെന്ന് ധാരണയായിട്ടുള്ളത്തൊള്ളായിരത്തി എഴുപത്തിയൊന്ന് കോടി രൂപയാണ്.”
വി. ശിവന്‍കുട്ടി
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിഹിതം അനുവദിക്കുന്നതിലെ പക്ഷപാതം
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന ഫണ്ടുകള്‍ പ്രധാനമായും രണ്ട് തരത്തിലാണ്.
1.അതാത് സ്ഥലത്ത് നിന്നു പിരിച്ചെടുക്കുന്ന നികുതിയുടെ സംസ്ഥാന വിഹിതം.
2. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന ഗ്രാന്‍ഡുകള്‍, ഇവ കേന്ദ്രം, തവണകളായി സംസ്ഥാനത്തിന് നല്‍കുന്നു.
ഇത് തോന്നിയത് പോലെ നല്‍കുന്ന അവസ്ഥ നിലവിലുണ്ട്. അതായത് ബി.ജെ.പിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതലും, മറ്റു സംസ്ഥാനങ്ങള്‍ക്ക് കുറവും.കേന്ദ്ര ഗവണ്‍മെന്റ് 2024 ഒക്ടോബറില്‍ 1,78,173 കോടി രൂപ ഇങ്ങനെ അനുവദിച്ചു.
ഇതില്‍ ആദ്യ പത്തില്‍ വന്നിട്ടുള്ള ഏഴും ബി.ജെ.പിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഇതില്‍ കേരളം, ആന്ധ്ര, കര്‍ണാടക എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും കൂടി 28,152 കോടി കിട്ടിയപ്പോള്‍ ഉത്തര്‍ പ്രദേശിന് മാത്രം ലഭിച്ചത് 31,962 കോടിയായിരുന്നു. കേരളത്തിന് 3,430 കോടിയും.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് തമിഴ്‌നാട് നിന്നും നികുതിയിനത്തില്‍ കേന്ദ്രത്തിന് ലഭിച്ചത് 6 ലക്ഷം കോടി രൂപയാണെന്നും എന്നാല്‍ ഇതില്‍ 1.58 ലക്ഷം മാത്രമാണ് തിരികെ സംസ്ഥാനത്തിന് ലഭിച്ചതെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പറയുന്നു.
ഉദയനിധി സ്റ്റാലിന്‍
അതേസമയം 3.41 ലക്ഷം കോടി നികുതിവരുമാനം നല്‍കിയ ഉത്തര്‍പ്രദേശിന് 7 ലക്ഷം കോടി, അതായത് ഇരട്ടിയിലധികം തുക തിരികെ ലഭിച്ചെന്നും അദ്ദേഹം പറയുന്നു.
2018ല്‍ പ്രളയത്തിന് ശേഷം യു.എ.ഇയില്‍ നിന്നു 700 കോടി സഹായവാഗ്ദാനം ലഭിച്ചപ്പോള്‍ സംസ്ഥാനത്തിന് അത് സ്വീകരിക്കാനുള്ള അനുമതി നിഷേധിച്ച കേന്ദ്രം, 2025ല്‍ മഹാരാഷ്ട്രയ്ക്ക് ഇതേ കാര്യത്തിന് അനുമതി നല്‍കുകയും ചെയ്തു.
ബി.ജെ.പി, സഖ്യകക്ഷി ഇതര സംസ്ഥാന സര്‍ക്കാരുകളോടുള്ള വിവേചനം
ഇതാദ്യമായല്ല കേന്ദ്രം കേരളത്തിന്റെ മേല്‍ നിയന്ത്രണം കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. 2024ല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് മുന്‍പ് കേരളത്തിന് കടമെടുക്കാന്‍ അര്‍ഹതയുള്ള 13,608 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചില്ല.
കേരളം കേസുമായി സുപ്രീം കോടതിയില്‍ പോയി. അപ്പോള്‍ കേസ് പിന്‍വലിച്ചാല്‍ ആവശ്യം അനുവദിക്കാം എന്നായി മോദി സര്‍ക്കാര്‍. ഒടുവില്‍ കോടതി കേന്ദ്ര നിലപാടിനെ വിമര്‍ശിക്കുകയും, അര്‍ഹതയുള്ള തുക വായ്പയെടുക്കാന്‍ കേരളത്തെ അനുവദിക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു.
