ബെന്ന ഫാത്തിമ
ബെന്ന ഫാത്തിമ
Opinion
സംരക്ഷകരായി എത്തുന്ന ചേട്ടന്മാരും ക്യാമ്പസുകളും
ബെന്ന ഫാത്തിമ
Monday 6th August 2018 1:16pm

തുറന്നു പറച്ചിലിന്റെ കരുത്തിലാണ് എഴുതപ്പെട്ട ചരിത്രം തള്ളിപ്പോവുന്നതും, കൃത്യമായ ചിത്രം തെളിയുന്നതും. സൂക്ഷ്മ രാഷ്ട്രീയാധികാരം കൊണ്ട് ഇല്ലാതാക്കിയ ശബ്ദങ്ങള്‍ക്കും, ആഴത്തില്‍ അടക്കം ചെയ്യപ്പെട്ട മൗനങ്ങള്‍ക്കും മീതെ, വ്യക്തമായ രാഷ്ട്രീയം പറഞ്ഞു വെക്കുകയാണ് പുതിയ പെണ്ണുങ്ങള്‍. ആ പറച്ചിലിന്റെ തീക്ഷ്ണതയില്‍ തീര്‍ന്നു പോവുകയാണ് HCU വും DU വും അടക്കമുള്ള ആണാധികാരയിടങ്ങള്‍.

കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്ക് പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സ്വാതന്ത്ര്യവും നിലനില്‍പ്പിന്റെ സാധ്യതകളുമാണ് ഡല്‍ഹിയും ഡല്‍ഹി യൂണിവേഴ്സിറ്റിയും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. +2 കഴിഞ്ഞിറങ്ങിയ കുട്ടികളായിരിക്കെ, കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചുറ്റുപാടില്‍ നിന്നും മാറി, DU പോലുള്ള ‘intellectual space’ ലേക്കുള്ള പറിച്ചുനടല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശയപരമായി നല്‍കുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

എന്നാല്‍ ചര്‍ച്ചകള്‍ക്കും ആശയസംവാദങ്ങള്‍ക്കും ഇടമില്ലാതെ, അഡ്മിഷന്‍ സമയത്തു തന്നെ രാഷ്ട്രീയ ഹൈജാക്കിങ് ആണ് പുതിയ കുട്ടികളോട് ഇവിടെയുള്ളവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും കുട്ടികളില്‍ ഉണ്ടാകുന്ന ചോദ്യങ്ങളെയും ആശങ്കകളെയും പറ്റി സംസാരിക്കാനുള്ള സമയവും സ്‌പേസും ഇല്ലാത്തതും, ചോദ്യങ്ങള്‍ക്ക് മുന്‍പേ ലഭിക്കുന്ന സൈദ്ധാന്തിക ഉത്തരങ്ങളും തിയറി ക്ലാസ്സുകളും ഇവിടെയുള്ള വിദ്യാര്‍ഥികളെ വളരെ പെട്ടെന്ന് രാഷ്ട്രീയപരമായി രണ്ട് കള്ളികളില്‍ ആക്കുന്നു. ഈ ബൈനറിക്ക് പുറത്തു നില്‍ക്കുന്നവരുടെ നിലനില്‍പ്പും അനിശ്ചിതത്വവും ചര്‍ച്ച ചെയ്യപ്പെടുന്നേ ഇല്ല. ഈ ധ്രുവീകരണം ആശയങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളെ അസാധ്യമാക്കുകയാണ്, പലപ്പോഴും.

 

ഈ ഒരു സാഹചര്യത്തെ മുതലെടുത്താണ്, ഇവിടുത്തെ കപട ബുദ്ധിജീവികള്‍ പെണ്‍കുട്ടികള്‍ക്ക് ഇക്കയായും ഏട്ടനായും ചമഞ്ഞ്, അവര്‍ക്ക് ഡല്‍ഹി കാണിച്ചു കൊടുക്കലായും പാര്‍ട്ടി പ്രവര്‍ത്തനങ്ങളായും വരുത്തി, അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്. ഇത്തരം ശാരീരികവും മാനസികവും ആയ അതിക്രമങ്ങള്‍ uncomfortable ആയി തോന്നുന്നത്, നമ്മുടെ ‘ഉടച്ചു വാര്‍ക്കപ്പെടേണ്ട പഴഞ്ചന്‍ ധാര്‍മികതയുടെ’ പ്രശ്‌നമാണെന്നു വരുത്തിത്തീര്‍ത്തു, പറ്റില്ല എന്ന് തികച്ചു പറയാനുള്ള ഒരിടം പോലും സൃഷ്ടിക്കാത്തത്, യൂണിവേഴ്സിറ്റി സ്‌പേസുകളില്‍ നടന്നു പോരുന്ന ചൂഷണത്തിന്റെ തീവ്രതയാണ് കാട്ടുന്നത്.

