എ.കെ. ആന്റണി മുഖ്യമന്ത്രി ആയതോടെ ആ മമ്മൂട്ടി ചിത്രത്തിന്റെ കഥയില്‍ മാറ്റം കൊണ്ടുവന്നു: നേമം പുഷ്പരാജ്
Film News
എ.കെ. ആന്റണി മുഖ്യമന്ത്രി ആയതോടെ ആ മമ്മൂട്ടി ചിത്രത്തിന്റെ കഥയില്‍ മാറ്റം കൊണ്ടുവന്നു: നേമം പുഷ്പരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 5:43 pm

രണ്‍ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു ദി കിംഗ്. 1995ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ജില്ലാ കളക്ടര്‍ ജോസഫ് അലക്‌സ് ഐ.എ.എസ് ആയാണ് മമ്മൂട്ടി എത്തിയത്.

അസിസ്റ്റന്റ് കലക്ടര്‍ അനുരാ മുഖര്‍ജി ഐ.എ.എസായി വാണി വിശ്വനാഥും ശക്തമായ വേഷം ചെയ്തിരുന്നു. ദീപാവലിയില്‍ റിലീസായി 200 ദിവസത്തിലധികം തിയേറ്ററുകളില്‍ ഓടുകയും ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുകയും ചെയ്ത ചിത്രം കൂടിയായിരുന്നു ദി കിംഗ്.

സിനിമയുടെ ആര്‍ട്ട് ഡയറക്ടറായിരുന്നത് നേമം പുഷ്പരാജ് ആയിരുന്നു. ഇപ്പോള്‍ ദി കിംഗ് സിനിമയുടെ കഥയില്‍ മാറ്റം വരുത്തേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നേമം പുഷ്പരാജ്.

ദി കിംഗ് ഒരു പൊളിറ്റിക്കല്‍ ചിത്രമായിരുന്നു. അന്ന് കരുണാകരന്‍ ആയിരുന്നു മുഖ്യമന്ത്രി. പക്ഷെ പിന്നീട് ഒരുപാട് രാഷ്ട്രീയ മാറ്റങ്ങള്‍ വന്നു. ലീഡറെ ഫോക്കസ് ചെയ്ത് കൊണ്ടുള്ള കഥ ആയിരുന്നു സിനിമ പറഞ്ഞു പോയത്.

ഇതിന്റെ ഇടയിലാണ് രാഷ്ട്രീയം മാറുന്നത്. അന്ന് വലിയ പ്രശ്‌നങ്ങളുണ്ടായി. രാഷ്ട്രീയ പ്രതിസന്ധികള്‍ വന്നു. ആ സാഹചര്യത്തില്‍ സ്‌ക്രിപ്റ്റിന്റെ കാര്യത്തില്‍ ഒരു നിശ്ചലാവസ്ഥയുണ്ടായി.

അന്ന് ഷെഡ്യൂള്‍ ബ്രേക്ക് ചെയ്യേണ്ടി വന്നു. രണ്‍ജി പണിക്കരായിരുന്നു ആ സിനിമയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. അടുത്ത ഷെഡ്യൂള്‍ തുടങ്ങുമ്പോഴേക്കും രാഷ്ട്രീയം കുറേ മാറിയിരുന്നു.

എ.കെ ആന്റണി മുഖ്യമന്ത്രിയായി. അതോടെ ദി കിംഗ് സിനിമയുടെ പിന്നീടുള്ള കഥയില്‍ മാറ്റമുണ്ടായി. ആദ്യ ഭാഗം തിരുവനന്തപുരത്തായിരുന്നു ഷൂട്ട്. രണ്ടാമത്തേത് കോഴിക്കോട് ആയിരുന്നു ഷൂട്ട് ചെയ്തത്,’ നേമം പുഷ്പരാജ് പറയുന്നു.


Content Highlight: Art Director Nemom Pushparaj Talks About The King Movie