പക്ഷെ ഇത്തവണ അങ്ങനെയൊരു നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇപ്പോള്‍ തീരുമാനം മരവിപ്പിച്ചപ്പോള്‍ വീണ്ടും എസ്.എസ്.കെ ഫണ്ട് വീണ്ടും തടഞ്ഞുവച്ചിരിക്കുന്നു.
വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ അധികാരം ഉചിതമായ രീതിയില്‍ അംഗീകരിക്കാനുള്ള കേന്ദ്രത്തിന്റെ ഭരണഘടനാ ബാധ്യത നയം അംഗീകരിക്കുന്നില്ല. ഈ നയം സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും കേന്ദ്രത്തിന് എല്ലാ അധികാരങ്ങളും നല്‍കുകയും ചെയ്യുന്നു.
അമിതമായി കേന്ദ്രീകൃതമായ ഒരു അധികാര ഘടന സൃഷ്ടിക്കാന്‍ ഇത് നിര്‍ദേശിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം മുന്‍ഗണനകള്‍ നിര്‍ദ്ദേശിക്കാനോ കേന്ദ്രത്തിന്റെ നയങ്ങളെ വിമര്‍ശനാത്മകമായി എതിര്‍ക്കാനോ സ്വാതന്ത്ര്യമില്ല. വിദ്യാര്‍ത്ഥികളെ അടിസ്ഥാനപരമായി ഒരു ഹിന്ദുത്വ-തരം സങ്കുചിതത്വം കൊണ്ട് നിറയ്ക്കാന്‍ എന്‍.ഇ.പി നിര്‍ദേശിക്കുന്നു.
പുരാതന ഇന്ത്യയുടെ മഹത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും വിദ്യാര്‍ത്ഥികളില്‍ ഇന്ത്യക്കാരായിരിക്കുന്നതില്‍ അഭിമാനം വളര്‍ത്തുന്നതിനുമാണ് പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. നിര്‍ഭാഗ്യവശാല്‍, ആര്‍ക്കും അഭിമാനിക്കാന്‍ കഴിയാത്ത തൊട്ടുകൂടായ്മ പോലുള്ള ഭയാനകമായ ആചാരങ്ങളും ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.
അത്തരം ആചാരങ്ങളെ മറികടക്കാന്‍, വിദ്യാര്‍ത്ഥികള്‍ അവയെ വെറുക്കാന്‍ പഠിക്കണം. ഇന്ത്യക്കാരായിരിക്കുന്നതില്‍ അവരില്‍ അഭിമാനം വളര്‍ത്തുന്നത് ഈ വെറുപ്പിനെ അടച്ചുപൂട്ടുന്നതിനും ജാതി-അടിച്ചമര്‍ത്തലിനെയും മറ്റ് അനീതികളെയും അവഗണിക്കുന്നതിനോ നടിക്കുന്നതിനോ തുല്യമാണ്.
വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, ഈ നയം രൂപീകരിക്കുന്ന പ്രക്രിയയില്‍ സംസ്ഥാനങ്ങളുമായി വ്യവസ്ഥാപിതമായ കൂടിയാലോചന നടത്തിയിട്ടില്ല. കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് (1966) തയ്യാറാക്കുമ്പോള്‍ സ്വീകരിച്ച നടപടിക്രമത്തിനും ദേശീയ വിദ്യാഭ്യാസ നയത്തിനും (1986/1992) ഇത് തികച്ചും വിരുദ്ധമാണ്.
CABEയെ അവഗണിക്കുന്നത് ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും ശ്രദ്ധേയമാണ്. പാര്‍ലമെന്റ് പോലും ഇതില്‍ ഇടപെട്ടിട്ടില്ല, പാര്‍ലമെന്ററി ചര്‍ച്ചകളില്ലാതെ, പാര്‍ലമെന്ററി അംഗീകാരം കൂടാതെ ഈ നയം അവതരിപ്പിച്ചിരിക്കുന്നു. ഇത് സംഭവിക്കാന്‍ അനുവദിക്കാനാവില്ല.
