ടി -20 ക്രിക്കറ്റില്‍ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതാണ് യുവതാരം അര്‍ഷ്ദീപ് സിങ്. കുട്ടി ക്രിക്കറ്റില്‍ 99 വിക്കറ്റുമായാണ് താരം മുന്നില്‍ നിന്ന് നയിക്കുന്നത്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഈ ഫോര്‍മാറ്റില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാനുള്ള സുവര്‍ണാവസരം താരത്തിനുണ്ട്. എന്നാല്‍, ഈ അപൂര്‍വ സെഞ്ച്വറി സ്വന്തമാക്കാനുള്ള താരത്തിന്റെ കാത്തിരിപ്പ് നീളുകയാണ്.
ഇന്ത്യന്‍ കുപ്പായത്തില്‍ അര്‍ഷ്ദീപ് കുട്ടി ക്രിക്കറ്റില്‍ അവസാനമായി ഇറങ്ങിയത് ഈ വര്‍ഷം ജനുവരിയിലാണ്. ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയായിരുന്നു അത്. പക്ഷേ, മികച്ച പ്രകടനം നടത്തിയിട്ടും പരമ്പരയില്‍ താരത്തിന് മൂന്ന് മത്സരത്തില്‍ മാത്രമാണ് ടീമില്‍ സ്ഥാനം ലഭിച്ചിരുന്നുള്ളൂ.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം രണ്ട് വിക്കറ്റും രണ്ടാം മത്സരത്തില്‍ ഒരു വിക്കറ്റും നേടിയിരുന്നു. പിന്നാലെ മൂന്നാം മത്സരത്തില്‍ അര്‍ഷ്ദീപ് ടീമിന് പുറത്തായി. നാലാം മത്സരത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ താരം ഒരു വിക്കറ്റും സ്വന്തമാക്കി. എന്നാല്‍, അടുത്ത മത്സരത്തിലും താരത്തിന് പുറത്തിരിക്കേണ്ടി വന്നു.
ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഈ ഫോര്‍മാറ്റില്‍ കളിച്ച ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിലും താരത്തിന് അവസരം ലഭിച്ചില്ല. യു.എ.ഇ ക്കെതിരെ നടന്ന മത്സരത്തില്‍ താരത്തിന് പുറത്തിരിക്കാനായിരുന്നു വിധി. എന്നാല്‍, ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തില്‍ താരം ടീമിലേക്ക് തിരിച്ചെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം, ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ ടി – 20യില്‍ ഇറങ്ങിയതിന് ശേഷം താരത്തിന് ഒരു ഫോര്‍മാറ്റിലും അധികം അവസരം ലഭിച്ചിട്ടില്ലെന്നാണ് ശ്രദ്ധേയം. ടി – 20 പരമ്പരയ്ക്ക് ശേഷം നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഒന്നില്‍ മാത്രമേ താരത്തിന് അവസരം ലഭിച്ചുള്ളൂ. അതില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും പിന്നാലെത്തിയ ചാമ്പ്യന്‍സ് ട്രോഫിയിലും പുറത്തിരിക്കാനായിരുന്നു വിധി.
ജൂണില്‍ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും അര്‍ഷ്ദീപ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നു. റെഡ് ബോളില്‍ ഇടം കൈയ്യന്‍ ബൗളറുടെ അരങ്ങേറ്റത്തിന് കാത്തിരുന്ന ആരാധകര്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടായില്ല. അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും താരത്തിന് കളിക്കാനായില്ല.
ഏഷ്യ കപ്പില്‍ ഇന്ത്യയുടെ പാകിസ്ഥാനുമായുള്ള ടീമില്‍ ഇടം പിടിക്കാനായാല്‍ അര്‍ഷ്ദീപിന് അപൂര്‍വ സെഞ്ച്വറി നേട്ടത്തിലെത്താന്‍ സാധിച്ചേക്കും. അതിന് സാധിച്ചാല്‍ ടീമില്‍ തനിക്ക് ഒരു സ്ഥിര സ്ഥാനം ഉറപ്പിക്കാനും താരത്തിനാവും.
Content Highlight: Arshdeep Singh have 99 wickets in T20I for India; will he feature in Asia cup second match