എതിര്‍ത്തു സംസാരിക്കുന്നവരെ സദാചാരവാദികള്‍ ആക്കി മാറ്റി നിര്‍ത്തിയും, ആണ് രാഷ്ട്രീയ പ്രീവിലെജു കൊണ്ട് പെണ്‍കുട്ടികളില്‍ ‘സമ്മതം’ സൃഷ്ടിച്ചെടുക്കുമ്പോഴും, ആരുമറിയാതെ അകപ്പെടുന്നത് അനേകം കുട്ടികളാണ്.

കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് പഠിക്കാനെത്തുന്ന പെണ്‍കുട്ടികള്‍ താണ്ടുന്ന ദൂരം ചെറുതോന്നുമല്ല. ഓരോ പെണ്‍കുട്ടിയും ഇവിടെ എത്തുന്നത്. അവരേന്തുന്നത് അവരുടെ രക്ഷിതാക്കളുടെ ആശങ്കകളും പേടിയും മാത്രമല്ല, മറിച്ച് ഒരുപാട് പെണ്‍കുട്ടികളുടെ തുടര്‍പഠനത്തിന്റെ സ്വപ്നം കൂടിയാണ്. അവര്‍ക്ക് മേലുള്ളത് വലിയ നഗരത്തിലെ ഒറ്റപ്പെടലും, അസ്ഥിത്വപ്രതിസന്ധിയും, ദഹിച്ചിറങ്ങാത്ത രാഷ്ട്രീയ ചര്‍ച്ചകളുമൊക്കെയാണ്. ഇത് കടുത്ത മാനസിക സംഘര്‍ഷങ്ങളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

പൊതുവിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ structure വിദ്യാര്‍ഥികളെ പ്രത്യേകിച്ചു മലയാളികള്‍ അടക്കമുള്ള ബഹുജന്‍ വിദ്യാര്‍ഥികളെ അങ്ങേയറ്റം മാറ്റി നിര്‍ത്തുന്നതാണ്. പ്രത്യക്ഷത്തില്‍ എത്രമാത്രം വിദ്യാര്‍ഥികളുടെ കൂടെ നിന്നാലും, ജാതിയുടെയും സോഷ്യല്‍ ക്ലാസ്സിന്റെയും ഭാഷയുടെയും മതത്തിന്റെയും ഒക്കെ പേരില്‍ ഇവിടെ വ്യക്തമായി വിവേചനവും വേര്‍തിരിവും നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, ഒറ്റപ്പെട്ടു പോകുന്ന പലരും മലയാളി സര്‍ക്കിളുകളിലേക്ക് ഒതുങ്ങി പോകുന്ന കാഴ്ച സാധാരണമാണ്.

 

ഈ ഒതുങ്ങി പോകലുകളെ ആഘോഷിക്കുകയും, പിന്നീട് ആക്രമിക്കുകയും ആണ് ഇവിടെയുള്ള പരിചിത സങ്കല്പങ്ങള്‍ ആയ ‘ഏട്ടന്‍-ഇക്കമാര്‍’ ചെയ്തു കൊണ്ടിരിക്കുന്നത്.

