ഡീയസ് ഈറെ സിനിമയില്‍ റെഡ് കളര്‍ കാണിക്കാത്ത സ്ഥലം അപൂര്‍വമാണെന്ന് നടന്‍ അരുണ്‍ അജികുമാര്‍. പ്രണവ് മോഹന്‍ലാല്‍ പ്രധാനവേഷത്തിയ ചിത്രം തിയേറ്ററില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ്. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടി കടന്നിരിക്കുകയാണ്.
ചിത്രത്തില്‍ അരുണും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിനിമാ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്ന ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയുടെ ക്രിയേറ്റീവ് ഹെഡും ഫൗണ്ടറുമായ അരുണാണ് ഈ സിനിമയുടെയും പോസ്റ്റര്‍ ഡിസൈനിങ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വനിതയുമായുള്ള അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘സിനിമയിലെ പല സീക്വന്‍സുകളിലും ഏതെങ്കിലും ഒരു ഭാഗത്ത് റെഡ് കളര്‍ ഉണ്ടാകും. പ്രണവ് ചേട്ടന്‍ ഒരു കാറിന്റെ മുമ്പില്‍ നിന്നിട്ട് ഒരു ടര്‍ഫിന്റെ മുന്നില്‍ നില്‍ക്കുന്ന ഷോട്ടുണ്ട്, അവിടെ കാണിച്ചിരിക്കുന്ന കസേര മുഴുവന്‍ റെഡ് കളറാണ്. പ്രണവ് ചേട്ടന്‍ ഇരിക്കുന്ന അടുത്ത ഒരു ഷോട്ടില്‍ കയ്യില്‍ മുഴുവന്‍ ചോര കാണിക്കുന്നുണ്ട് അതും റെഡാണ്. അങ്ങനെ ഒരുപാട് ഷോട്ടില്‍ റെഡ് കളര്‍ കാണിക്കുന്നുണ്ട്,’ അരുണ്‍ പറയുന്നു.
സിനിമക്ക് വേണ്ടി ചെയ്ത ഒരു പോസ്റ്റര്‍ മൂന്ന് മാസത്തോളം എടുത്ത് ചെയ്തതാണെന്നും ഓയില്‍ പെയിന്റ് ഉപയോഗിച്ച് വരച്ചതാണെന്നും അരുണ്‍ പറഞ്ഞു. കൈകൊണ്ട് വരച്ച് എടുക്കുമ്പോള്‍ ഉള്ള ഫീല്‍ വേറെ തന്നെയാണെന്നും പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ ഡിസൈനിങ് കാണുമ്പോള്‍ ഒരു നല്ല ആര്‍ട്ടായിട്ട് തോന്നണമെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളിലൂടെ ഏറെ ജനപ്രീതി നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്. ഡീയസ് ഈറെയിലും അദ്ദേഹം തന്റെ മേക്കിങ്ങ് കൊണ്ട് ഞെട്ടിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത് അതേസമയം പ്രണവ് മോഹന്‍ലാലിന്റെ ഗംഭീര പെര്‍ഫോമന്‍സാണ് സിനിമയിലേതെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.
Content highlight: Arun Ajikumar says that there is rarely a scene in the movie Dise irae where the color red is not shown