ഹൈദരാബാദിലെ ഫിലിം സിറ്റിയുടെ മിനി വേര്‍ഷന്‍ കൊച്ചിയിലോ സമീപ പ്രദേശങ്ങളിലോ തുടങ്ങാന്‍ സാധിക്കുകയാണെങ്കില്‍ വലിയ രീതിയില്‍ സിനിമ മേഖലയിലെ ചെലവ് കുറക്കാന്‍ സാധിക്കുമെന്ന് ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ ചാലിശ്ശേരി. മാഡിസം ഡിജിറ്റല്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മികച്ച കലാസംവിധായകനുള്ള കേരള സര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാരം നേടിയ അജയന്‍ തന്റെ ആശയം പങ്കുവെച്ചത്.
റാമോജി റാവു ഫിലിം സിറ്റി. photo: Trip advisor.com
ഹൈദരാബാദിലേത് പോലെ ഒരു ഫിലിം സിറ്റിയുടെ ആവശ്യം മലയാള സിനിമ ഇന്‍ഡസ്ട്രിക്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ ഹൈദരാബാദിലേത് പോലെ വലിയൊരു ഫിലിം സിറ്റിയുടെ അവശ്യം ഇല്ലെങ്കില്‍ പോലും അതിന്റെയൊരു മിനി വേര്‍ഷന്‍ കൊച്ചിയില്‍ ചെയ്ത് വച്ചാല്‍ നന്നായിരിക്കും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അത്തരത്തിലൊരു നടപടി ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. പൊലീസ് സ്‌റ്റേഷന്‍, ക്രിസ്ത്യന്‍ പള്ളികള്‍, റെയില്‍വേയുടെ ബോഗികള്‍, ഫ്‌ളൈറ്റിന്റെ ഇന്റീരിയര്‍ ഇവയെല്ലാം ഒരു വിധം എല്ലാ സിനിമകളിലും എന്തായാലും വരുന്നതാണ്.
ചില സ്ഥലത്തൊന്നും ചര്‍ച്ചുകള്‍ ഷൂട്ടിനായി തരില്ല, അതു പോലെ തന്നെയാണ് പൊലീസ് സ്‌റ്റേഷനും. ഏകദേശം പൊലീസ് സ്‌റ്റേഷനായി തോന്നിക്കുന്ന ഒരു ബില്‍ഡിങ് കിട്ടിയാല്‍ പിന്നീട് അത് സംവിധായകന്‍ ഉദ്ദേശിക്കുന്നത് പോലുള്ള സെറ്റ് അപ്പായി മാറ്റാന്‍ നമുക്ക് സാധിക്കും. ഒന്നുരണ്ടു ദിവസത്തേക്കുള്ള ഷൂട്ടിനായി ഒരു പൊലീസ് സ്റ്റേഷന്‍ സെറ്റിടുക എന്ന് പറഞ്ഞാല്‍ നിര്‍മാതാവിനെ സംബന്ധിച്ച് അത് നഷ്ടമാണ്’ അജയന്‍ പറഞ്ഞു.
ഇത്തരത്തിലുള്ള സെറ്റുകള്‍ ഇടാനുള്ള ബില്‍ഡുങ്ങുള്‍ക്ക് സൗകര്യം ചെയ്താല്‍ സിനിമ മേഖലക്ക് വലിയ ഉപകാരമായിരിക്കുമെന്നും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
55ാ മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌സില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആര്‍ട്ട് ഡയറക്ടറായിരുന്നു അജയന്‍ ചാലിശ്ശേരി. ചിത്രത്തില്‍ കൊടൈക്കനാലിലെ ഗുണ കേവിന്റെ സെറ്റിട്ടതിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ക്കിനാണ് മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം അജയന്‍ ചാലിശ്ശേരിക്ക് ലഭിക്കുന്നത്.
Content Highlight: art director ajayan chalissery talks about the need for a film city in cochin