CABEയുമായി കൂടിയാലോചിക്കാതെയും പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെയും രാജ്യത്ത് ഒരു വിദ്യാഭ്യാസ നയവും അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ ശക്തമായി വാദിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയിലെ അധികാര സന്തുലിതാവസ്ഥയെ ഇത് അവഗണിക്കുകയും എല്ലാ തീരുമാനമെടുക്കല്‍ അധികാരങ്ങളും എക്‌സിക്യൂട്ടീവിന് നല്‍കുകയും ചെയ്യുന്നു.
വിദ്യാഭ്യാസ വികസനത്തിനായി നിരവധി സ്ഥാപനങ്ങളും വിഭവങ്ങളും സൃഷ്ടിക്കുന്നതില്‍ ഇതുവരെ സജീവമായി പങ്കെടുത്ത പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും ഒന്നും അവശേഷിപ്പിക്കാതെ സ്വകാര്യ നിക്ഷേപത്തിന്റെയും ടെക്‌നോ മുതലാളിത്തത്തിന്റെയും ആവശ്യങ്ങളുമായി ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തെ യോജിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നയം, അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള ഉപദേശ തലത്തിലുള്ള ഗവണ്‍മെന്റുകളുടെ താത്പര്യങ്ങളെ അവഗണിച്ചിരിക്കുന്നു.
ഇത്രയുമാണ് എന്‍.ഇ.പിയില്‍ സമിതി കണ്ടെത്തിയ പ്രധാന പോരായ്മകള്‍.
എന്‍.ഇ.പി 12ാം പേജില്‍ പറഞ്ഞിരിക്കുന്ന ഒരേ ഒരു കാര്യം ഉദാഹരണമായി പറയാം.
‘അത്യാവശ്യ പഠനവും വിമര്‍ശനാത്മക ചിന്തയും വര്‍ധിപ്പിക്കുന്നതിന് പാഠ്യപദ്ധതി ഉള്ളടക്കം കുറയ്ക്കുക 4.5. ഓരോ വിഷയത്തിലും പാഠ്യപദ്ധതി ഉള്ളടക്കം അതിന്റെ അടിസ്ഥാന അവശ്യകാര്യങ്ങളിലേക്ക് ചുരുക്കും, വിമര്‍ശനാത്മക ചിന്തയ്ക്കും കൂടുതല്‍ സമഗ്രമായ, അന്വേഷണാധിഷ്ഠിത, കണ്ടെത്തല്‍ അധിഷ്ഠിത, ചര്‍ച്ചാധിഷ്ഠിത, വിശകലനാധിഷ്ഠിത പഠനത്തിനും ഇടം നല്‍കും.
നിര്‍ബന്ധിത ഉള്ളടക്കം പ്രധാന ആശയങ്ങള്‍, ആശയങ്ങള്‍, പ്രയോഗങ്ങള്‍, പ്രശ്‌നപരിഹാരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അധ്യാപനവും പഠനവും കൂടുതല്‍ സംവേദനാത്മകമായ രീതിയില്‍ നടത്തും.
ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കും, ക്ലാസ് മുറി സെഷനുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴമേറിയതും കൂടുതല്‍ അനുഭവപരവുമായ പഠനത്തിനായി കൂടുതല്‍ രസകരവും, സൃഷ്ടിപരവും, സഹകരണപരവും, പര്യവേക്ഷണാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ പതിവായി ഉള്‍പ്പെടുത്തും.”
കേള്‍ക്കുമ്പോള്‍ നല്ലതാണ് എന്ന് തോന്നുമെങ്കിലും, ഇതൊരു ചതിയാണ്. ഇങ്ങനെ ഈ പേരില്‍ ഹിന്ദുത്വ എന്‍.സി.ഇ.ആര്‍.ടിയിലൂടെ വെട്ടിക്കളഞ്ഞത് ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യ കാലഘട്ടവും ഗാന്ധി വധവും ഒക്കെ തന്നെയായിരുന്നു.
എന്‍.സി.ഇ.ആര്‍.ടി
കേരളം എസ്.സി.ഇ.ആര്‍.ടിയിലൂടെ ഇവ ഉള്‍പ്പെടുത്തിയ പാഠപുസ്തകങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്തു. വെട്ടിക്കളഞ്ഞതെല്ലാം പഠിപ്പിച്ചാണ് കേന്ദ്രത്തിന്റെ ഈ നെറികെട്ട നയത്തെ പ്രതിരോധിച്ചത്.
എസ്.സി.ഇ.ആര്‍.ടി
എന്നാല്‍ എന്‍.ഇ.പി നടപ്പിലായാല്‍ എല്ലായിടത്തും അത് പ്രവര്‍ത്തികമാകുമോ? ഓണം നേരത്തെ വന്നത് കൊണ്ട് പരീക്ഷക്ക് മുന്‍പ് പുസ്തകം അച്ചടി തീര്‍ന്നില്ല എന്ന് പറഞ്ഞവരും ഇവിടം ഭരിച്ചിട്ടുണ്ട് എന്നത് ഓര്‍ക്കുക.
2014 മുതല്‍ 2025 വരെ 89,441 സര്‍ക്കാര്‍ സ്‌കൂളുകളാണ് ഇന്ത്യയില്‍ പൂട്ടിയത്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ ഒരു സ്‌കൂള്‍ പോലും കേരളത്തില്‍ പൂട്ടിയിട്ടില്ല എന്നും ഓര്‍ക്കുക. അപ്പോള്‍ എന്ത് ആത്മാര്‍ത്ഥതയാണ് കേന്ദ്രത്തിനു വിദ്യാഭ്യാസ കാര്യത്തില്‍ ഉള്ളത്?
കാലാനുസൃതമായി വിദ്യാഭ്യാസ നയങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. പക്ഷെ അതൊരിക്കലും ആവശ്യമില്ലാത്ത ഭൂതകാല മഹത്വവത്കരണത്തില്‍ ഊന്നിയാകരുത്. എ.ഐ സാങ്കേതിക വിദ്യയുടെ കാലത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ നീളുന്ന പഠനസമയം ആവശ്യമുണ്ടോഎന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.
യഥാര്‍ത്ഥ പ്രശ്‌നം പി.എം ശ്രീയോ, എന്‍.ഇ.പിയോ മാത്രമല്ല. ഇവയിലൂടെയൊക്കെ കവര്‍ന്നെടുക്കുന്ന സംസ്ഥാനത്തിന്റെ അധികാരങ്ങളാണ്, അവകാശങ്ങളാണ്. ഒരു സമഗ്രാധിപത്യത്തിന് കളമൊരുക്കുകയാണ് സംഘപരിവാര്‍ ഇന്ന്.
മേല്‍പ്പറഞ്ഞവയെല്ലാം അതിലേക്കുള്ള വഴികള്‍ മാത്രമാണ് സംഘപരിവാറിന്. ഇപ്പോളിതാ പോലീസിന് ഒരു രാജ്യം ഒരു യൂണിഫോം എന്ന വിഷയത്തില്‍ കേരളത്തിനടക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചിരിക്കുന്നു.
അട്ടിമറിക്കപ്പെടുന്നത് ഫെഡറല്‍ സംവിധാനം തന്നെയാണ്. തുടലിലിട്ട നായെപ്പോലൊരു ഇലക്ഷന്‍ കമ്മീഷണറും കൂടിയുള്ളത് ഒരു നവനാസികളുടെ ഈ പ്രവൃത്തി എളുപ്പമാക്കുന്നു.
സാധ്യമായ എല്ലാ വഴിയിലൂടെയും പ്രതിരോധം തീര്‍ക്കുക മാത്രമാണ് വഴി. അല്ലെങ്കില്‍ പണ്ടിവിടെയൊരു ഫെഡറല്‍ സംവിധാനം ഉണ്ടായിരുന്നുവെന്ന് നാളെ കുട്ടികള്‍ ചരിത്രം വായിച്ചറിയേണ്ടി വരും.
Content Highlight: Arun Angela writes about PM SHRI and India’s Federal principles