ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ മികച്ച വിജയം നേടി ആതിഥേയര്‍ 4-1ന് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 46 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ 225ന് പുറത്താവുകയായിരുന്നു. ലോക്കല്‍ ബോയ് സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ശേഷം അത് കൃത്യമായി ഡിഫന്‍ഡ് ചെയ്യുകയും ചെയ്തു.

സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് ബൗളിങ്ങില്‍ നിരയില്‍ ഇന്ത്യയ്ക്ക് കരുത്തായത്. തുടക്കത്തില്‍ അടി കിട്ടിയെങ്കിലും തുടര്‍ന്നങ്ങോട്ട് താളം വീണ്ടെടുത്ത അര്‍ഷ്ദീപ് കരിയറിലെ ആദ്യ ഫൈഫറുമായാണ് തിളങ്ങിയത്.

നാല് ഓവര്‍ പന്തെറിഞ്ഞ താരം 51 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ടീം സീഫെര്‍ട്ടിനെ (മൂന്ന് പന്തില്‍ അഞ്ച്) മടക്കിയായിരുന്നു അര്‍ഷ്ദീപ് വേട്ട ആരംഭിച്ചത്. ശേഷം രചിന്‍ രവീന്ദ്ര (17 പന്തില്‍ 30), ഡാരില്‍ മിച്ചല്‍ (12 പന്തില്‍ 26), ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (സില്‍വര്‍ ഡക്ക്), കൈല്‍ ജാമൈസണ്‍ (അഞ്ച് പന്തില്‍ ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് ഇടംകയ്യന്‍ പേസര്‍ പിഴുതെറിഞ്ഞത്.

അന്താരാഷ്ട്ര ടി-20 കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്‌തെങ്കിലും ഒരു മോശം നേട്ടവും അര്‍ഷ്ദീപിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും എക്‌സ്‌പെന്‍സീവ് ഫൈഫറിന്റെ അനാവശ്യ നേട്ടമാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

2023ല്‍ അല്‍സാരി ജോസഫ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കുറിച്ച എക്‌സ്‌പെന്‍സീവ് ഫൈഫറിന്റെ റെക്കോഡാണ് അര്‍ഷ്ദീപ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. ജോഹനാസ്‌ബെര്‍ഗില്‍ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിയാണ് ജോസഫ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

ടി-20ഐയിലെ എക്‌സ്‌പെന്‍സീവ് ഫൈഫറുകള്‍

(താരം – ടീം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

അര്‍ഷ്ദീപ് സിങ് – ഇന്ത്യ – ന്യൂസിലാന്‍ഡ് – 5/51 – തിരുവനന്തപുരം – 2026*

അല്‍സാരി ജോസഫ് – വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക – 5/40 – ജോഹനാസ്‌ബെര്‍ഗ് – 2023

ലുങ്കി എന്‍ഗിഡി – സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് – 5/39 – ബ്രിസ്റ്റോള്‍ – 2022

ജോഷ്വ റാസു – വന്വാട്ടു – പപ്പുവ ന്യൂ ഗിനി – 5/36 – വൈറ്റെല്‍ – 2019

ലസിത് മലിംഗ – ശ്രീലങ്ക – ഇംഗ്ലണ്ട് – 5/31 – പല്ലേക്കലെ – 2012

മത്സരത്തില്‍ അര്‍ഷ്ദീപിന് പുറമെ അക്‌സര്‍ പട്ടേലും പന്ത് കൊണ്ട് വിരുതുകാട്ടിയിരുന്നു. നാല് ഓവറില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. വരുണ്‍ ചക്രവര്‍ത്തിയും റിങ്കു സിങ്ങുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

 

Content Highlight: Arshdeep Singh set an unwanted record of most expensive 5 wicket haul in T20I cricket