'ആദ്യ ആറ് ഓവറില്‍ 50 വിക്കറ്റ്'; ഇവനൊരു വീരന്‍ തന്നെ!
Cricket
'ആദ്യ ആറ് ഓവറില്‍ 50 വിക്കറ്റ്'; ഇവനൊരു വീരന്‍ തന്നെ!
ഫസീഹ പി.സി.
Monday, 2nd February 2026, 2:34 pm

കിവീസിന് എതിരെയുള്ള അവസാനത്തെ ടി – 20 മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ താണ്ഡവത്തിനാണ് കാര്യവട്ടം സാക്ഷിയായത്. മത്സരത്തില്‍ ബാറ്റര്‍മാര്‍ മാത്രമല്ല ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്ങും തകര്‍ത്താടിയിരുന്നു.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി-20 മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് വിക്കറ്റ് നേടിയപ്പോള്‍, Photo: BCCI/x.com

കാര്യവട്ടത്ത് ഇന്ത്യയുടെ പ്രീമിയം ബൗളറായ ജസ്പ്രീത് ബുംറ വിക്കറ്റെടുക്കാന്‍ പാടുപ്പെട്ടപ്പോള്‍ അര്‍ഷ്ദീപ് കൈ നിറയെ വിക്കറ്റുകളാണ് വീഴ്ത്തിയത്. മത്സരത്തില്‍ അഞ്ച് വിക്കറ്റുകളാണ് ഇടം കൈയ്യന്‍ ബൗളര്‍ സ്വന്തമാക്കിയത്. ഇതടക്കം താരം പരമ്പരയില്‍ എട്ട് വിക്കറ്റുകളും വീഴ്ത്തി.

കിവീസിന് എതിരെ ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതും അര്‍ഷ്ദീപ് തന്നെയാണ്. 10.50 എക്കോണമിയിലാണ് താരം ലോകകകപ്പിന് മുന്നോടിയായായുള്ള ടൂര്‍ണമെന്റില്‍ പന്തെറിഞ്ഞത്.

ഈ പ്രകടനത്തോടെ അര്‍ഷ്ദീപ് ഒരു നേട്ടവും സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. താരം സ്വന്തമാക്കിയത് പവര്‍പ്ലേയില്‍ (ഒന്ന് മുതല്‍ ആറ് ഓവറുകള്‍) ഏറ്റവും കൂടുതല്‍ ടി – 20 വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന നേട്ടമാണ്. ഇന്ത്യന്‍ താരം ഭുവന്വേശ്വര്‍ കുമാറിനെ മറികടന്നാണ് ഫാസ്റ്റ് ബൗളര്‍ തലപ്പത്തെത്തിയത്.

അര്‍ഷ്ദീപ് സിങ്. Photo: Shebas/x.com

ഈ ലിസ്റ്റില്‍ അടുത്ത രണ്ട് സ്ഥാനങ്ങളില്‍ വരുന്നത് ന്യൂസിലാന്‍ഡ് ബൗളര്‍മാരായ ടിം സൗത്തിയും ട്രെന്റ് ബോള്‍ട്ടുമാണ്. ഇരുവരും ക്രിക്കറ്റില്‍ ഇപ്പോള്‍ സജീവമല്ല. 2024ല്‍ സൗത്തിയും ബൗള്‍ട്ടും ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

അര്‍ഷ്ദീപിന് പിന്നില്‍ രണ്ടാമതായുള്ള ഭുവനേശ്വറാവട്ടെ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ട് ഒരുപാട് കാലമായി. 2022ലാണ് താരം അവസാനമായി നീല കുപ്പായമണിഞ്ഞത്. ചുരുക്കി പറഞ്ഞാല്‍ ഈ നേട്ടത്തില്‍ മുന്നിലുള്ളവരില്‍ അര്‍ഷ്ദീപ് മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിട്ടുള്ളത്.

ഭുവനേശ്വര്‍ കുമാര്‍. Photo: Crictracker/x.com

ലോകകപ്പ് പടിവാതിലില്‍ നില്‍ക്കുമ്പോളാണ് അര്‍ഷ്ദീപിന്റെ ഈ പ്രകടനമെന്നതാണ് ശ്രദ്ധേയം. കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ടീമിന് താരത്തിന്റെ ഈ പ്രകടനങ്ങള്‍ മുതല്‍കൂട്ടാവുമെന്ന് ഉറപ്പ്.

പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ ടി – 20 വിക്കറ്റുകള്‍ (ഒന്ന് മുതല്‍ ആറ് ഓവറുകള്‍)

(താരം – ടീം – മത്സരങ്ങള്‍ – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

അര്‍ഷ്ദീപ് സിങ് – ഇന്ത്യ – 76 – 50

ഭുവനേശ്വര്‍ കുമാര്‍ – ഇന്ത്യ – 86 – 47

ടിം സൗത്തി – ന്യൂസിലാന്‍ഡ് – ന്യൂസിലാന്‍ഡ് – 126 – 45

ട്രെന്റ് ബോള്‍ട്ട് – ന്യൂസിലാന്‍ഡ് – 61 – 37

 

Content Highlight: Arshdeep Singh the record for the most Powerplay wickets in T20 cricket

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി