ജൂഡ് ആന്റണി ജോസഫിന്റെ ഷോര്‍ട് ഫിലിമില്‍ അഭിനയിച്ചാണ് താന്‍ ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയതെന്ന് നടന്‍ അരുണ്‍ അജികുമാര്‍. അന്ന് താന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നുവെന്നും അരുണ്‍ പറഞ്ഞു.
ജൂഡ് ആന്റണി ജോസഫിന്റെ ഷോര്‍ട് ഫിലിമില്‍ അഭിനയിച്ചാണ് താന്‍ ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയതെന്ന് നടന്‍ അരുണ്‍ അജികുമാര്‍. അന്ന് താന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നുവെന്നും അരുണ്‍ പറഞ്ഞു.
നടനായും സിനിമ പോസ്റ്റര്‍ ഡിസൈനറായും ഇന്‍ഡസ്ട്രിയില്‍ തിളങ്ങുന്ന അരുണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഡീയസ് ഈറെയാണ്. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിനയത്തിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ച് സംസാരിക്കുകയാണ് അരുണ്‍.
‘ജൂഡ് ആന്റണി സാറിന്റെ ഷോര്‍ട് ഫിലിമിലാണ് ആദ്യം അഭിനയിച്ചത്. പിന്നെ അദ്ദേഹം റെക്കമന്റ് ചെയ്തിട്ട് ‘തട്ടത്തിന്‍ മറയത്ത്’ എന്ന സിനിമയുടെ ഓഡിഷന് പോയി. ഞങ്ങള്‍ മൂന്ന് കൂട്ടുകാര്‍ ഒന്നിച്ചാണ് പോയത്. ഞാന്‍ ഔട്ടായി. മറ്റ് രണ്ടു പേര്‍ക്കും വേഷം കിട്ടുകയും ചെയ്തു.
അന്ന് നിരാശയായി. എന്റെ സങ്കടം കണ്ട് അച്ഛന്‍ പറഞ്ഞു നിന്റെ അഭിനയത്തില്‍ കുറച്ച് നാടകീയതയുണ്ട്. അത് സിനിമയ്ക്ക് ചേരില്ല എന്ന്. അതൊരു തിരിച്ചറിവായിരുന്നു. നാടകം വേറെ, സിനിമ വേറെ എന്ന തോന്നല്‍ ഉണ്ടായി. പിന്നെ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് സാര്‍ നാടകക്കളരിയില്‍ വന്ന് ഓഡിഷന്‍ നടത്തി,’ അരുണ്‍ അജികുമാര്‍ പറയുന്നു.
താനുള്‍പ്പെടെ നാല് കുട്ടികളെ അന്ന് സെലക്ട് ചെയ്തുവെന്നും സ്‌കൂള്‍ ബസ് എന്ന സിനിമയില്‍ തനിക്ക് അത്യാവശ്യം പ്രധാനപ്പെട്ട റോളായിരുന്നുവെന്നും നടന്‍ പറഞ്ഞു. ഇതോടുകൂടി രക്ഷപ്പെടും എന്നായിരുന്നു ചിന്തയെന്നും പക്ഷേ, ഒന്നും ഉണ്ടായില്ലെന്നും അരുണ്‍ പറഞ്ഞു.സിനിമയിലേക്ക് പിന്നെ ആരും വിളിച്ചില്ലെന്നും പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ഓള്‍കേരള ഷോര്‍ട് ഫിലിം മത്സരത്തില്‍ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കിട്ടിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Arun Ajikumar shares his experience of appearing in front of the camera for the first time