ആർ.ജെ ബാലാജി യുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ഏറ്റവും പുതിയ തമിഴ്ചിത്രം ‘കറുപ്പ്’ നാളെ തിയേറ്ററുകളിലെത്തുമ്പോൾ നടിപ്പിൻ നായകൻറെ മറ്റൊരു വിജയചിത്രമായി കറുപ്പ് മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ചിത്രത്തിൽ സൂര്യയുടെ കറുപ്പ് എന്ന കഥാപാത്രത്തിന് ഒരു ദൈവീക പരിവേഷം ലഭിക്കുന്നതായാണ് ട്രെയിലറിൽ പറയുന്നത്. തമിഴ്‌നാട്ടുകാരുടെ ആരാധനാമൂർത്തിയായ ‘കറുപ്പ് സ്വാമി’യെയാണ് ചിത്രത്തിലുടനീളം പ്രമേയമാക്കിയിരിക്കുന്നത്.
130 കോടി ചെലവിട്ട് നിർമിച്ച ചിത്രത്തിന്റെ അണിയറയിൽ നിരവധി മലയാളികളുമുണ്ട്.
കറുപ്പ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന കറുപ്പ് സ്വാമിയുടെ വിഗ്രഹം കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്.
ആർട്ട് ഡയറക്ടർ അരുൺ വെഞ്ഞാറമൂട് ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് വിവരം പങ്കുവെച്ചത്.
‘സാധാരണയായി കേരളത്തിലേക്കുള്ള വിഗ്രഹങ്ങൾ ചെന്നൈയിൽ നിന്നാണ് കൊണ്ടുവരാറുള്ളത്. അവിടെയാണ് വിഗ്രഹങ്ങൾ നിർമിക്കുന്ന ഒട്ടേറെ കലാകാരന്മാരുള്ളത്. എന്നാൽ അവിടെ പോയി നോക്കിയപ്പോൾ ഞങ്ങൾക്ക് തൃപ്തി തോന്നിയില്ല. തുടർന്നാണ് പാലക്കാടുള്ള ക്ഷേത്രങ്ങളിലേക്ക് വിഗ്രഹങ്ങൾ നിർമിച്ചുനൽകുന്ന ഒരു സംഘത്തെ ഞങ്ങൾ കണ്ടെത്തിയത്.
പാലക്കാടുള്ള ശില്പികളെക്കൊണ്ട് ഒരൊറ്റ കല്ലിലാണ് ഈ വിഗ്രഹം കൊത്തിയെടുത്തത്. ഞങ്ങൾ തന്നെ രൂപകൽപ്പന ചെയ്ത ഒരു മുഖമാണ് ഇതിന് നൽകിയിരിക്കുന്നത്. 3 അടി ഉയരമുള്ള ശിൽപം 25 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ‘കറുപ്പ് സ്വാമി’യുടെ ഈ വിഗ്രഹം കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിചിരിക്കുകയാണ്. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തന്നെ അവർക്ക് കറുപ്പ് സ്വാമിയുടെ വിഗ്രഹം ആവശ്യമായിരുന്നു. കൃത്യസമയത്ത് തന്നെ സിനിമയുടെ ഷൂട്ടിംഗും പൂർത്തിയായി. അങ്ങനെ അത് അവിടേക്കു നൽകുകയായിരുന്നു’ അരുൺ പറഞ്ഞു.
നിരവധി മലയാളി താരങ്ങൾ കറുപ്പിൽ അണിനിരക്കുന്നുണ്ട്. ഇന്ദ്രൻസ്, സ്വാസിക വിജയ് ശിവദ, അനഘ രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ട്രെയ്‌ലറിന് ലഭിച്ച സ്വീകാര്യത തിയേറ്ററുകളിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
Content Highlight:Art Director Arun Venjaaramoodu talks about Idol made for karuppu movie