ഏസ്‌തെറ്റിക് കുഞ്ഞമ്മയും അതിലേറെ ഏസ്തെറ്റിക്കായ അരുണ്‍ അജികുമാറും
Entertainment
ഏസ്‌തെറ്റിക് കുഞ്ഞമ്മയും അതിലേറെ ഏസ്തെറ്റിക്കായ അരുണ്‍ അജികുമാറും
ഹണി ജേക്കബ്ബ്
Thursday, 12th June 2025, 3:31 pm

കഴിഞ്ഞ കുറച്ച് കാലങ്ങളായി യൂത്തിന്റിടയില്‍ ട്രെന്‍ഡിങ്ങായ വാക്കാണ് ഏസ്‌തെറ്റിക്. സ്വന്ദര്യാത്മകം എന്ന അര്‍ഥം വരുന്ന ഈ വാക്ക് ആവശ്യത്തിലും അനാവശ്യത്തിലുമായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഈ വാക്കിനെ കൃത്യമായി മാര്‍ക്കറ്റ് ചെയ്‌തൊരു കമ്പനിയുണ്ട്. ‘ഏസ്‌തെറ്റിക് കുഞ്ഞമ്മ‘. ഫിലോമിനയുടെ കടുത്ത ആരാധകനായ ഒരു ഇരുപതുകാരന്റെ തലയില്‍ ഉദിച്ച കുഞ്ഞി വെളിച്ചം ഇന്ന് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേതിച്ചുകൊണ്ടുള്ള ഹിറ്റ് ഫിലിം പോസ്റ്റര്‍ മേക്കിങ് കമ്പനിയാണ്.

സിനിമ സ്വപ്നം കാണുന്ന അരുണ്‍ അജികുമാര്‍ എന്ന ജെന്‍ സി പയ്യന് തോന്നിയ കൗതുകമാണ് ഏസ്‌തെറ്റിക് കുഞ്ഞമ്മയായി മാറുന്നത്. അരുണിലെ സിനിമ മോഹി വര്‍ണങ്ങളിലൂടെയും വരകളിലൂടെയും ഒരുക്കിയ ഡിസൈനുകള്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മയിലേക്കും അവിടെ നിന്ന് അഭിനയത്തിലേക്കും അയാളെ നയിച്ചു. തിയേറ്ററിലും ഇപ്പോള്‍ ഒ.ടി.ടിയിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പടക്കളം എന്ന സിനിമയില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അരുണ്‍ അജികുമാറാണ്.

നകുല്‍ ആയി പടക്കളത്തിലെത്തിയ അരുണ്‍ സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. ആദ്യാവസാനം കോമഡിക്കും ഫാന്റസിക്കും പ്രാധാന്യം കൊടുത്ത ചിത്രം ഈ ഴോണറില്‍ മലയാളത്തിലിറങ്ങിയ മികച്ച സിനിമകളില്‍ ഒന്നാണെന്നാണ് കാണികള്‍ ഒന്നടങ്കം പറയുന്നത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ധീന്‍, തുടങ്ങിയ സീനിയര്‍ നടന്മാരുണ്ടായിട്ടും അവരോടൊപ്പം കട്ടക്ക് പിടിച്ച് നില്‍ക്കാന്‍ സന്ദീപ്, അരുണ്‍ പ്രദീപ്, ഷാഫി ബ്രോസ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവര്‍ക്കായി. അതില്‍ എടുത്ത് പറയേണ്ടതാണ് അരുണ്‍ അജികുമാറിന്റെ പെര്‍ഫോമന്‍സ്. നാടകവേദികളില്‍ സജീവമായ അരുണ്‍ വെള്ളിത്തിരയിലേക്ക് എത്തിയപ്പോഴും തനിക്ക് ലഭിച്ച വേഷം നല്ല വെടിപ്പായിത്തന്നെ ചെയ്തുവെച്ചു.