അങ്ങനെ പൊതുവില്‍ ഡല്‍ഹി ജീവിതം നല്‍കുന്ന ഒറ്റപെടലിലേക്കാണ് കൂടെ നില്‍ക്കാനും, പറഞ്ഞു തരാനും ഞങ്ങളുണ്ട് എന്ന് പറഞ്ഞു മുതിര്‍ന്ന ചേട്ടന്മാര്‍ മാത്രം വരുന്നത്. പുതിയ കുട്ടികളോട് അടുത്ത് ഇടപഴകിയും, അവരുടെ vulnerability മനസ്സിലാക്കിയും ആണ് പലപ്പോഴും ഇവര്‍ സമ്മതി നേടിയെടുക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളെ കാണുമ്പോഴുള്ള ‘ഉള്‍പുളകങ്ങളും’ ആഘോഷിക്കപ്പെടുന്ന ‘കോഴിതരങ്ങളും’ ഒക്കെ ഇവരെ ജനകീയരാകുകയും ചെയ്യുന്നുണ്ട്. ഈ സ്വയം സൃഷ്ടിച്ചെടുത്ത നിഷ്‌കളങ്ക image കൊണ്ടാണ് പലപ്പൊഴും ഇവരുടെയൊക്കെ യഥാര്‍ഥ ചിത്രം പുറത്തു വരാത്തത്.

മറ്റൊന്ന്, ചേട്ടന്മാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ചെടുത്ത ഡല്‍ഹി exploration കോണ്‍സെപ്റ്റ് ആണ്. ഈ so called exploration ആണ് ക്രമേണ exploitation ആയി രൂപാന്തരപ്പെടുന്നത്. യാത്ര പോകാനും കൂട്ടത്തില്‍ കൂടാനുമുള്ള നിങ്ങളുടെ താത്പര്യമില്ലായ്മയെ, സദാചാരവാദം എന്ന് മുദ്ര കുത്തി, ആണ്‍/പെണ്‍ സുഹൃത്തുക്കളുടെ കൂടെ യാത്ര ചെയ്യേണ്ടത് (സിദ്ധാന്തങ്ങള്‍ ചമച്ച്) നിര്‍ബന്ധമാണെന്നു വരുത്തി തീര്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്.

പ്രണയത്തെ പോലും പെണ്‍ശരീരങ്ങളെ ആക്രമിക്കാനുള്ള ടൂള്‍ ആയി മാറ്റുന്നത് വിദഗ്ധമായാണ്. ഇത്തരം ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളില്‍ പോലും ആക്രമണത്തിന്റെയും ആണത്തത്തിന്റെയും രാഷ്ട്രീയം ആഴത്തില്‍ കടന്നു ചെന്നിട്ടുണ്ട്. ഇതില്‍ തിരിഞ്ഞ് നടക്കാന്‍ എത്ര പേര്‍ക്ക് കഴിയുന്നുണ്ട് എന്നതാണ് പ്രധാന പ്രശ്‌നം.

 

കഴിഞ്ഞ വര്‍ഷം താന്‍ നേരിട്ട മാനസിക ആക്രമണങ്ങളെ പറ്റി ഒരു പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിനെ കലാസൃഷ്ടി എന്നും ഭാവനാനിര്‍മിതി എന്നും വിളിക്കാന്‍ ഇവിടെ ആളുകള്‍ ഉണ്ടായി എന്നത് ശബ്ദമുയര്‍ത്തുന്നവര്‍ക്ക് നേരെ നീളുന്ന അടിച്ചമര്‍ത്തലിന്റെ ക്രൂരമായ രൂപമാണ് കാട്ടിത്തരുന്നത്. എന്നും ബൈനറികുള്ളില്‍ നിലനില്‍ക്കുന്ന DU വിന്റെ അക്കാദമിക് സ്‌പെസില്‍, ഈ ബൈനറിക്ക് പുറത്തു നിന്ന് സംസാരിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാനും ഒറ്റപ്പെടുത്താനും എളുപ്പമാണ്. അതിന് പലര്‍ക്കും കഴിഞ്ഞിട്ടും ഉണ്ട്.

രാഷ്ട്രീയചായ്‌വുകള്‍ ഇല്ലാത്ത, പൊളിറ്റിക്കല്‍ ഡിസ്‌കോഴ്സുകളുമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ലാത്തവരും ആണ് ഭൂരിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും. മാനവിക വിഷയങ്ങളില്‍ പഠിക്കാത്ത വിദ്യാര്‍ഥികളിലേക്ക്, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട സാമൂഹിക സൈദ്ധാന്തികരെയും, ആശയങ്ങളെയും കുത്തിവെക്കുന്നത്തിന്റെ പ്രത്യാഘാതം വലുതാണ്. ഇവിടെ ഒരിക്കല്‍ പോലും വായനയിലൂടെയും അനുഭവങ്ങളിലൂടെയും ആരോഗ്യപരമായ സംവാദങ്ങളിലൂടെയും ശരിയായ തീരുമാനമെടുക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നില്ല തന്നെ. ഇത് കൃത്യമായ രാഷ്ട്രീയ സാമൂഹിക തീരുമാനങ്ങള്‍ എടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെയാണ് ഹനിക്കുന്നത്. അത് ഭാവിയിലേക്കുള്ള ഗുരുതര ഭീഷണി തന്നെയാണ്.

ഡല്‍ഹി യൂണിവേഴ്‌സിറ്റി പോലുള്ള ഇടങ്ങളില്‍ ഇന്ന് ഏറ്റവും ആവശ്യം തുറന്ന സ്‌പെസുകളാണ്. തങ്ങളുടെ സംശയങ്ങള്‍ ആശങ്കയില്ലാതെ ചോദിക്കാനും, ആത്മവിശ്വാസത്തോടെ അഭിപ്രായങ്ങള്‍ പറയാനുമുള്ള പൊതു ഇടങ്ങള്‍ എത്രത്തോളം പ്രാപ്യമാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക്? സംശയങ്ങള്‍ക്ക് സാധ്യത പോലും കൊടുക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഴുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ആശയപ്രശ്‌നങ്ങള്‍ക്ക് ഉത്തരം തെളിഞ്ഞു വരാനുള്ള സമയമെങ്കിലും ആവശ്യമാണ്. അതിന് പരസ്പരം സംസാരിക്കേണ്ടിയിരിക്കുന്നു.

 

ഓരോ അനുഭവങ്ങളും ഭീതിയാണ് വിതക്കുന്നത്. നമ്മുടെ അക്കാദമിക് ഇടങ്ങള്‍ എത്രത്തോളം സ്ത്രീവിരുദ്ധമാണെന്നും, നമ്മുടെ പെണ്‍കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണെന്നും ഉള്ള മൂര്‍ച്ചയേറിയ ചോദ്യങ്ങളാണ് അവ വിതക്കുന്നത്. ഇതൊക്കെ ‘ദൂരെ പഠിക്കാന്‍ പോയതിന്റെ കുഴപ്പമാണെന്നും’ ‘നിന്നു കൊടുത്തിട്ടല്ലേ’ എന്നും തുടങ്ങുന്ന മുടന്തന്‍ ന്യായങ്ങളല്ല ഇവിടെ ആവശ്യം. അത് ഇല്ലാതാക്കുക നമ്മുടെ കുഞ്ഞു പെണ്‍കുട്ടികള്‍ സ്വരുക്കൂട്ടി വെക്കുന്ന സ്വപ്നത്തെയാകും. ചുരുങ്ങി പോകുക അവരുടെ വിശാലമായ ലോകമാകും. അടഞ്ഞു പോകുക ഇനിയും യാത്ര ചെയ്യേണ്ടുന്ന പാതകളാണ്. ആ ഒരു പാത വെട്ടിതുറക്കാന്‍ പോന്ന ധീരമായ തുറന്നു പറച്ചിലുകളും എഴുത്തുകളും ഉണ്ടാവട്ടെ.

അനുഭവങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കട്ടെ. രാഷ്ട്രീയവും അറിവും പ്രണയവും സ്ത്രീശരീരങ്ങളെ ആക്രമിക്കാനുള്ള ആയുധമാക്കുന്നവര്‍ക്ക്, വളം വെച്ചു കൊടുക്കുന്നത് എന്താണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവിടുന്നാണ് ചര്‍ച്ചകള്‍ തുടങ്ങേണ്ടത്. ഓരോ അനുഭവങ്ങളും നല്‍കുന്നത് ഞെട്ടലുകള്‍ മാത്രമല്ല, നമ്മള്‍ എത്രമാത്രം ജാഗരൂകരാകേണ്ടതിയിരിക്കുന്നു എന്നതിന്റെ മുന്നറിയിപ്പാണ്. നമ്മുടെ ആണധികാര അക്കാദമിക് സ്‌പെസുകള്‍ പൊളിച്ചു മാറ്റേണ്ടിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ്.

ബെന്ന ഫാത്തിമ
ദല്‍ഹി സര്‍വകലാശാലയില്‍ ബി.എ സോഷ്യോളജി വിദ്യാര്‍ത്ഥിയാണ് ബെന്ന ഫാത്തിമ
Advertisement