ഡീയസ് ഈറെയുടെ സെറ്റില്‍ താന്‍ ഒരു മൂലയില്‍ പോയി മിണ്ടാതിരിക്കുമായിരുന്നുവെന്ന് നടന്‍ അരുണ്‍ അജികുമാര്‍. തന്റെ കഥാപാത്രം മെന്റലി ഒരുപാട് വീക്കായിട്ടുള്ള ആളാണെന്നും അദ്ദേഹം പറയുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന് ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.
സിനിമയില്‍ അരുണ്‍ അജികുമാറും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഡീയസ് ഈറെയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അരുണ്‍ അജികുമാര്‍. ഉള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പുറത്ത് ഓക്കെയാണെന്ന് കാണിക്കുന്ന കഥാപാത്രമാണ് തന്റേതെന്നും അതാണ് രാഹുല്‍ സാദാശിവന് തന്ന ബ്രീഫെന്നും അരുണ്‍ പറഞ്ഞു.
‘ ഞാന്‍ സെറ്റില്‍ കുറച്ച് നേരം സംസാരിക്കാതിരിക്കാനൊക്കെ നോക്കി. ഞാന്‍ നന്നായി സംസാരിക്കുന്ന ഒരാളാണ്, സെറ്റിലും മറ്റുമൊക്കെ എല്ലാവരോടും സംസാരിക്കും. പടക്കളമൊക്കെ ചെയ്യുന്ന സമയത്തും വന്‍ അലമ്പാണ്. ഇതില്‍ ഞാന്‍ ഒരു മൂലക്ക് പോയി മിണ്ടാതെ ഇരുന്നു. അപ്പോള്‍ രാഹുല്‍ ഏട്ടന്‍ വന്ന് എന്ത് പറ്റിയെന്നൊക്കെ ചോദിക്കും. ആ സമയം, ഞാനൊറ്റക്ക് ഇരുന്ന് മുഴുവന്‍ നെഗറ്റീവായ പാട്ടൊക്കെ കേട്ടിരുന്നു,’ അരുണ്‍ അജികുമാര്‍ പറയുന്നു.
താന്‍ കഥാപാത്രത്തെ കുറിച്ചൊക്കെ ചിന്തിച്ചത് അപ്പോഴാണെന്നും അപ്പോഴാണ് താന്‍ ആ കഥാപാത്രത്തിന്റെ ഫേസിലേക്ക് വന്നതെന്നും അരുണ്‍ പറഞ്ഞു. തനിക്ക് സംവിധായകന്‍ തന്ന ഒരുപാട് ഇന്‍സ്ട്രക്ഷനുകള്‍ വെച്ചാണ് ആ കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ സദാശിവന് ഗംഭീര അഭിനേതവാണെന്നും അദ്ദേഹം അഭിനയിച്ച് കാണിച്ച് തരുമെന്നും അരുണ്‍ പറഞ്ഞു.
Content highlight: Arun Ajikumar talks about his character in Dies irae