തുടക്കക്കാരന്റെ യാതൊരു വിധ പതര്‍ച്ചയും ആ മുഖത്ത് കാണാനുണ്ടായിരുന്നില്ല. നായകന്റെ കോമഡിക്കെല്ലാം ചിരിക്കുക, മണ്ടത്തരം പറയുക, പ്രണയത്തിന് കൂട്ട് നില്‍ക്കുക, നാട്ടിലെ സകല ഏടാകൂടത്തിലേക്കും നായകനെ തള്ളിയിടുക തുടങ്ങിയവയാണല്ലോ സാധാരണ നായകന്റെ കൂടെയുള്ള സുഹൃത്തുക്കളുടെ ജോലി. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ നായകന് ബുദ്ധി ഉപദേശിച്ച് കൊടുക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുമാണ് പടക്കളത്തില്‍ സുഹൃത്തുക്കളുടെ ജോലി. നകുലും ഇത്തരത്തില്‍ തന്റെ ഉത്തരവാദിത്തം ഭംഗിയായി ചെയ്തു. കോമഡിക്ക് വേണ്ടി കോപ്രായങ്ങള്‍ കാണിക്കാതെ തന്നെ കാണികളെ ചിരിപ്പിക്കാനും അരുണിനും കൂട്ടര്‍ക്കും കഴിയുന്നുമുണ്ട്.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലോകധര്‍മ്മി നാടക ക്യാമ്പില്‍ അച്ഛന്‍ ചേര്‍ത്തതുമുതലാണ് അരുണിന്റെ അഭിനയ മോഹം ആരംഭിക്കുന്നത്. തുടര്‍ന്ന് ബാല താരമായി റോഷന്‍ ആന്‍ഡ്രൂസിന്റെ സ്‌കൂള്‍ ബസ് എന്ന ചിത്രമുള്‍പ്പെടെ ചില സിനിമകളില്‍ ഭാഗമാകാനും അയാള്‍ക്ക് കഴിഞ്ഞു. എന്നാല്‍ ആഗ്രഹിച്ച രീതിയില്‍ ഒരു വേഷം സിനിമയില്‍ ലഭിക്കാതെ വന്നതോടെ കോവിഡ് സമയത്ത് ഒരു നേരമ്പോക്കായാണ് ഇന്‍സ്റ്റഗ്രാമില്‍ അരുണും സുഹൃത്തും ചേര്‍ന്ന് ഏസ്‌തെറ്റിക് കുഞ്ഞമ്മ എന്ന പേജ് തുടങ്ങുന്നത്. പുതിയ സിനിമകള്‍ക്ക് എണ്‍പതുകളിലെ പോസ്റ്റര്‍ ഡിസൈനുകള്‍ നല്‍കിയും എണ്‍പതുകളില്‍ ഇറങ്ങിയ സിനിമകള്‍ക്ക് ഇന്നത്തെ കാലത്തെ ഡിസൈനുകളും നല്‍കി ഏസ്‌തെറ്റിക് കുഞ്ഞമ്മ ചെയ്ത പോസ്റ്ററുകള്‍ക്ക് വരെ വേഗം തന്നെ റീച്ച് കിട്ടി.

അങ്ങനെ ഫിലിം ഇന്ഡസ്ട്രിയും ഇക്കൂട്ടരെ ശ്രദ്ധിച്ച് തുടങ്ങിയതിന് ശേഷം വെയില്‍ എന്ന ഷെയിന്‍ നിഗത്തിന്റെ സിനിമയുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാനുള്ള അവസരം അരുണിയും കൂട്ടരേയും തേടിയെത്തി. പിന്നെ കുറഞ്ഞ സമയംകൊണ്ടുതന്നെ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളുടെയും തമിഴിലെയും തെലുങ്കിലെയും മികച്ച ചിത്രങ്ങളുടെയും പോസ്റ്റര്‍ ചെയ്യാന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മക്ക് കഴിഞ്ഞു. ആവേശം, ബ്രഹ്‌മയുഗം, മധുരം, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്, ഹിറ്റ്, തുടങ്ങിയ ചിത്രങ്ങളാണ് അതില്‍ ശ്രദ്ധേയം. കൂടുതല്‍ അതികിടിലം പോസ്റ്ററുകള്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മക്ക് ചെയ്യാന്‍ കഴിയെട്ടെയെന്നും കൂടുതല്‍ പോസ്റ്ററുകളില്‍ അരുണ്‍ അജികുമാറിന്റെ മുഖം തെളിയാന്‍ ഇടയാകട്ടെയെന്നുമാണ് സിനിമാപ്രേമികള്‍ ആഗ്രഹിക്കുന്നത്.

Content Highlight: Arun Ajikumar’s Performance In Padakalam Movie

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം